കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗവ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ക്രമാതീതമായ വര്‍ധനവാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. പോസിറ്റീവ് സ്ഥിരീകരിക്കുന്നവരില്‍ രോഗലക്ഷണമുള്ള കേസുകളുടെ എണ്ണം കൂടുന്നുണ്ട്. ജില്ലയിലെ ആശുപത്രികള്‍ക്ക് ഉള്‍കൊള്ളാവുന്നതിലുമധികം രോഗബാധിതരുണ്ടാവുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും കളക്ടര്‍ പറഞ്ഞു.
പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് അപകടസാധ്യത വളരെയധികം വര്‍ധിച്ചിട്ടുണ്ട്. കോവിഡ് കേസുകളുടെ കുതിച്ചുകയറ്റം തടയാന്‍ എല്ലാവരും സ്വയം തയ്യാറാവുകയും കോവിഡ് മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് കളക്ടര്‍ അറിയിച്ചു. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുകയും പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യണം.
പ്രായമായവരും മറ്റ് രോഗബാധയുള്ളവരും വീട്ടില്‍ തന്നെ സുരക്ഷിതരായി ഇരിക്കുക, അനാവശ്യ യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക, രണ്ട് ലെയര്‍ തുണി മാസ്ക് എപ്പോഴും ഉപയോഗിക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക, രോഗലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക, കൃത്യസമയത്ത് വൈദ്യസഹായം തേടുക എന്നിവ നിര്‍ബന്ധമായും പാലിക്കണം. ഓരോ വാര്‍ഡിലും ചെറിയ സോണുകളിലായി 20 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ജാഗ്രത കമ്മ്യൂണിറ്റികള്‍ രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: