കോഴിക്കോട്: പട്ടര്‍പാലം എലിയറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്ത കനുമായ കെ.കെ. ഷാജിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് അക്രമത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ എലിയറ മല സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധയോഗം ആവശ്യപ്പെട്ടു.
കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അക്രമം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും രണ്ടു എസ്ഡിപിഐ ക്കാരായ പ്രതികളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഖ്യആസൂത്രകനായ ഒരാള്‍ കേസില്‍ പ്രതിയാകും മുമ്പ് ജാമ്യം നേടിയ സംഭവം വളരെ ഗൗരവമുള്ളതാണ്.
ഈ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സഹായിച്ച സംസ്ഥാന ഇന്റലിജന്‍സിലെ രണ്ട് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു. എലിയറമലയിലെ ചെങ്കല്‍ ഖനനത്തിനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കണമെന്നും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളും ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. പ്രകാശന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീന സുരേഷ്, ഇ.പി. രത്‌നാകരന്‍, കെ. രവീന്ദ്രന്‍, ടി. വേണുഗോപാലന്‍ നായര്‍, സി.പി. സതീഷ്, കെ. ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. മിനീഷ്, ടി. ശ്രീരാജ്, സി. മനേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: