പരവൂര്‍: ഇരിപ്പയെ ഇത്രകാലം കാത്തത് കൂനയില്‍ ആയിരവില്ലിക്കാവിലെ ഭക്തര്‍. നൂറ്റാണ്ടുകളുടെ പഴക്കമോ പാരമ്പര്യമോ അറിഞ്ഞല്ല കാവിലിപ്പയെന്ന ഇരിപ്പയ്‌ക്ക് അവര്‍ കാവലായത്. എന്നാല്‍ പുതിയ കണ്ടെത്തലിന്റെ പേരില്‍ കാവിന്റെ ജൈവവൈവിധ്യം തകര്‍ക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് അവരുടെ സംശയം.
ഇരിപ്പയുടെ തൈകള്‍ കണ്ടെത്തി എന്ന പ്രചരണമാണ് പ്രശ്നമാകുന്നത്. ഇക്കാലമത്രയും ക്ഷേത്രസന്നിധിയില്‍ തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന ഇരിപ്പയ്‌ക്ക് നൂറ്റി എഴുപത് ലിറ്റര്‍ ദാഹജലം നല്‍കണമെന്നാണ് വാദം. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാളിതുവരെ ക്ഷേത്രഭാരവാഹികളോ ഭക്തജനങ്ങളോ ഈ വൃക്ഷത്തിന് ‘ദാഹജലം’ നല്‍കുന്ന പതിവില്ല.
ക്ഷേത്രആചാരങ്ങളുടെ ഭാഗമായി ഈ ക്ഷേത്രത്തില്‍ പത്ത് വയസിന് മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ഈ കാവിനുള്ളില്‍ കൂടി വഴി വെട്ടുവാനുള്ള ഒരു ശ്രമവും നേരത്തെ ഉണ്ടായിരുന്നു. ഭക്തരുടെ എതിര്‍പ്പ് മൂലം അത് നടന്നില്ല. ഇരിപ്പ വൃക്ഷത്തെ സംരക്ഷിക്കുന്നതിനായി ക്ഷേത്ര ഭാരവാഹികള്‍ അപേക്ഷ സമര്‍പ്പിക്കണം എന്നാണ് പുതിയ സമ്മര്‍ദ്ദം. ആയിരവില്ലി മഹാദേവന്റെ തിരുമുന്നില്‍ ഇനിയും നൂറ്റാണ്ടുകളോളം ഒരു സംരക്ഷണവും ഇല്ലാതെ കാവിലിപ്പ തഴച്ച് വളര്‍ന്ന് തണല്‍ പരത്തി നില്‍ക്കുമെന്ന ആത്മവിശ്വാസത്തിലാണ് പക്ഷേ ഭക്തജനങ്ങള്‍.
പഴക്കം മുന്നൂറിലേറെ വര്‍ഷം
മുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള ഇരിപ്പ എന്ന വൃക്ഷമാണ് ക്ഷേത്രസന്നിധിയില്‍ നില്‍ക്കുന്നതെന്നറിയാതെയാണ് കമ്മിറ്റിക്കാര്‍ മരത്തിന് ചുറ്റും പാര്‍ശ്വഭിത്തികള്‍ കെട്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ സംരക്ഷണം ഒരുക്കി. ശ്രീപാര്‍വതീദേവിയുടെയും പുറ്റിങ്ങല്‍ ദേവിയുടെയും സാന്നിദ്ധ്യം ഇരിപ്പയുടെ ചുവട്ടില്‍ ഉണ്ടെന്ന് ഭാരവാഹികള്‍ പറയുന്നു. പാലോട് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകരായ എസ്. ശൈലജകുമാരി, ഇ.എസ്. സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘം കേരളത്തിലെ കാവുകളിലെ വൃക്ഷങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനിടയിലാണ് ആയിരവില്ലികാവിലെ ഈ അപൂര്‍വവൃക്ഷത്തെ തിരിച്ചറിഞ്ഞത്. നെതര്‍ലന്‍ഡിലെ പി. ഗോയന്‍ എന്ന സസ്യ ശാസ്ത്രജ്ഞനാണ് ഇരിപ്പക്ക് മധുക്ക ഡി പ്ലോസ്റ്റിമന്‍ എന്ന പേര് നല്‍കിയത്.
ജില്ലയിലെ തന്നെ ഏറ്റവും വിസ്തൃതി കുറഞ്ഞ നഗരസഭയായ പരവൂരില്‍ മാത്രം ഇരുന്നൂറില്‍പ്പരം ക്ഷേത്രങ്ങളും സര്‍പ്പക്കാവുകളുമുണ്ട്.. ഒരു കാലത്ത് നാടിന്റെ മുക്കിലും മൂലയിലും വരെ കാണപ്പെട്ടിരുന്ന പല വൃക്ഷങ്ങളും അത്യപൂര്‍വ്വങ്ങളായ ഔഷധസസ്യങ്ങളും ഇന്ന് കാണാനില്ല. ശേഷിക്കുന്നത് കാവുകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: