തൊടുപുഴ : ഇടുക്കി സംഭരണിയിലെ ജല നിരപ്പ് 2390.16 അടിയിലെത്തിയതിനാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 86.03 ശതമാനമാണ് ജലശേഖരം. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ 20ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും, 2397.85 അടിയിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ തുറക്കും. അനുവദനീയമായ പരമാവധി സംഭരണശേഷി 2403 അടിയാണ്. ആദ്യഘട്ട അലർട്ട് പ്രഖ്യാപിച്ചതിനാൽ ചെറുതോണി അണക്കെട്ടിൽ കൺട്രോൾ തുറന്നു. ഫോൺ: 9496011994.
കൊറോണയുടെ പശ്ചാത്തലത്തിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞതാണ് ഇടുക്കി സംഭരണി നിറയുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. ഇതിനൊപ്പം മഴ തുടർന്നതും ചെറിയ സംഭരണികൾ തുടർച്ചയായി നിറഞ്ഞതും തിരിച്ചടിയായി. ഇതോടെ വലിയ സംഭരണിയായ ഇടുക്കിയിലെ ഉത്പാദനം കുറച്ചു നിർത്തുകയായിരുന്നു. മാസങ്ങളായി ശരാശരി മൂന്ന്- 5 മില്യൻ യൂണിറ്റിനും ഇടയിലാണ് മൂലമറ്റത്ത് വൈദ്യുതി നിലയത്തിലെ ശരാശരി ഉത്പാദനം.
കഴിഞ്ഞമാസം ഇരുപതാം തീയതിയോടെ സംഭരണിയിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ പിന്നിട്ടിരുന്നു. എന്നാൽ മഴ കുറവായതിനാൽ അലർട്ട് പ്രഖ്യാപിക്കേണ്ടത് തീരുമാനിക്കുകയായിരുന്നു. നിലവിൽ മഴ കൂടിയതാണ് മുന്നറിയിപ്പ് നൽകാൻ കാരണം. ഇതിനൊപ്പം സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിലും വർധനവുണ്ട്. 2018ലെ പ്രളയകാലത്ത് ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ആഴ്ചകളോളം ഉയർത്തി വച്ചിരുന്നു. ഇനി തുലാമഴ കൂടി വരാനിരിക്കെ അണക്കെട്ട് തുറക്കേണ്ടി വരും എന്നാണ് നിഗമനം.
എന്നാൽ വൈദ്യുതി വിറ്റ് ജലനിരപ്പ് താഴ്‌ത്താൻ ഉള്ള ശ്രമവും നിലവിൽ നടക്കുന്നുണ്ട്. കാര്യമായ ലാഭം ഉണ്ടായില്ലെങ്കിലും വെള്ളം പാഴാക്കേണ്ട എന്നാണ് തീരുമാനം. വൈദ്യുതി വാങ്ങാൻ ആൾ എത്തിയാൽ പവർഗ്രിഡ് വഴി വിൽപ്പനയ്‌ക്ക് വയ്‌ക്കും. ഇതിന്റെ ഭാഗമായി കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് ചേരും. ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും അടിയന്തര യോഗത്തിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: