പത്തനാപുരം: നന്മ നിറഞ്ഞ പ്രവൃത്തിയിലൂടെ സമൂഹത്തിനാകെ വീണ്ടും മാതൃകയായി മാറുകയാണ് മലയാളിയുടെ സ്വന്തം വാവാ സുരേഷ്. പത്തനാപുരം മാങ്കോട് പാമ്പുകടിയേറ്റ് മരണപ്പെട്ട ആദിത്യയെന്ന പത്തുവയസുകാരിയുടെ കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയാണ് വാവയുടെ ഇടപെടലിലൂടെ.
മലപ്പുറത്തുളള പ്രവാസി സുഹ്യത്തുക്കള്‍ തനിക്ക് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ ഭവനം സ്നേഹപൂര്‍വ്വം നിരസിച്ചുകൊണ്ട് അത് ആദിത്യയുടെ കുടുംബത്തിന് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എത്രയും വേഗം നിര്‍മാണം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. പത്തനാപുരം മാങ്കോട്ടെ അംബേദ്ക്കര്‍ ഗ്രാമത്തിലുളള ആദിത്യയുടെ വീട്ടിലെത്തിയ വാവാ സുരേഷ് കുട്ടിയുടെ മാതാപിതാക്കളായ രാജീവിനെയും സിന്ധുവിനെയും ആശ്വസിപ്പിച്ചു.
കഴിഞ്ഞ ശനിഴ്ചയാണ് അനുജത്തിക്കൊപ്പം തറയില്‍ കിടന്നുറങ്ങുകയായിരുന്ന ആദിത്യയുടെ ചെവിയില്‍ പാമ്പ് കടിയേല്‍ക്കുന്നത്. ചികിത്സയിലിരിക്കെ ഒരുദിവസത്തിന് ശേഷം മരണം സംഭവിച്ചു. മണ്‍കട്ട കൊണ്ടു പണിത കുഞ്ഞുവീട്ടിലായിരുന്നു എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ താമസം. തറയും ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്ന വീടിന്റെ മുകള്‍ഭാഗത്ത് പ്ലാസ്റ്റിക് ടാര്‍പ്പ കെട്ടിയ നിലയിലാണ്. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ് വീട്. തറയിലെ മാളത്തില്‍ ഒളിച്ചിരുന്ന ശംഖുവരയന്‍ പാമ്പാണ് കുട്ടിയെ കടിച്ചത്.
ആദിത്യയുടെ അമ്മ സിന്ധു പല തവണ വീടിന് അപേക്ഷിച്ചിരുന്നെങ്കിലും പല സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പട്ടികജാതി കുടുംബത്തിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു. പിഞ്ചുബാലികയുടെ മരണം തനിക്ക് ഏറെ വിഷമമുണ്ടാ ക്കിയതായി വാവാ സുരേഷ് ‘ജന്മഭൂമി’യോട് പറഞ്ഞു. നിര്‍ധനകുടുംബത്തെ സഹായിക്കാന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അദ്ദേഹം സഹായം അഭ്യര്‍ഥിച്ചു. ലോക് ഡൗണ്‍ കാലത്തും വാവയ്ക്ക് വിശ്രമമില്ലായിരുന്നു. പാമ്പ് പിടിത്തത്തിനൊപ്പം തന്നെ ദിവസേന നൂറുകണക്കിന് നിര്‍ധനര്‍ക്കാണ് അദ്ദേഹം കൈത്താങ്ങായത്. ആരെങ്കിലും പട്ടിണിയിലാണെന്ന് അറിഞ്ഞാല്‍ ഭക്ഷണസാധനങ്ങളുമായി ഓടിയെത്തും ഈ മനുഷ്യസ്നേഹി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: