തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനപ്രതിയായ സ്വപ്‌ന സുരേഷിനെ വിശ്വസിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി ആദ്യം എക്‌സ്‌ക്ലൂസിവായി റിപ്പോര്‍ട്ട് ചെയ്തത് ജന്മഭൂമിയാണ്. ഇതിനെ ആധാരമാക്കി മറ്റു ചാനലുകളും പത്രങ്ങളും വാര്‍ത്തകളും ചര്‍ച്ചകളും കേരളത്തില്‍ സംഘടിപ്പിക്കുകയാണ്. പിന്നാലെ ബി ജെ പി പ്രസിഡന്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്നു. പതിവുപോലെ കോണ്‍ഗ്രസ്സും അത് ആവര്‍ത്തിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
ഒരു രാഷ്‌ട്രീയ പാര്‍ടിയും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തില്‍ യു ഡിഎഫും ബിജെപിയും സ്വീകരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദവാക്യം. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇരുകൂട്ടരും സമരം നടത്തുന്നത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുഖ്യപ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴി ‘ജന്മഭൂമി’ പുറത്തു വിട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് നുണകളെന്ന് തെളിഞ്ഞിരുന്നു. . സ്വപ്നയെ അറിയില്ല, സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് അറിയില്ല തുടങ്ങി മുഖ്യമന്ത്രി ഇതുവരെ പറഞ്ഞതെല്ലാം പൊളിഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി വഴിയാണെന്നാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിയുടെ വീട്ടിലെ സ്വകാര്യ കൂടിക്കാഴ്ചകളാണ് എല്ലാ ആസൂത്രണങ്ങളുടേയും കേന്ദ്രമെന്നും വന്നതോടെ ചോദ്യങ്ങള്‍ക്ക് ഇനി മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും.
ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് എന്തു മറുപടി പറയും എന്നതാണ് ഇനി പ്രധാനം. സ്വപ്നയുടെ മൊഴി പുറത്തു വന്നതോടെ സിപിഎമ്മും പ്രതിരോധത്തിലായി. ഇന്നലെ വാര്‍ത്താ ചാനലുകള്‍ ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ക്ഷണിച്ചിട്ടും പങ്കെടുക്കാതെ സിപിഎം നേതാക്കള്‍ ഒഴിഞ്ഞുമാറി.
സംശയദൂരീകരണത്തിന് ഏത് ഏജന്‍സിയും ഓഫീസിലേക്ക് വരട്ടെ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം. സ്വര്‍ണക്കടത്ത് കസ്റ്റംസ് കണ്ടെത്തിയപ്പോള്‍ അന്വേഷിക്കാന്‍ ഏത് ഏജന്‍സിയും വരട്ടെ എന്ന് സ്വാഗതം ചെയ്ത് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതിയ അനുഭവം മുന്‍നിര്‍ത്തിയാണിത്. ഭരണമുന്നണിയിലേയും സിപിഎമ്മിലേയും നേതാക്കള്‍ ഈ ചോദ്യം പങ്കുവയ്‌ക്കുന്നു.
കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ നല്‍കിയ മൊഴിയില്‍ യുഎഇ കോണ്‍സല്‍ ജനറലുമായി ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകളെക്കുറിച്ച് പറയുന്നുണ്ട്. ‘ജന്മഭൂമി’യാണ് ഈ മൊഴി ആദ്യം പുറത്തു വിട്ടത്. മുഖ്യമന്ത്രി ആവര്‍ത്തിച്ച് നിഷേധിക്കുന്നെങ്കിലും എന്നെ മുഖ്യമന്ത്രിക്ക് 2017 മുതല്‍ അറിയാമായിരുന്നുവെന്ന് സ്വപ്ന വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയിലും സ്വപ്നയെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക