മൂന്നാര്‍: 7 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സൂര്യനെല്ലിയിലെ കയ്യേറ്റ ഭൂമി തിരികെ പിടിക്കാന്‍ ജില്ലാ ഭരണകൂടത്തിന് ആയത്. 2017 ഏപ്രില്‍ 19ന് പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ച് നീക്കി 50 ഏക്കര്‍ കയ്യേറ്റം ഏറ്റെടുത്തതിന് പിന്നാലെയുള്ള വലിയ നടപടി കൂടിയാണിത്.
സൂര്യനെല്ലിയില്‍ മാറി മാറി വന്ന ഉദ്യോഗസ്ഥരെ കബളിപ്പിച്ചും പല കാരണങ്ങള്‍ പറഞ്ഞും കയ്യേറ്റക്കാര്‍ നടപടി നീട്ടികൊണ്ട് പോകുകയായിരുന്നു. 2013ല്‍ അന്നത്തെ തഹസില്‍ദാര്‍ ആണ് പട്ടയം വ്യാജമെന്ന് കണ്ടെത്തി ആദ്യം നടപടി എടുത്തത്.
പിന്നാലെ ജിമ്മി ഹൈക്കോടതിയെ സമീപിക്കുകയും സബ് കളക്ടറുടെ തീരുമാനത്തിന് കേസ് വിടുകയുമായിരുന്നു. പിന്നാലെ രേഖകള്‍ ഹാജരാക്കാന്‍ സമയം തേടിയും ഹിയറിങ്ങിന് ഹാജരാകാതെയും വര്‍ഷങ്ങള്‍ കടന്നുപോയി. തുടരെയുള്ള സബ് കളക്ടര്‍മാരുടെ മാറ്റവും നടപടിക്ക് തിരിച്ചടിയായി. മുമ്പിരുന്ന സബ് കളക്ടറുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിലവിലെ ഉദ്യോഗസ്ഥന് ശക്തമായ നടപടിക്ക് ഉത്തരവിട്ടത്. ഇതാണ് കയ്യേറ്റക്കാരന് അവസാനം കൂച്ചുവിലങ്ങായത്.
പാപ്പാത്തിചോലയില്‍ കയ്യേറ്റം നടത്തിയത് ജിമ്മിയുടെ ജേഷ്ഠനായിരുന്നു. ഈ സംഭവത്തില്‍ നടപടി വന്നത് ജന്മഭൂമി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കൈയേറ്റ ഭൂമിയിലെ കുരിശ് നീക്കി നടപടി എടുത്തതിന് അന്ന് മുഖ്യമന്ത്രി പിണറായി വിജയന് പോലും വിമര്‍ശിച്ചിരുന്നു. കൈയേറ്റക്കാര്‍ക്ക് അനുകൂലമായി പിന്നാലെ തന്നെ അന്നത്തെ സബ് കളക്ടറെയും സ്ഥാനത്ത് നിന്ന് നീക്കി.
കൈയേറ്റത്തിന് കുട പിടിക്കുന്ന ഇടത് സര്‍ക്കാര്‍ നിലപാടാണ് മൂന്നാര്‍ മേഖലയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരാന്‍ കാരണമാകുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തില്‍ നൂറ് കണക്കിന് ഹെക്ടര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ചിരിക്കുന്നത്. ചിന്നക്കനാലില്‍ 70 ഏക്കര്‍ ഭൂമി ഇതേ കുടുംബം കൈയേറി മറിച്ച് വിറ്റതുമായി ബന്ധപ്പെട്ട് നിലവില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: