ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വെള്ളൂക്കുന്നേല്‍ കുടുംബം അനധികൃതമായി കൈവശം വെച്ചിരുന്ന സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയും കെട്ടിടങ്ങളും റവന്യൂ സംഘം തിരിച്ച് പിടിച്ചു. നടപടി ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന്.
ഇന്ന് ഉടമസ്ഥന്‍ കോടതിയെ സമീപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അവധി ദിവസമായിട്ടും ഞായറാഴ്ച ഭൂമി ഏറ്റെടുക്കാന്‍ അടിയന്തര നടപടി വന്നത്. പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 60 പോലീസുകാര്‍ ഉള്‍പ്പെടെ നൂറോളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് ഭൂമി ഏറ്റെടുക്കാനായി ഇന്നലെ രാവിലെ സ്ഥലത്തെത്തിയത്. ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നടപടി.
വെള്ളൂക്കുന്നേല്‍ ജിമ്മി സഖറിയ കൈവശം വെച്ചിരുന്ന 9.015 ഏക്കറില്‍ 5 ഏക്കര്‍ ഭൂമിയാണ് കണ്ടുകെട്ടിയത്. റോഡിന്റെ ഇരുവശത്തുമായുള്ള ആനയിറങ്കല്‍ ക്യാമ്പ്, കലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാമ്പ് എന്നിവയും ഇവിടെയുള്ള കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച ഒരു വീടും, 14 ടെന്റുകളും താല്‍ക്കാലിക ഷെഡ്ഡുകളും പിടിച്ചെടുത്ത സ്ഥലത്ത് ഉള്‍പ്പെടും. കെട്ടിടത്തിന്റെ ഡോറില്‍ നോട്ടീസ് പതിച്ചു. പിന്നാലെ ഗെയിറ്റിലെ താഴ് അറത്തുമാറ്റി പുതിയത് സ്ഥാപിച്ചു. കലിപ്‌സോ അഡ്വഞ്ചേഴ്‌സിന് മുന്നിലായി സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു. ഗെയിറ്റിനുള്ളില്‍ ജിമ്മിയുടെ ഒരു ആഡംബര കാറും കിടപ്പുണ്ട്. ഇയാളെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും എടുക്കാന്‍ തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജിമ്മി സഖറിയ തന്റെ ഭൂമിയെന്ന് അവകാശപ്പെട്ട സ്ഥലങ്ങളുടെ നാല് പട്ടയങ്ങളാണ് ഹാജരാക്കിയത്. ഇതില്‍ മൂന്നും വ്യാജമാണെന്നും ഉള്ള ഒരു പട്ടയത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പുറംമ്പോക്കായ ഭൂമി കയ്യേറിയിരുന്നതെന്നും കണ്ടെത്തി. ഈ പട്ടയ സ്ഥലം ഇവിടെ നിന്ന് അരകിലോ മീറ്ററോളം അകലെയാണ്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, എല്‍ആര്‍ തഹസില്‍ദാര്‍ കെ.എസ്. ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഗോപകുമാര്‍, കൃഷ്ണകുമാര്‍, മൂന്നാര്‍ എഎസ്പി സ്വപ്‌നില്‍ മഹാജന്‍ എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.
എല്‍ആര്‍ തഹസില്‍ദാര്‍ ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് സബ് കളക്ടര്‍ക്ക് നല്‍കും. ഇത് ലഭിച്ചാല്‍ ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കുമെന്ന് സബ് കളക്ടറും പറഞ്ഞു. ഇതിനൊപ്പം കൈയേറ്റം സംബന്ധിച്ചുള്ള ജിമ്മിക്കെതിരായ കേസും മുന്നോട്ട് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: