Categories: Kerala

റഹീമിന്റേയും റിയാസിന്റേയും രാജേഷിന്റേയും ന്യായീകരണ ക്യാപ്‌സൂള്‍ കേട്ട് ജനങ്ങള്‍ കളിയാക്കുന്നു; ചാനല്‍ ചര്‍ച്ചകളില്‍ ഇനി പങ്കെടുക്കേണ്ടെന്ന് സിപിഎം

പല ചര്‍ച്ചകളിലും അവതാരകരായ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ നേതാക്കള്‍ കുഴങ്ങിയിരുന്നു. ഇതു പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. സോഷ്യല്‍മീഡിയയില്‍ ഇത്തരം നേതാക്കളുടെ പല പ്രകടനങ്ങളും ട്രോള്‍ രൂപത്തില്‍ വൈറലുമാണ്. ഇതോടെയാണ് പുതിയ തീരുമാനം.

Published by

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ബിനീഷ് കോടിയേരി കേസ് എന്നീ വിവാദവിഷയങ്ങളില്‍ ഇനി ഒരു ചാനലിലും ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് സിപിഎം തീരുമാനം. നേരത്തേ, ഏഷ്യാനെറ്റ് ന്യൂസിനെ മാത്രമാണ് സിപിഎം ബഹിഷ്‌കരിച്ചതെങ്കില്‍ ഇപ്പോള്‍ ഒരു ചാനലിലും ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചയ്‌ക്കു പോകേണ്ടെന്നും വെള്ളിയാഴ്ച ചേര്‍ന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വിവാദവിഷയങ്ങളില്‍ ചാനലുകളില്‍ സ്ഥിരമായി ന്യായീകരണവുമായി എത്തിയിരുന്നത് സിപിഎം നേതാക്കളായ എ.എ. റഹീം, എം.സ്വരാജ്, എം.ബി. രാജേഷ്, എന്‍.എം. കൃഷ്ണദാസ് എന്നിവരായിരുന്നു. പല ചര്‍ച്ചകളിലും അവതാരകരായ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ നേതാക്കള്‍ കുഴങ്ങിയിരുന്നു. ഇതു പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. സോഷ്യല്‍മീഡിയയില്‍ ഇത്തരം നേതാക്കളുടെ പല പ്രകടനങ്ങളും ട്രോള്‍ രൂപത്തില്‍ വൈറലുമാണ്. ഇതോടെയാണ് പുതിയ തീരുമാനം.

മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നുവെന്നു വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ പുതിയ ന്യായീകരണം. ചാനല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി പ്രതിനിധികളെ പാര്‍ട്ടി സെന്ററില്‍നിന്നു നിശ്ചയിച്ചു നിയോഗിക്കുന്ന രീതിയാണു സിപിഎം പിന്തുടരുന്നത്.

ഒരേ വിഷയം തന്നെ ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ പങ്കെടുക്കേണ്ടെന്നാണു തീരുമാനമെന്നു നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ചാനലുകളിലെ മറ്റു ചര്‍ച്ചകളില്‍ പങ്കെടുക്കും. കേസുകളില്‍ പ്രധാന വഴിത്തിരിവുകളുണ്ടായാലോ എന്നാരാഞ്ഞപ്പോള്‍ അത് ആ ഘട്ടത്തില്‍ ആലോചിക്കാമെന്നാണ് സിപിഎം തീരുമാനം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: cpmchannel