ഇടുക്കി: വ്യാജരേഖ ചമച്ച് വെള്ളൂക്കുന്നേല്‍ കുടുംബം ചിന്നക്കനാലില്‍ കൈയേറിയ 9.015 ഏക്കര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ്. യഥാര്‍ത്ഥ പട്ടാടയ ഭൂമിയില്‍ നിന്നും മാറി കൈവശംവെച്ച ഭൂമി അടക്കം നാല് ഇടത്താണ് കയ്യേറ്റം കണ്ടെത്തിയത്.
സൂര്യനെല്ലിയിലെ കാലിപ്സോ അഡ്വഞ്ചേഴ്സ് ക്യാമ്പ് സ്ഥിതിചയ്യുന്ന 3.5 ഏക്കര്‍ ഭൂമി ഉള്‍പ്പെടെയാണ് ഉടന്‍ തിരിച്ച് പിടിക്കാന്‍ ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉത്തരവിറക്കിയത്.
2017ല്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇതേ കുടുംബം കയ്യേറിയ പാപ്പാത്തിച്ചോലയിലെ കൈയേറ്റം റവന്യൂ വകുപ്പ് തിരികെ പിടിച്ചിരുന്നു. അന്ന് കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചു നീക്കി കൃത്യമായി നടപടിയെടുത്ത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പോലും വിമര്‍ശിച്ചിരുന്നു.
സൂര്യനെല്ലിയിലെ സ്ഥിരതാമസക്കാരനായ ജിമ്മി സഖറിയ ആണ് വ്യാജ പട്ടയം ചമച്ച് ഭൂമി കൈയേറിയത്. ടൂറിസത്തിന് വേണ്ടി വന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജമായി പട്ടയം നിര്‍മ്മിച്ച സ്ഥലം കയ്യേറുക ആയിരുന്നു.
നാല് പട്ടയങ്ങള്‍ ആണ് പരിശോധനയ്ക്ക് വിധേയമായത്. ഇതില്‍ ചിന്നക്കനാല്‍ വില്ലേജിലെ 3542 നമ്പര്‍ തണ്ടപ്പേരില്‍ പെട്ട എല്‍എ203/78, എല്‍എ185/77, എല്‍എ121/77 എന്നീ 3 പട്ടയങ്ങളും വ്യാജമാണെന്ന് കണ്ടെത്തി. ജിമ്മി സഖറിക്ക് പ്രമാണ പ്രകാരം ലഭിച്ച എല്‍എ85/71 നമ്പര്‍ പട്ടത്തില്‍ വരുന്ന 1.5 ഏക്കറോളം ഭൂമി കൈവശം വയ്ക്കുന്നതിന് പകരം ഈ സ്ഥലത്ത് നിന്നും അര കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന സര്‍വ്വേ നമ്പര്‍ 34/3ലെ സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലമാണ് കൈവശപ്പെടുത്തി വെച്ചിരുന്നത്.
മേല്‍പ്പറഞ്ഞ ഭൂമി ആരുടെയും കൈവശം ഇല്ലാതെ കാടുപിടിച്ചു കിടക്കുന്നതിനാല്‍ ഇതിന്റെ തണ്ടപ്പേര് അവകാശവും പോക്കുവരവ് നടപടികളും റദ്ദ് ചെയ്തിട്ടുണ്ട്.
2019 ഫെബ്രുവരി മുതല്‍ അഞ്ചു തവണ രേഖകള്‍ ഹാജരാക്കാന്‍ സബ് കളക്ടര്‍ സമയം നല്‍കിയെങ്കിലും കൈയേറ്റകാരന് ഇതിനു സാധിച്ചില്ല. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നടപടിക്ക് മേല്‍ അപ്പീല്‍ നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് വക്കീലിനെ ആണ് ഹിയറിങ്ങിന് അയച്ചത്.
മുന്‍ സബ്കലക്ടര്‍ പലതവണ ഇത്തരത്തില്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇല്ലാത്ത പട്ടയത്തിന് വേണ്ടി താലൂക്ക് ഓഫീസില്‍ അപേക്ഷ വെച്ചിരിക്കുകയാണ് എന്നാണ് ജിമ്മി സബ് കലക്ടറെ അറിയിച്ചത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവില്‍ നിജസ്ഥിതി ബോധ്യപ്പെട്ടതോടെ സബ് കളക്ടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.
കലിപ്സോ ക്യാമ്പ്(ആനയിറങ്കല്‍ ക്യാമ്പ്) സ്ഥിതിചെയ്യുന്ന ഭൂമി അളന്നു തിരിച്ച് മുഴുവന്‍ കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാരെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.
ക്യാമ്പ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ സര്‍വേ നടത്തി റെക്കോര്‍ഡ് തയ്യാറാക്കിയ അന്നത്തെ താലൂക്ക് സര്‍വേയര്‍ ആയ അനൂപ് എം.എസിന് ഗുരുതര വീഴ്ച പറ്റിയതായും, ആവശ്യപ്പെടാതെ തന്നെ ഒരേ സ്ഥലത്തിന്റെ രണ്ടു വ്യത്യസ്ത സ്കെച്ചുകള്‍ രേഖകളില്‍ ചേര്‍ത്തതായി കണ്ടെത്തിയിട്ടുണ്ട് ഇതടക്കം വിശദമായി പരിശോധിക്കാനും സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് മൂന്നാറില്‍ ഇത്രയധികം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുന്നത്. മുന്‍ സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ചിന്നക്കനാല്‍ വില്ലേജില്‍ മാത്രം 113 തണ്ടപ്പേരില്‍ ആയി 127 ഹെക്ടറോളം ഭൂമി വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കരം തീരുകയാണ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: