തമിഴിലെ വിഖ്യാത ശൈവ സാഹിത്യകൃതിയാണ് പെരിയപുരാണം. നായന്മാര് എന്നറിയപ്പെട്ടിരുന്ന 64 ശൈവസംന്യാസിമാരുടെ ജീവചരിത്രമാണ് അതിലെ പ്രതിപാദ്യം. നായന്മാരില് മൂന്നു പേര് സംന്യാസിനിമാരായിരുന്നു. അവരിലൊരാളാണ് തമിഴ് സാഹിത്യത്തിന് ഭക്തിയുടെ ഗാംഭീര്യം പകര്‍ന്ന കാരൈക്കല്‍ അമ്മൈയാര്‍.
ആറാം ശതകത്തില്‍ ജീവിച്ചിരുന്നതായി പറപ്പെടുന്ന കാരൈക്കല്‍ അമ്മൈയാരുടെ യഥാര്‍ഥ നാമം പുണിതാവതിയെന്നായിരുന്നു. കാരൈക്കലിലെ ധനദത്തനെന്ന വ്യാപാരിയുടെ മകളായിരുന്നു പുണിതാവതി. അതിസുന്ദരി. കുഞ്ഞായിരിക്കുമ്പോഴേ തികഞ്ഞൊരു ശിവഭക്ത. സദാസമയവും ശിവപഞ്ചാക്ഷരി ജപിച്ചുകൊണ്ടിരിക്കും.
നാഗപട്ടണത്തെ വ്യാപാരിയായിരുന്ന പരമദത്തനാണ് പുണിതാവതിയെ വിവാഹം ചെയ്തത്. ഭര്തൃഗൃഹത്തിലെത്തിയിട്ടും പുണിതാവതിയിലെ ശൈവാരാധന അചഞ്ചലമായി തുടര്‍ന്നു. വീട്ടിലെത്തുന്ന ശിവഭക്തര്‍ക്കും ശൈവസംന്യാസിമാര്ക്കും അവര്‍ ഭക്ഷണവും വസ്ത്രവും നല്കി.
ഒരിക്കല്‍ പരമദത്തന് സ്വാദിഷ്ഠമായ രണ്ടു മാമ്പഴങ്ങള്‍ പുണിതാവതി്ക്കായി കൊടുത്തു വിട്ടു. അവരത് സൂക്ഷിച്ചു വച്ചു. അപ്പോഴാണ് വിശന്നു വലഞ്ഞൊരു സംന്യാസി ഉച്ചഭക്ഷണത്തിനെത്തിയത്. ഭക്ഷണം തയ്യാറാവുന്നതേയുള്ളൂ. അല്പം തൈര്സാദവും പരമദത്തന് കൊടുത്തു വിട്ട മാമ്പഴവുമാണുള്ളത്. പുണിതാവതി അതിലൊരെണ്ണമെടുത്ത് തൈര്സാദത്തിനൊപ്പം ഭക്ഷിക്കാനായി സംന്യാസിക്കു നല്കി. ഭക്ഷണം കഴിഞ്ഞ് സംന്യാസി മടങ്ങി. വൈകാതെ പരമദത്തന് ഭക്ഷണം കഴിക്കാനെത്തി. ഊണുകഴിച്ചു കൊണ്ടിരിക്കെ മാമ്പഴങ്ങളിലൊന്ന് കൊണ്ടു വരാനായി പുണിതാവതിയോട് പറഞ്ഞു. ബാക്കിയിരുന്ന ഒരു മാമ്പഴമെടുത്ത് അവര്‍ ഭര്‍ത്താവിനു നല്കി. അതിന്റെ ‘അസാധ്യ സ്വാദ്’ ആസ്വദിച്ച പരമദത്തന് രണ്ടാമത്തെ മാമ്പഴം കൂടി ആവശ്യപ്പെട്ടു. അത് സംന്യാസിയ്ക്ക് കൊടുത്തുവെന്ന് എങ്ങനെ പറയും? പുണിതാവതി ധര്‍മസങ്കടത്തിലായി. ശിവഭഗവാനെ പ്രാര്‍ഥിച്ചു. അത്ഭുതമെന്നോണം ഭഗവദ്പ്രസാദത്താല് പഴുത്തുതുടുത്തൊരു മാമ്പഴം പുണിതാവതിയ്ക്കു മുമ്പില്‍ പ്രത്യക്ഷമായി. അവരത് ഭര്‍ത്താവിന് കൊണ്ടുപോയ് കൊടുത്തു. അമൃതതുല്യമായിരുന്നു അതിന്റെ സ്വാദ്. താന്‍ നേരത്തേ കൊടുത്തുവിട്ട മാമ്പഴമല്ല ഇതെന്ന് പരമദത്തന് ബോധ്യമായി. ഇതല്ല, താന്‍ നല്കിയ മാമ്പഴം തന്നെ വേണമെന്ന് അദ്ദേഹം ഭാര്യയോട് ശഠിച്ചു.
ഉണ്ടായ സംഭവങ്ങളെല്ലാം പുണിതാവതി അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ ശ്രീപരമേശ്വരന് മാമ്പഴം നല്കിയെന്നതു മാത്രം അദ്ദേഹം വിശ്വസിച്ചില്ല. തന്റെ മുമ്പില്‍ വച്ച് ഒരിക്കല്‍ കൂടി ഭഗവാനോട് മാമ്പഴം ആവശ്യപ്പെടാനായി പറഞ്ഞു. ഗത്യന്തരമില്ലാതെ പുണിതാവതി ഭഗവാനോട് സങ്കടമുണര്‍ത്തിച്ചു. ഞൊടിയിടയ്ക്കുള്ളില്‍ പുണിതാവതിയുടെ കൈകളില്‍ മാമ്പഴം വന്നു പതിച്ചു. പരമദത്തന് ആ അത്ഭുതക്കാഴ്ച കണ്ടു നില്‍ക്കെ അത് അപ്രത്യക്ഷമാവുകയും ചെയ്തു.
ഒരു സാധാരണ സ്ത്രീയല്ല തന്റെ ഭാര്യയെന്ന് അദ്ദേഹത്തിന് മനസ്സിലായി. പരമദത്തന് അവരെ തൊഴുകൈയോടെ ‘അമ്മൈയാര്‍’ എന്നു വിളിച്ചു. അങ്ങനെയാണ് പുണിതാവതി ‘കാരൈക്കല്‍ അമ്മൈയാര്‍’ എന്നറിയപ്പെട്ടത്. പരമദത്തന് വൈകാതെ അവിടം വിട്ടു പോയി. മധുരയിലെത്തിയ അദ്ദേഹം മറ്റൊരു വിവാഹം ചെയ്ത് കുടുംബ ജീവിതം തുടങ്ങി.
പുണിതാവതി പിന്നീട് മുഴുവന്‍ സമയവും ശിവഭക്തിയില്‍ മുഴുകി. തന്റെയീ സൗന്ദര്യം മാറ്റി രൂപാന്തരം നല്‍കണമെന്ന് അവര്‍ ശിവനോട് പ്രാര്‍ഥിച്ചു. കാളീരൂപത്തിലേക്കായിരുന്നു ആ ആകാരമാറ്റം. കൈലാസം സന്ദര്‍ശിക്കാനായി അവര്‍ക്കൊരിക്കല്‍ ഭഗവാന്റെ അരുളപ്പാടുണ്ടായി. അങ്ങനെ കാരൈക്കലമ്മ കൈലാസത്തിലേക്ക് യാത്ര തിരിച്ചു. കാല്‍നടയായിട്ടല്ല. കൈകള്‍ മണ്ണിലൂന്നിയായിരുന്നു ആ യാത്ര. കൈലാസത്തിലെത്തിയ കാരൈക്കലമ്മ, ഇനിയൊരു ജന്മം തനിക്കു വേണ്ടെന്നും ഭഗവദ് പാദങ്ങളില്‍ ജീവിതമര്‍പ്പിച്ച് അവിടുത്തെ താണ്ഡവം കണ്ട് ശിഷ്ടകാലം കഴിച്ചാല്‍ മതിയെന്നും ഭഗവാനോട് പറഞ്ഞു. എന്നാല്‍ തിരികെ തമിഴ്നാട്ടിലെ തിരുവാലങ്ങോടേക്ക് മടങ്ങാനായിരുന്നു ഭഗവാന് ആവശ്യപ്പെട്ടത്. അവിടെ തന്നെ ഭജിച്ചു കഴിയണമെന്നും താണ്ഡവമാടുന്ന തന്നെ അവിടെ ദൃശ്യമാകുമെന്നും മഹാദേവന് അനുഗ്രഹിച്ചയച്ചു. കായ്ക്കൈലമ്മ തിരുവാലങ്ങോടേയക്ക് മടങ്ങി. ശിഷ്ടകാലം ഭഗവല്‍ കീര്‍ത്തനങ്ങള്‍ പാടി ആത്മനിര്വൃതിയറിഞ്ഞു. ‘തമിഴ് ശൈവിസ’ ത്തിന്റെ പ്രമാണ ഗ്രന്ഥമായ ‘തിരുമുറൈ’യില്‍ കാരൈക്കല്‍ അമ്മൈയാരുടെ ശിവസ്തുതികള്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: