കൊച്ചി : മന്ത്രി കെ.ടി. ജലീല്‍ യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഇറക്കുമതി ചെയ്ത ഖുറാന് സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് മന്ത്രി കെ.ടി. ജലീലിനെ വീണ്ടും ചോദ്യം ചെയ്തേക്കും. വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
അതേസമയം സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ യുഎഇ കോണ്‍സുലേറ്റ് ഈന്തപ്പഴം വിതരണം ചെയ്തത് മുഖ്യമന്ത്രിയുടെ അറിവോടെ അല്ലെന്നും ശിവശങ്കറിന്റെ മൊഴിയില്‍ പറയുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റിന്റെ മതഗ്രന്ഥവിതരണവും ഈന്തപ്പഴവിതരണവും മുഖ്യമന്ത്രിയുടെ അറിവോടെയല്ല. എന്നാല്‍ ഈന്തപ്പഴം വിതരണത്തിനായി മുഖ്യമന്ത്രിയോട് ഒരുമിനിറ്റ് നേരത്തേക്ക് വന്ന് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ശിവശങ്കര്‍ കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഈന്തപ്പഴവിതരണത്തിലും മതഗ്രന്ഥം സ്വീകരിച്ച വിഷയത്തിലും ശിവശങ്കറിന്റെ മൊഴിയില്‍ വ്യക്തതവരുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നും കസ്റ്റംസ് മൊഴി എടുക്കുമെന്നും സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടി. വിഷയത്തില്‍ രണ്ട് ദിവസം തുടര്‍ച്ചയായി ശിവശങ്കറിനെ ചോദ്യം ചെയ്ത് മൊഴി എടുത്തിരുന്നു. ഇതേസമയത്ത് തന്നെ വിവിധ ജയിലുകളിലായി സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരേയും കസ്റ്റംസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ശിവശങ്കറും സ്വപ്നയും സംഘവും നല്കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായതിനെ തുടര്‍ന്നാണ് കസ്റ്റംസ് അറസ്റ്റിന് ഒരുങ്ങുന്നത്. ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: