ചേമ്പ് കറിക്ക് കടുക് വറുത്തിടുമ്പോഴാണ് കൊച്ചബ്രാട്ടിയേ, വിരുന്നുകാരുവരുന്നെന്ന് പറഞ്ഞ് ചാത്തന് ഓടി വന്നത്. അയാളുടെ കാലില്‍ കറുത്ത ചെളിയില്‍ പുതഞ്ഞ് വെളുത്ത മണല്‍ തരികള്‍. ചീന ചട്ടി വാങ്ങിവച്ച് കൊച്ചു ഭാരതി വടക്കേ തിണ്ണയിലേക്ക് ഇറങ്ങി തടി ഇഴകള്‍ക്ക് ഇടയിലൂടെ നോക്കിയപ്പോള്‍ തലയില്‍ പാളതൊപ്പിയും ധരിച്ച് ധൃതി പിടിച്ച് ചാത്തന് നില്‍പ്പുണ്ട്.
കണ്ടത്തില്‍ നിന്ന് ഓടി വന്നതാണ്. വിയര്ത്തദേഹം സൂര്യപ്രകാശത്തില്‍ തിളങ്ങുന്നു. ഹാര്, അല്പ്പംപരിഭ്രമത്തോടെ കൊച്ചു ഭാരതി വാതില്‍ തുറന്നു. ”വെക്കം മക്കൊട്ടെയും ഒറ്റാലും എടുത്താട്ടെ. മേച്ചേരി കുളത്തീന്ന് വരാല് പിടിക്കാന്‍ പറഞ്ഞു വല്യമ്പ്രാന്‍, പിന്നെ കാപ്പീന്ന് തമ്പുരാന് വരുന്നുണ്ട്. ഞങ്ങള്‍ കണ്ടത്തീന്ന് കണ്ടാരുന്നു. കാട്ടെക്കാട്ട് ചാലിന്റെ അടുത്തായി. ങാ, ഇന്നലെ മുതല്‍ കാക്ക വിരുന്നു വിളിക്കുന്നുണ്ട്.”
ഭാരതി കര്‍മനിരതയായി. ”ചാത്തന്‍തന്നെ കേറി എടുത്തോ. ഞാന്‍ അക്കച്ചിയെ നോക്കട്ടെ. പിന്നെ ലക്ഷ്മി കുട്ടിയോട് ഇങ്ങോട്ട് വന്ന് എല്ലാവര്ക്കും കഞ്ഞി കൊടുക്കാന്‍ പറയൂ. കേട്ടോ. ചാത്തനും കഞ്ഞികുടിച്ചിട്ട് പോയാല്‍ മതി.”
കൊച്ചു ഭാരതി പടിഞ്ഞാറെ ചായ്പ്പിലേക്ക് ഓടി. കൊച്ചുപെണ്ണ് അക്കച്ചിയുടെ ദേഹം തുടച്ച് കഴിയാറായി. വാതില്‍ തുറന്നപ്പോള്‍ ധന്വന്തരം കഴമ്പിന്റെ ഗന്ധം മൂക്കിലേക്ക് ഇരച്ചുകയറി. ”കൊച്ചു പെണ്ണേ ഈ ജനലും വാതിലുമൊക്കെ തുറന്നിട്. പെട്ടിയില്‍ നിന്ന് അലക്കിയ മുണ്ടും ജമ്പറും എടുത്ത് ഇടീക്കണെ. കാപ്പീന്ന് വേലു അണ്ണന് വരുന്നെന്ന്.”
ഭാരതി അക്കച്ചിയുടെ അടുത്തേക്ക് ചെന്നു. എണ്ണ പുരട്ടി ചൂട് വെള്ളത്തില്‍ കുളിച്ചു കഴിഞ്ഞതുകൊണ്ടോ എന്തോ ആ മുഖം ചുവന്നിരിക്കുന്നു. ആ കണ്ണുകളില്‍ ഒരു പ്രകാശം മിന്നി. അമ്മയുടെ തെളിഞ്ഞ ഓര്‍മകളൊന്നും കൊച്ചു ഭാരതിക്കില്ല. അവള്‍ക്ക് രണ്ട് വയസ്സായപ്പോഴാണ് അമ്മ മരിച്ചതെന്ന് തുണ്ടിലെ അമ്മാവി പറഞ്ഞു കേട്ടിട്ടുണ്ട്. അക്കച്ചിയെപ്പോലെ പനങ്കുല പോലെ മുടി ഉണ്ടായിരുന്നത്രേ അമ്മയ്ക്കും. തങ്കത്തിന്റെ നിറവും സൗന്ദര്യവും എല്ലാം കിട്ടിയത് തേവി കൊച്ചിനാണ്. പക്ഷേ യോഗമില്ലാതെ പോയിയെന്ന് അമ്മാവി എപ്പോഴും പറയും. അമ്മ രണ്ട് വര്‍ഷം തളര്‍ന്നു കിടന്ന ശേഷമാണ് മരിച്ചത്. അക്കച്ചിക്കും അതേ വിധിതന്നെ വരുമോ എന്ന വ്യാകുലത അച്ഛന് എപ്പോഴും ഉണ്ട്. മാസത്തില്‍ രണ്ടു പ്രാവശ്യം തുമ്പോണില്നിന്നും വലിയ വൈദ്യന്‍വന്ന് നോക്കുന്നുണ്ട്. വില്ലുവണ്ടിയില്‍ അച്ഛന്‍തന്നെ പോയാണ് വൈദ്യനെ കൊണ്ടുവരാറ്. നിര്‍ദ്ദേശിച്ച പ്രകാരം ചികിത്സ നടക്കുന്നുമുണ്ട്. വേലു അണ്ണനുമായുള്ള സംബന്ധം കഴിഞ്ഞ നാളുകളില്‍ അച്ഛന് താമരക്കുളം ചന്തയില്‍ പോയി വാങ്ങിയ ലക്ഷണമൊത്ത കാളക്കുട്ടന്മാര് വലിക്കുന്ന വില്ലുവണ്ടിയില്‍ ശ്രീരാമനെയും സീതാദേവിയേയും പോലെ കാപ്പിലേക്ക് യാത്ര പോകുന്ന അക്കച്ചിയേയും വേലു അണ്ണനേയും അനിയത്തിക്കുട്ടിയായ ഭാരതി അഭിമാനത്തോടെ നോക്കി നില്ക്കുമായിരുന്നു.
അക്കച്ചി കാപ്പിലേക്ക് പോയതോടെയാണ് അടുക്കള ഉത്തരവാദിത്വം കൊച്ചു ഭാരതിക്കായത്. പടിഞ്ഞാറെ കെട്ടിലെ കിളിവാതിലിലൂടെ ഭാരതി കണ്ണ് പായിച്ചു. ചാമ്പ പുരയുടെ മുന്നിലെ ചവിട്ടടി പാതയിലൂടെ നീണ്ട് മെലിഞ്ഞ ഒരു മനുഷ്യന് വേഗത്തില്‍ നടന്നുവരുന്നു. പുറകില്‍ തലച്ചുമടുമായി ആരോ കൂടെയുണ്ട്. ഭാരതി അറ തുറന്ന് കിഴക്കേ പൂമുഖത്തേക്ക് ഇറങ്ങി. കിണ്ടിയില്‍ വെള്ളം നിറച്ചു വെച്ചിട്ടുണ്ട്. അപ്പോഴേക്കും കണ്ടത്തില്‍ നിന്നും അച്ഛന് ധൃതിയില്‍ വന്നു. ”വെയില് മൂക്കും മുന്‍പ് വന്നത് നന്നായി. കയറി ഇരിക്കൂ” അച്ഛന് പറഞ്ഞു. തലച്ചുമട്ടുകാരന് മുറ്റത്ത് പരുങ്ങി. വടക്കേത്തോട്ട് ചെല്ലാന്‍ വേലു അണ്ണന് കണ്ണ് കാണിച്ചു. ”കുറച്ച് തേന്‍വരിക്കയും കിളിച്ചുണ്ടനുമാണ്. കുഞ്ഞിന് കൊടുക്കാനാ” അച്ഛന്റെ മുഖം മങ്ങി. ”അവള്‍ക്ക് ഇതൊക്കെ കഴിക്കാന്‍ പറ്റുമോ? മരുന്ന് കഴിക്കുവല്ലേ.”
ഭാരതി മുറ്റത്തേക്ക് ഇറങ്ങി. മുറ്റത്ത് വെയില് വട്ടംവരച്ചു തുടങ്ങുന്നതേ ഉള്ളൂ. പത്താമുദയത്തിന് മുന്നേ ഇക്കുറി പാടത്ത് വിത്ത് വിതക്കുകയാണ്. കഴിഞ്ഞ പത്താമുദയത്തിനാണ് അക്കച്ചി വീണുപോയതെന്ന് ഭാരതി ഓര്‍ത്തു. അടുക്കളയില്‍ നിന്ന നില്പ്പിലാണ് വീണത്. അതോടെ ഒരു വശം തളര്‍ന്നു പോയി. മുഖം അല്‍പ്പം കോടുകയും ചെയ്തു. മരുന്നും ശുശ്രൂഷയും കൊടുക്കാന്‍ അവിടെ ആളില്ലാത്തതുകൊണ്ടാണ് അച്ഛന് ഇവിടേക്ക് കൊണ്ടുവന്നത്.
ചാമ്പല്പുരയില് പെണ്ണുങ്ങള് ഇരുന്ന് ചാണകം പൊടിക്കുന്നു. അവരുടെ അടക്കിപിടിച്ച ചിരിയും സംസാരവും കേള്‍ക്കുന്നുണ്ട്. അവരെ കഞ്ഞി കുടിക്കാന്‍ പറഞ്ഞയച്ച ശേഷം കൊച്ചു ഭാരതി വേഗം അടുക്കളയിലേക്ക് കയറി. കാപ്പി ഉണ്ടാക്കാന്‍ തുടങ്ങി. വേലു അണ്ണന് ചക്കര കാപ്പിയേ കുടിക്കാറുള്ളൂ. ചേമ്പും ചീനിയും വറുത്തതും ചക്കര കാപ്പിയുമായി പൂമുഖത്തെത്തിയപ്പോള്‍ ആളിനെ കാണുന്നില്ല. ഭാരതി അക്കച്ചിയുടെ അറയിലേക്ക് ചെന്നു. വേലു അണ്ണന് അക്കച്ചിയുടെ അരികില്‍ ഇരുപ്പുണ്ട്. രണ്ടു പേരുടെയും കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ”സാരമില്ല താമസിയാതെ അക്കച്ചി എഴുന്നേല്ക്കും. സംസാരിക്കുകയും ചെയ്യും.” ഭാരതി ആത്മവിശ്വാസമില്ലാതെ ആശ്വസിപ്പിച്ചു.
ചായയും പലഹാരങ്ങളും മേശപ്പുറത്ത് വച്ച് അവള് പുറത്തേക്കിറങ്ങി. വേലു അണ്ണന് വരുന്ന ദിവസം കട്ടില് പടിഞ്ഞാറെ മുറ്റത്തെ മാവിന് ചുവട്ടില്‍ പിടിച്ചിട്ട് അതില്‍ അക്കച്ചിയെ എടുത്ത് കിടത്തും. അത് ഒരു വലിയ ആശ്വാസമാണ് ആ പാവത്തിന്. തെളിഞ്ഞ ആകാശവും മരങ്ങളും ചെടികളുമെല്ലാം ആര്‍ത്തിയോടെ നോക്കുന്നത് വേലു അണ്ണന് കൃതാര്‍ത്ഥതയോടെ നോക്കിക്കൊണ്ടിരിക്കും. ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് അതെന്ന് ഭാരതി ഓര്‍ക്കും. കാപ്പിലെ എല്ലാ വിശേഷങ്ങളും, ഓച്ചിറ കളി ദിവസം വീട്ടില്‍ ഉണ്ടാക്കിയ പുഴുക്കിന്റെ രുചിയെ കുറിച്ചു വരെ വേലു അണ്ണന് അക്കച്ചിയേട് വിവരിച്ചുകൊണ്ടിരിക്കും. എല്ലാം കേട്ട് ആസ്വദിച്ച് കണ്ണില്‍ സ്നേഹത്തിന്റെ വലിയ തിളക്കവുമായി അക്കച്ചി കിടക്കുന്നത് വാടാവിന്റെ എഴികള്‍ക്കിടയിലൂടെ കണ്ട് ഭാരതിയും അച്ഛനും കണ്ണ് നിറയ്ക്കും.
”ഇല്ല തളരാന്‍ പാടില്ല”ഭാരതി ധൈര്യം ആര്‍ജിച്ചു. സന്ധ്യാസമയത്ത് ഭസ്മ ചട്ടിയിരിക്കുന്ന പൂമുഖത്തേക്ക് ചെല്ലുമ്പോള്‍ കൂവളത്തറയിലെ നെയ്തിരിവിളക്ക് നോക്കി കണ്ണീര് വാര്‍ക്കുന്ന അച്ഛന്റെ ധൈര്യം താനാണ്. ഭാരതി കര്‍മനിരതയായി. വെയില് ചാഞ്ഞു തുടങ്ങി. ”അവര്‍ ഇന്ന് പോന്നില്ലയോ?” അച്ഛന് മേലു കഴുകി പൂമുഖത്തേക്ക് കയറി. ”വേലുവിനെ ഞാന്‍ വിളിക്കുന്നന്ന് പറ.” അച്ഛന്റെ സ്വരത്തിന് കനം കൂടിയോ? ഭാരതി അക്കച്ചിയുടെ അറവാതിലിലെത്തി പറഞ്ഞു. ”അച്ഛന് വിളിക്കുന്നു.” വേലു അണ്ണന് അച്ഛന്റെ അരികിലേക്ക് വന്നു. ”വേലു ഇരിക്ക് അല്‍പ്പം സംസാരിക്കണം” അച്ഛന് ഭാരതിയെ ദൃഢമായി നോക്കി. അവര്‍ക്ക് ആശ്ചര്യം തോന്നി. വേഗം അവള് വിളക്ക് തിരുമ്മിവെളുപ്പിക്കാന്‍ പൂജാമുറിയിലേക്ക് തടന്നു. വിളക്ക് കൊളുത്തി തിരിനാളവുമായി കൂവള ചുവട്ടില്‍ എത്തുമ്പോള്‍ കണ്ടു പടികടന്നു പോകുന്ന വേലു അണ്ണന്. വെളുത്ത മേല്മുണ്ടുകൊണ്ട് കണ്ണുകള്‍ ഒപ്പി തിരിഞ്ഞു നോക്കാതെ ഇടറിയ കാല്‍വെപ്പോടെ. ”എന്തുപറ്റി അച്ഛാ.” അവള് അച്ഛന്റെ അടുത്തേക്ക് ഓടി. അല്ലാ അച്ഛനും വിങ്ങി കരയുകയാണല്ലോ. ”ഇനി അവന് ഇവിടെ വരരുത് എന്നു ഞാന്‍ പറഞ്ഞു പെണ്ണേ. എന്റെ മകനെ പോലെ ഞാന്‍ സ്നേഹിക്കുന്ന അവന്റെ ഭാവി ആ അറയില്‍ കിടക്കുന്ന തളര്‍ന്ന ജീവിതത്തില്‍ കുരുങ്ങി പോകരുത്. അവന് മറ്റൊരു സംബന്ധം കഴിച്ച് സുഖമായി ജീവിക്കട്ടെ.” സ്തബ്ധയായിപ്പോയ ഭാരതി ഒരു നിമിഷം കാറ്റില്‍ അണഞ്ഞുപോയ ഒരു കരിംതിരിപോലെയായി. പടിഞ്ഞാറെ അറയില്‍നിന്ന് തന്നിലേക്കു വരുന്ന സ്വാന്തനത്തിന്റെ കാലടികളും കാത്ത് ഒരു തളര്‍ന്ന ജന്മം.
ശ്രീലേഖ വിജേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: