ബ്യൂനസ്അയേഴ്‌സ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ മികവില്‍ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ഇക്വഡോറിനെ തോല്‍പ്പിച്ചു. പതിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസിയാണ് വിജയഗോള്‍ നേടിയത്.
അര്‍ജന്റീനയ്‌ക്ക് മധുര പ്രതികാരമായി ഈ വിജയം. 4 വര്‍ഷം മുമ്പ് ഇതേ വേദിയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോര്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തിലുടനീളം അര്‍ജന്റീനയാണ് ആധിപത്യം പുലര്‍ത്തിയത്. പിഴവില്ലാത്ത ഗെയിമാണ് അവര്‍ കാഴ്ചവച്ചത്. പക്ഷെ ഒരു ഗോള്‍ മാത്രമേ നേടാനായുള്ളൂ.
13-ാം മിനിറ്റില്‍ ബോക്‌സിനകത്ത് വച്ച് ഇക്വഡോറിന്റെ പെര്‍വിസ് അര്‍ജന്റീനയുടെ ലൂക്കാസ് ഒകാംപോസിനെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഒന്നാന്തരം ഒരു ഷോട്ടിലൂടെ മെസി പന്ത് വലയിലാക്കി. അര്‍ജന്റീനയ്‌ക്കായി മെസിയുടെ 71-ാം ഗോളാണിത്.
പിന്നീട് റോഡ്രിഗോ ഡി പോളിന് ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചു. പക്ഷെ റോഡ്രിഗോയുടെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പറന്നു.
















