”ഏവര്‍ക്കും മാനസികാരോഗ്യം – മാനസിക ആരോഗ്യത്തിനു കൂടുതല്‍ നിക്ഷേപം; കൂടുതല്‍ പ്രാപ്യത” (Mental Health for All: Greater Investment; Greater Access ) എന്ന സന്ദേശമാണ് ഈ വര്‍ഷത്തെ ലോകമാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം.
ലോകമാനസികാരോഗ്യ ദിനത്തില്‍ തുടക്കം കുറിച്ച പദ്ധതികള്‍ അടുത്ത ഒരു വര്‍ഷക്കാലം സുസംഘടിതവും സജീവവുമായി നടപ്പിലാക്കി ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടികള്‍ എല്ലാ രാജ്യങ്ങളും സ്വീകരിക്കുമെന്നാണ് ആഗോളതലത്തിലുള്ള പ്രതീക്ഷ. ജനപങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ചികിത്സാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക സംഘടനകള്‍ തുടങ്ങിയവയുടെ പദ്ധതികള്‍ എന്നിവയാണ് ഈ ദിനത്തില്‍ പരിഗണിക്കുന്നതും ആരംഭിക്കുന്നതും. മാനസിക രോഗികളുടെ ചികിത്സ, പരിചരണം പുനരധിവാസം, സമൂഹത്തിലെ മാനസികാരോഗ്യത്തിന്റെ സംരക്ഷണം, വികസനം എന്നിവ മെച്ചപ്പെടുത്താന്‍ മാനസികാരോഗ്യദിനം പ്രചോദനവും പ്രോത്സാഹനവും നല്കുന്നു.
ജനതയുടെ ആരോഗ്യസംരക്ഷണത്തിലും പരിപാലനത്തിലും എല്ലാ തലങ്ങളിലും, എല്ലാ ഘട്ടങ്ങളിലും, മാനസികാരോഗ്യം അവിഭാജ്യഘടകവും പ്രധാനപ്പെട്ട പ്രവര്‍ത്തന മേഖലയുമാണെന്ന് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആതുരസേവനരംഗത്ത് മാനസികരോഗ ചികിത്സയ്ക്ക് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് മെച്ചപ്പെട്ട ധാരണ അടുത്തകാലത്തായി ഉണ്ടായിട്ടുണ്ട്. എങ്കിലും അതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പല ചികിത്സ സ്ഥാപനങ്ങളും ഭരണസംവിധാനങ്ങളും ഇനിയും വളരെയേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും കൂടുതല്‍ ശ്രദ്ധയും പരിഗണനയും നിക്ഷേപവും മാനസികരോഗ ചികിത്സയ്ക്ക് ലഭിക്കണം. മാനസിക രോഗങ്ങള്‍ സമൂഹത്തിന്റെ എല്ലാ ശ്രേണിയിലും ഉള്ള വലിയൊരുവിഭാഗം ജനങ്ങളെ ബാധിക്കുന്നുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളിലും എല്ലാ ജന സമൂഹങ്ങളിലും ഒരു ശതമാനം പേരെങ്കിലും ഏത് സമയത്തും ഗുരുതരമായ മാനസികരോഗം ബാധിച്ചവരും അതിനു ഊര്‍ജിതമായ ചികിത്സ ആവശ്യമുള്ളവരും ആണ്. അഞ്ച് ശതമാനം പേരെങ്കിലും അവരുടെ ജീവിതകാലത്ത് ഒരിക്കലെങ്കിലും ഇത്തരം ഒരു രോഗാവസ്ഥയില്‍ എത്തുന്നവരും ആണെന്നാണ് ലോകാരോഗ്യ സംഘടനയുടെ സമഗ്ര പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ കണക്കില്‍ നിന്ന് യഥാര്‍ത്ഥ എണ്ണത്തിലേക്ക് എത്തുമ്പോള്‍ ഗുരുതരമായ മാനസിക രോഗം ബാധിച്ചവരായി ദശലക്ഷക്കണക്കിനു ആളുകള്‍ നമ്മുടെ ഭാരതത്തിലുണ്ട് എന്നുകാണാം. അതിനേക്കാള്‍ എത്രയോ ഇരട്ടി ജനങ്ങള്‍ ഗുരുതരമല്ലാത്ത മാനസികരോഗം ബാധിച്ചവരും വിവിധതരത്തിലുള്ള മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവരും ആയി നമ്മുടെ നാട്ടിലുണ്ട്. ഈ രണ്ടു വിഭാഗത്തില്‍ ഉള്ളവര്‍ക്കും യുക്തമായ ചികിത്സയും പരിചരണവും നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ നമ്മുടെ നാട്ടില്‍ വേണ്ടത്ര ലഭ്യമല്ല. ഇതേ അവസ്ഥയാണ് സമ്പന്ന രാജ്യങ്ങളിലടക്കം ലോകത്തെ മിക്ക രാഷ്ട്രങ്ങളിലും നിലവിലുള്ളത്.
കേരളത്തിലെ സ്ഥിതി
മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ മാനസികാരോഗ്യ ചികിത്സക്കുള്ള സൗകര്യങ്ങള്‍ മികച്ചതാണ്. സൈക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരുടെ അനുപാതവും യഥാര്‍ത്ഥ എണ്ണവും കേരളത്തില്‍ കൂടുതലാണ്. മാത്രമല്ല, സംസ്ഥാനത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും താലൂക്കുതലത്തിലും ചെറിയ പട്ടണങ്ങളിലും വരെ അവരുടെ സേവനം ലഭ്യമാണ്. സര്‍ക്കാര്‍ തലത്തിലും സ്വകാര്യമേഖലയിലും ഈ സ്ഥിതി ദൃശ്യമാണ്. എന്നാല്‍ ഈ ചികിത്സകരുടെ സേവനം പൂര്‍ണമായ അളവില്‍ ജനങ്ങള്‍ക്ക് നല്‍കാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും പല ചികിത്സാലയങ്ങളിലും ചികിത്സാ കേന്ദ്രങ്ങളിലും ഇനിയും ലഭ്യമല്ല. ആതുരാലയങ്ങള്‍ സംബന്ധിച്ചും ആതുര സേവന മേഖലയുടെ പരിഷ്കരണം സംബന്ധിച്ചും ഇന്ന് നിലവിലുള്ള വികസന സങ്കല്പങ്ങളില് ആധുനിക മെഡിക്കല്‍ സാങ്കേതിക സംവിധാനങ്ങള്‍ക്കാണു പരിഗണനയും പ്രാധാന്യവും വിഭവശേഷിയും നല്‍കുന്നത്. മാനസിക രോഗ ചികിത്സയില്‍ ആകട്ടെ അത്തരം സാങ്കേതിക സംവിധാനങ്ങളെക്കാള്‍ പ്രധാനം യോഗ്യതയും പ്രതിബദ്ധതയുമുള്ള ചികിത്സകര്‍, സഹ ചികിത്സകര്‍, സ്ഥലസൗകര്യങ്ങള്‍ എന്നിവയൊക്കെയാണ്. മിക്കവാറും എല്ലാ ആതുരാലയങ്ങളിലും മാനസിക രോഗ വിഭാഗങ്ങള്‍ക്ക് ഇവ വേണ്ടത്ര ലഭ്യമല്ല. ഇവ ഏര്‍പ്പെടുത്തുന്നതിന് കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. മെച്ചപ്പെട്ട മാനസികരോഗ ചികിത്സാ സംവിധാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഗുണപരമായ നേട്ടവും അതിന്റെ മൂല്യവും തിരിച്ചറിയാനുള്ള അവബോധവും അവ ഏര്‍പ്പെടുത്താനുള്ള സന്നദ്ധതയും ആതുര സേവന മേഖലയിലെ ആസൂത്രകര്‍ക്കും ഭരണ കര്‍ത്താക്കള്‍ക്കും കൂടുതല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
ആശുപത്രി വികസനത്തെക്കുറിച്ചുള്ള സങ്കല്പങ്ങളില് മാനസികാരോഗ്യ ഘടകങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം നേടാന്‍ ഈ വര്‍ഷത്തെ ലോക മാനസിക ആരോഗ്യ ദിനം സഹായിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. മാനസികാരോഗ്യ മേഖലയ്ക്ക് കൂടുതല്‍ നിക്ഷേപം നല്‍കുക എന്നത് മാത്രമല്ല 2020 ലെ ലോക മാനസിക ആരോഗ്യദിനത്തിന്റെ പ്രമേയം എന്നതും ശ്രദ്ധേയമാണ്.
പ്രാപ്യത മെച്ചപ്പെടണം
പൊതുജനങ്ങള്‍ക്ക് മാനസികരോഗ്യമേഖലയിലേക്ക് കൂടുതല്‍ പ്രാപ്യത (Access) നല്‍കണം എന്നതും ഈ വര്‍ഷത്തെ പ്രമേയമാണ്. ചികിത്സാസൗകര്യങ്ങള്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തുകയും അതിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും മാത്രമല്ല നമുക്ക് ചെയ്യാനുള്ളത്. മാനസികരോഗ ചികിത്സാ സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്തമാക്കണം. അതിനുള്ള സംവിധാനങ്ങള്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തണം. ആതുര സേവന മേഖലയിലെ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അതിനു വേണ്ട അവബോധം നല്‍കണം. മാനസികരോഗ ചികിത്സയെ മറ്റു ചികിത്സകളെ പോ
ലെ കാണുന്നതിനുള്ള ബോധവത്കരണം ജനങ്ങള്‍ക്കു നല്‍കണം. മാനസിക രോഗങ്ങളെക്കുറിച്ചുള്ള തെറ്റായ മനോഭാവം (stigma) തിരുത്തുന്നതിനുള്ള ബോധവല്‍ക്കരണം പ്രധാനപ്പെട്ടതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രേരണയും പ്രചോദനവും കൂടി ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനത്തിലെയും തുടര്‍ന്നുള്ള ഒരുവര്‍ഷത്തേയും പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.
മാനസികരോഗ ചികിത്സയ്ക്ക് ടെലിമെഡിസിന്‍
കൊവിഡ് 19 മഹാമാരിയോട് അനുബന്ധിച്ച് ആരോഗ്യ മേഖലയില്‍ ഉണ്ടായ പ്രധാനമാറ്റങ്ങളില്‍ ഒന്ന്, രോഗ സമ്പര്‍ക്കസാധ്യത ഒഴിവാക്കിയുള്ള ടെലി മെഡിസിന് സംവിധാനങ്ങള്‍ക്ക് കിട്ടിയ അംഗീകാരവും പ്രചാരവുമാണ്. യഥാര്‍ത്ഥത്തില്‍ മറ്റു പല ചികിത്സാ മേഖലകളെക്കാളും കൂടുതല്‍ സമര്‍ത്ഥമായി ടെലിമെഡിസിന്‍ സംവിധാനം മാനസിക രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും പ്രയോഗിക്കാവുന്നതാണ്. മാനസികരോഗങ്ങളുടെ ചികിത്സയ്ക്കുള്ള ടെലി മാനസികാരോഗ്യ സംവിധാനം (Tele Mental Health Platform) കൂടുതല്‍ കൃത്യമായും കാര്യക്ഷമമായും ഉപയോഗപ്പെടുത്തുന്നത് ചികിത്സാകേന്ദ്രങ്ങള്‍ക്കും രോഗികളുടെ കുടുംബാംഗങ്ങളും പ്രയോജനകരമായിരിക്കും. മാനസികാരോഗ്യ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രാപ്യത (Greater Access) നല്‍കുകയെന്ന 2020 ലെ ലോകമാനസികാരോഗ്യദിനത്തിന്റെ സന്ദേശം ഫലവത്താകാന് ടെലിമെഡിസിന്‍ സഹായിക്കും. ഈ കൊവിഡ് കാലത്തും തുടര്‍ന്ന് കോവിഡാനന്തര കാലത്തും ടെലി മാനസികാരോഗ്യ ചികിത്സ (Tele Mental Health Treatment) ഫലപ്രദവും കാര്യക്ഷമവും ജനങ്ങള്‍ക്ക് തികച്ചും പ്രയോജനകരവും ആയിരിക്കും.
ഡോ.കെ.എ.കുമാര്‍
(സീനിയര്‍ കണ്‍സള്‍ട്ടന്റ്, സൈക്യാട്രി & ബിഹേവിയര്‍ മെഡിസിന്, കിംസ് ഹെല്‍ത്ത് )
പ്രതികരിക്കാൻ ഇവിടെ എഴുതുക: