തിരുവനന്തപുരം: ഹത്രാസ് സംഭവത്തിന്റെ മറവില്‍ വര്‍ഗീയ കലാപത്തിന് ശ്രമിച്ച സിദ്ദിഖ് കാപ്പനെ രക്ഷിച്ചെടുക്കാനുള്ള കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നീക്കത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. എസ്ഡിപിഐ മുഖപത്രമായിരുന്ന തേജസ്, തത്സമയം എന്നിവയുടെ റിപ്പോര്‍ട്ടറും നിലവില്‍ ഓണ്‍ലൈന്‍ മാധ്യമമായ അഴിമുഖം ഡോട്ട് കോമിന്റെ റിപ്പോര്‍ട്ടറുമായ സിദ്ദിഖ് കാപ്പന്റെ പക്കല്‍ നിന്നും മത വിദ്വേഷം വളര്‍ത്തുന്ന വിധത്തിലുള്ള ലഘുലേഖകള്‍ യുപി പോലീസ് പിടിച്ചെടുത്തിരുന്നു.
മുസ്ലീം തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സിദ്ദിഖ് കാപ്പന്‍ ദല്‍ഹിയില്‍ നിന്നും യുപിയിലേക്ക് പുറപ്പെട്ടത്. സിദ്ദിഖ് കാപ്പന്‍ ദല്‍ഹിയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറി കൂടിയാണ്.
ഇത് വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനല്ലായിരുന്നുവെന്ന് യുപി പോലീസിന് ഇന്റലിജന്‍സ് ബ്യൂറോ വിവരം കൈമാറിയിരുന്നു. തുടര്‍ന്ന് ഈ സംഘത്തെ മഥുരയില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ കൈയ്യില്‍ നിന്നും ലഘുലേഖകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്.
എന്നാല്‍, ഇക്കാര്യമെല്ലാം ഒളിച്ചുവെച്ചുള്ള പ്രചാരണമാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തുന്നത്. സിദ്ധിക്കിന് വേണ്ടി പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനു പുറമെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യുപി സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
സിദ്ദിഖ് കാപ്പന്‍ പത്രപ്രവര്‍ത്തകനായാണ് യുപിയില്‍ പോയതെന്നാണ് യൂണിയന്‍ പറയുന്നത്. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം പോയത് എങ്ങനെ മാധ്യമപ്രവര്‍ത്തനമാകുമെന്നാണ് ഭൂരിപക്ഷം പത്രപ്രവര്‍ത്തകരും ചോദിക്കുന്നത്. രാഷ്‌ട്രീയ വിവാദങ്ങള്‍ ഏറ്റുപിടിച്ച് യൂണിയന്‍ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗിയത ഉണ്ടാക്കുകയാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. യൂണിയന്റെ ഈ നിലപാടിനെതിരെ പ്രതിഷേധവുമായി പത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഹത്രാസ് സംഭവത്തിന്റെ പേരില്‍ യുപിയില്‍ വ്യാപക കലാപം സൃഷ്ടിക്കാന്‍ തീവ്ര മത രാഷ്‌ട്രീയ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവ ശ്രമിക്കുന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ അറസ്റ്റിലായത് ഈ റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ്. അതിനാല്‍ അന്വേഷണം നടക്കട്ടെയന്നും സിദ്ധിക്ക് കാപ്പന്‍ അതുവരെ ചുമതലകളില്‍ നിന്നും മാറിനില്‍ക്കണമെന്നും പത്രപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: