തൃശൂര്‍: കൊറോണയുടെ പിടിയില്‍ അമര്‍ന്ന് ചാവക്കാട് മേഖല. ഒപ്പം മരണ സംഖ്യയും ഉയരുന്നു. എല്ലാ മുന്‍ കരുതലുകളെയും നോക്കുകുത്തിയാക്കിയാണ് പ്രദേശത്ത് രോഗം താണ്ഡവമാടുന്നത്. കൊറോണ ബാധിച്ച് ചികിത്സയിലിരുന്ന ഒരു വയോധികന്‍ ബുധനാഴ്‌ച്ച മരണത്തിന് കീഴടങ്ങി. ബ്ലാങ്ങാട് വില്യംസില്‍ മന്നത്ത് വീട്ടില്‍ കറുപ്പംകുട്ടി(75)യാണ് മരിച്ചത്. കഴിഞ്ഞ ആഴ്‌ച്ച പനിയും മറ്റു അസുഖകങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന് പരിശോധനയില്‍ ഫലം പോസറ്റിവായതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബ്ലാങ്ങാട് സിദ്ദിഖ് പള്ളിക്ക് വടക്ക് മടപ്പേന്‍ ഹസന്‍കുട്ടിയുടെ ഭാര്യ സെഫിയ(72), പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ പെരിയമ്പലം ലക്ഷംവീട്ടില്‍ താമസിക്കുന്ന പൊന്തുവീട്ടില്‍ അസീസ്(65) എന്നിവരാണ് മരിച്ചത്. രണ്ടു പേരും കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ വ്യത്യസ്ഥ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്‌ച്ച മുമ്പാണ് സെഫിയയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. അസീസ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ബ്ലാങ്ങാട് തോട്ടാപ്പില്‍ മരിച്ച നാല്പതുകാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചാവക്കാട് മേഖലയില്‍ നാല് ദിവസത്തിനിടെ നാലാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ മത്സ്യ വിപണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മിക്കവരും കൊറോണ പിടിയിലാണ്.
പോലീസുകാര്‍ ഉള്‍പ്പെടെ 31 പേര്‍ക്ക് കൊറോണ
ചാവക്കാട് മേഖലയില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ 31 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആന്റിജെന്‍ പരിശോധനയില്‍ 15 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ ഒമ്പത് പേര്‍ നഗരസഭ പരിധിയില്‍ നിന്നുള്ളവരാണ്. മൂന്ന് പേര്‍ ചാവക്കാട് സ്റ്റേഷനിലെ പോലീസുകാരാണ്. മൂന്ന് പേര്‍ പുന്നയൂര്‍ക്കുളം സ്വദേശികളുമാണ്. ആകെ 86 പേരെയാണ് താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കിയത്. ഒരുമനയൂര്‍ പഞ്ചായത്തില്‍ നടന്ന ആന്റിജെന്‍ പരിശോധനയില്‍ 15 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
എല്ലാവരും ഒരുമനയൂര്‍ പഞ്ചായത്തില്‍ നിന്നുള്ളവരാണ്. ആകെ 68 പേരാണ് ഇവിടെ പരിശോധനക്ക് വിധേയരായത്. സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. മേഖലയില്‍ കൊറോണ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ചാവക്കാട് പോലീസ്. 144 പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചാവക്കാട് എസ്ഐ യു.കെ. ഷാജഹാന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: