തൃശൂര്‍: കൊറോണ ടെസ്റ്റിന്റെ മറവില്‍ ജനങ്ങളെ സ്വകാര്യ ലാബുകള്‍ പിഴിയുന്നതായി ആക്ഷേപം. സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ ഫലം വൈകുന്നതിനാലാണ് മിക്കവരും പരിശോധനയ്ക്കായി സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നത്.
ടെസ്റ്റ് നടത്താനെത്തുന്നവരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാളും ഇരട്ടിയോളം ഫീസ് ചില സ്വകാര്യ ലാബുകള്‍ ഈടാക്കുന്നതായാണ് പരാതി. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍, സിബിനാറ്റ്, ആന്റിജെന്‍ ടെസ്റ്റ് തുടങ്ങിയ പരിശോധനകള്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു.
ഐസിഎംആര്‍ അംഗീകാരമുള്ള സ്വകാര്യ ലാബുകള്‍ക്കും ആശുപത്രികള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടെസ്റ്റ് നടത്താമെന്നായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് ജില്ലയില്‍ എട്ടോളം സ്വകാര്യ ലാബുകളില്‍ കൊറോണ ടെസ്റ്റ് ഇപ്പോള്‍ നടത്തുന്നുണ്ട്. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഡോക്ടറുടെ കുറിപ്പുമായി എത്തുന്നവര്‍ക്ക് പരിശോധനയ്ക്ക് മുന്‍ഗണന ലഭിക്കും.
സ്വകാര്യ ലാബുകളില്‍ കൊറോണ ടെസ്റ്റിനുള്ള ഫീസുകള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ആന്റിജെന്‍ ടെസ്റ്റിന് 625 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്. എന്നാല്‍ പല സ്വകാര്യ ലാബുകളും ഇതിലും കൂടുതല്‍ ഫീസ് വാങ്ങുന്നുണ്ടെന്ന് രോഗികള്‍ പരാതിപ്പെടുന്നു. പലയിടത്തും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. നേരത്തെ 3,500 രൂപവരെ ആന്റിജെന്‍ പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ ഈടാക്കിയിരുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2750 രൂപയും സിബിനാറ്റിന് 3000 രൂപയുമാണ് ഫീസ്. ഈ ടെസ്റ്റുകള്‍ക്കും നിര്‍ദ്ദിഷ്ട നിരക്കില്‍ നിന്നു കൂടുതല്‍ ഫീസ് സ്വകാര്യ ലാബുകള്‍ ഈടാക്കുന്നതായി രോഗികള്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: