റാന്നി: പ്ലാച്ചേരി-കോന്നി റോഡുപണി പുരോഗമക്കുന്നതിനിടയിൽ റാന്നിയിൽ കുടിവെള്ളം മുട്ടി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. വാട്ടർ അതോറിറ്റിയുടെ മേജർ പദ്ധതിയിൽ നിന്നും റാന്നിയുടെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന വലുതും, ചെറുതുമായ കുഴൽ സ്ഥാപിച്ചിരിക്കുന്നത് നിർമ്മാണം നടക്കുന്ന ഈ റോഡിന്റെ വശങ്ങളിലാണ്.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വശങ്ങളിൽ നിർമ്മിക്കുന്ന ഓടയ്‌ക്കുവേണ്ടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പണികൾ നടത്തുമ്പോഴാണ് കാലപ്പഴക്കത്താൽ ദ്രവിച്ച ജലവിതരണ കുഴലുകൾ പൊട്ടുന്നത്.റോഡുപണിക്കിടെ ജല വിതരണക്കുഴൽ പൊട്ടുമ്പോൾ പണി നടത്തുന്ന കുഴികൾ വെള്ളം നിറയുന്നതിനാൽ ജലവിതരണ കുഴൽ ബ്ലോക്ക് ചെയ്യാറാണുള്ളത്. ഇതിനാൽ ഇവിടെ നിന്നും വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിലക്കുകയാണ് പതിവ്.
ആറ് മാസം മുമ്പാണ് പാതയുടെ നിർമ്മാണം തുടങ്ങിയത്. അന്ന് മുതൽ റാന്നിയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. കഴിഞ്ഞ മാസം വരെ കാര്യമായി മഴ ലഭിച്ചിരുന്നതിനാൽ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടില്ല. എന്നാൽ ഇപ്പോൾ മഴയുടെ തോത് കുറഞ്ഞതോടെ മലയോര മേഖലകളടക്കം ജലക്ഷാമം രൂക്ഷമായി. അടിക്കടി ജലവിതരണകുഴൽ പൊട്ടുന്നതോടെ ജല വിതരണവും ദിവസങ്ങളോളം തടസ്സപ്പെടുന്നതായാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ തന്നെ അടിയന്തിര പ്രാധാന്യമുള്ള, കുടിവെള്ളം, വൈദ്യുതി, തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണമെന്നുള്ള വ്യവസ്ഥകൾ പാലിക്കാതെയാണ് കരാർ കമ്പനി പ്രവർത്തിക്കുന്നതതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: