മുംബൈ : റിപ്പോ നിരക്കുകളില്‍ ഇത്തവണയും മാറ്റം വരുത്തുന്നില്ലെന്ന് റിസര്‍വ് ബാങ്ക്. പണവായ്പ്പാ അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പുതിയ സ്വതന്ത്രാംഗങ്ങള്‍ ചുമതലയേറ്റശേഷം നടനന ആദ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.
അംഗങ്ങളെല്ലാവരും നിരക്ക് നാലുശതമാനത്തില്‍ നിലനിര്‍ത്തുന്നതിന് അനുകൂലമായാണ് വോട്ടുചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കില്‍ മാറ്റമൊന്നും വരുത്തുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ഓഗസ്റ്റില്‍ 6.69ശതമാനമായിരുന്നു പണപ്പെരുപ്പം. കൊറോണ വൈറസ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ വിതരണശൃംഖലയില്‍ വരുംമാസങ്ങളിലും വിലക്കയറ്റംകൂടാനാണ് സാധ്യതയെന്ന് യോഗം വിലയിരുത്തി. അതേസമയം 2021ഓടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ പണപ്പെരുപ്പം 2-6 ശതമാനത്തിലേക്ക് എത്തിക്കാനാണ് ശ്രമം. എന്നാല്‍ ഇത് വെല്ലുവിളിയാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. വിപണിയില്‍ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാന്‍ നേരത്തെയെടുത്ത നടപടികളിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന യോഗത്തിലും നിരക്കില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 2020 ഫെബ്രുവരി മുതല്‍ ഇതുവരെ നിരക്കില്‍ 2.50ശതമാനമാണ് കുറവുവരുത്തിയത്. സെപ്റ്റംബര്‍ 29ന് ചേരേണ്ടിയിരുന്ന യോഗം പുതിയ അംഗങ്ങളുടെ നിയമനം വൈകിയതിനാല്‍ നീണ്ടുപോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: