മമ്പറം (കണ്ണൂർ): സിപിഎം പാർട്ടി ഗ്രാമത്തിൽ ആദ്യ കാല സിപിഎം നേതാവിന്റെ വീട്ടിലേക്കുള്ള വഴി ചെങ്കല്ലു കെട്ടി വാഹന ഗതാഗതം തടസ്സപ്പെടുത്തി പാർട്ടി സഖാക്കൾ. വീട്ടുകാർ പോലീസിലും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി ഒരാഴ്ചയോളം കാത്തിരുന്നു. അധികൃതർ നടപടി എടുക്കാതതിനെ തുടർന്നാണ് വീട്ടുകാർ ബിജെപി നേതാക്കളോട് സഹായം അഭ്യർത്ഥിച്ചത്.
പിണറായി പടന്നക്കരയിലാണ് സംഭവം. സിപിഎം ജാഥകളിലും സമരപരിപാടികളിലും സജീവമായി പങ്കെടുത്തിരുന്ന ഇ.ലളിതയുടെയും ആദ്യകാലത്ത് കെഎസ് വൈ എഫ് കോളാട് യൂനിറ്റ് സെക്രട്ടറിയും റെഡ് യൂത്ത് വായനശാല സെക്രട്ടറിയും പിന്നീട് സജീവ സി പി എം പ്രവർത്തകനും അടിയന്തിരാവസ്ഥയിൽ പാർട്ടിക്ക് വേണ്ടി ജയിലിൽ കഴിയുകയും ചെയത ഉച്ചുമ്മൽ രാജുവിന്റെ വീട്ടിലേക്കുള്ള വഴിയാണ് ഒരാഴ്ച മുന്നേ ചെങ്കല്ല് കെട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ തടസ്സപെടുത്തിയത്.
കഴിഞ്ഞ ജൂൺ മാസം ലളിതയുടെയും പാർട്ടി മെമ്പറുടെയും വീട്ടു മതിൽ തകർക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. അന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസ് അടക്കമുള്ള നേതാക്കൾ ഇടപെട്ടാണ് പോലീസ് കേസ് എടുക്കാൻ തയ്യാറായത്.
വീട്ടിലേക്കുള്ള വഴി ചെങ്കല്ലു കെട്ടി തടസ്സപ്പെടുത്തിയതു സംബന്ധിച്ച് ബി ജെ പി നേതാക്കൾ പിണറായി പോലീസിനോടും പഞ്ചായത്ത് അധികൃതരുമായും പ്രശന പരിഹാരത്തിന് ബന്ധപെട്ടിരുന്നു. ഇന്നലെ പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ അനധികൃതമായ കെട്ടി ഉയർത്തിയ ചെങ്കൽ മതിൽ നീക്കം ചെയ്യാൻ തീരുമാനിച്ചു. തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ പിണറായി പോലീസ് ചെങ്കൽ മതിൽ പൊളിച്ചുമാറ്റി യാത്രാ തടസ്സം നീക്കം ചെയ്തു.
പിണറായി എസ്ഐ കെ.വി.ഉമേഷിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡൻറ് വി.ഗീതമ്മ, വൈസ് പ്രസിഡൻറ് എൻ.വി.രമേശൻ, ബിജെപി നേതാക്കളായ ആർ.കെ.ഗിരിധരൻ, എ.അനിൽകുമാർ എന്നിവരും സംഭവസ്ഥലത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: