പത്തനംതിട്ട: പ്രാദേശിക നേതാക്കളുടെ ഒറ്റപ്പെടുത്തലും അവഹേളനവും കടുത്തതോടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗം രാജിവച്ചു. വള്ളിക്കോട്-കോട്ടയം ഡിവിഷൻ അംഗം സിപിഎമ്മിലെ ജയശ്രീ സുരേഷാണ് ഭരണസമിതിയുടെ കാലാവധി കഴിയാൻ ഒരു മാസം മാത്രം ശേഷിക്കെ രാജിവച്ചത്. സിപിഎം പ്രാദേശിക നേതൃത്വവുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് രാജിയിൽ കലാശിച്ചത്.
ജനങ്ങൾക്ക് പ്രയോജനകരമായി ജല അതോറിട്ടിയുടെ കുടിവെള്ള പൈപ്പ്‌ലൈൻ നീട്ടുന്ന പദ്ധതിക്ക് പ്രാദേശിക സിപിഎം നേതാക്കൾ തടസം ഉണ്ടാക്കിയപ്പോഴാണ് അഭിപ്രായ ഭിന്നത രൂക്ഷമായത്. വള്ളിക്കോട്-കോട്ടയം ഡിവിഷനിലെ പുളിക്കുന്നപ്പാറ ആശുപത്രിക്ക് സമീപത്തുനിന്നു പൈപ്പ് ലൈൻ നീട്ടുന്നതിനായി 2017-18 വാർഷിക പദ്ധതിയിൽ നാല് ലക്ഷത്തിൽപരം രൂപ വകയിരുത്തിയിരുന്നു. ഇത് ജല അതോറിട്ടിയിൽ അടയ്‌ക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ വർഷം ജൂലൈയിലാണ് ജല അതോറിട്ടി ഇതിന്റെ നടപടികൾ ആരംഭിച്ചത്. ഇതോടെ സിപിഎം എൽസി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രാദേശിക പ്രവർത്തകർ രംഗത്തെത്തി. കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിന്റെ പിന്തുണ ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾക്ക് രാഷ്‌ട്രീയ നേട്ടത്തിനായി ഇടങ്കോലിടുന്ന സിപിഎം നേതാക്കളുടെ നടപടിയിൽ മനംനൊന്താണ് വനിതാ മെമ്പർ രാജി വച്ചൊഴിഞ്ഞത്. സിപിഎം നേതാക്കൾ വ്യക്തിപരമായി അവഹേളന പ്രചരണങ്ങൾ നടത്തുന്നതും രാജിക്ക് കാരണമായതായി ജയശ്രീ സുരേഷ് പറഞ്ഞു. യുഡിഎഫാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. 13 അംഗ ഭരണസമിതിയിൽ യുഡിഎഫ്-9 , എൽഡിഎഫ്-4 എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: