തിരുവല്ല: വരുന്ന തുലാമാസ പൂജയ്ക്ക് ശബരിമല നട തുറക്കുന്നതിന് മുമ്പായി കാലവർഷത്തിൽ തകർന്ന നിലയ്ക്കൽ -പമ്പ റോഡിന്റെ പുനർനിർമാണം പൂർത്തിയാകില്ല.റോഡിന്റെ നിർമാണം പൂർത്തിയാകണമെങ്കിൽ കടമ്പകളേറെയാണ്.റോഡ്ഗതാഗത യോഗ്യമാകണമെങ്കിൽ ഒന്നരമാസമെടുക്കുമെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ഒക്ടോബർ 17ന് തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ 250 ഭക്തരെ വീതം ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. റോഡ് തകർന്ന് കിടക്കുന്നതിനാൽ ഭക്തരുടെ വാഹനങ്ങൾ എങ്ങനെ കടത്തിവിടുമെന്ന കാര്യത്തിൽ വ്യക്തതയില്ല.പുനർ നിർമാണത്തിന് ടെണ്ടർ നടപടികൾ ഇന്ന് മാത്രമെ ആരംഭിക്കൂ.
ചാലക്കയത്തിന് സമീപം പ്ലാന്തോട് ഭാഗത്ത് 60 മീറ്റർ നീളത്തിലാണ് റോഡ് വിണ്ട് കീറിയിരിക്കുന്നത്. നിലവിൽ ചെറുവാഹനങ്ങൾക്ക് കഷ്ടിച്ച് റോഡിന്റെ ഒരു വശത്ത് കൂടി യാത്ര ചെയ്യാം.എന്നാൽ സെസിന്റെ പഠന റിപ്പോർട്ടിൽ റോഡിന്റെ കൂടുതൽ ഭാഗം ഇടിയാനുള്ള സാധ്യതയുണ്ട്.ഈ സാഹചര്യത്തിൽ തുലാമാസ പൂജയ്ക്ക് വാഹനങ്ങൾ എങ്ങനെ കടത്തി വിടാൻ ഏറെ പ്രയാസമായിരിക്കും. പമ്പാ പാതയുടെ നിർമാണത്തിന് 7ന് ആണ് ടെണ്ടർ നടപടികൾ തുടങ്ങുന്നത്. പുനർനിർമാണത്തിന് 1.70 കോടിയാണ് അടങ്കൽ തുക.
വിള്ളലുണ്ടായ റോഡ് നന്നാക്കുകയും സംരക്ഷണഭിത്തി നിർമിക്കുകയുമാണ് ചെയ്യുന്നതെന്ന് മരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു. റോഡിന്റെ ഒരുവശം അഗാധമായ താഴ്ചയും മറവശം വൻമലയുമാണ്. ഈ സാഹചര്യത്തിൽ സംരക്ഷണഭിത്തി നിർമാണത്തിന് അടക്കം വനംകുപ്പിന്റെ അനുമതി ആവശ്യമായി വരും. റോഡ് തകർന്ന പ്ലാന്തോട് ഭാഗം സംരക്ഷിത വനമേഖലയിൽപ്പെട്ടതാണ്. ഏത് തരത്തിലുള്ള നിർമാണത്തിനും വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. റോഡിന്റെ സുരക്ഷിതത്വത്തെ കരുതി താഴ്ചയിൽ തന്നെ സംരക്ഷണഭിത്തി നിർമിക്കേണ്ടി വരും.കയർഭൂവസ്തം ഉപയോഗിച്ച് സുരക്ഷിതമാക്കുമെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ഈ ഭാഗത്തെ പാറയോ മരമോ മറ്റും മാറ്റണമെങ്കിൽ വനംവകുപ്പിന്റെ മുൻകൂർ അനുമതി തേടേണ്ടി വരും. സംരക്ഷിത വനപ്രദേശമായതിനാൽ ഒരു തരത്തിലുള്ള നിർമാണങ്ങളും സാധാരണ അനുവദിക്കാറില്ല.വനംവകുപ്പ് നിർമാണകാര്യത്തിൽ പിടിവാശി തുടർന്നാൽ റോഡിന്റെ പുനർ നിർമാണം മണ്ഡലക്കാലത്തിന് മുമ്പായി പൂർത്തിയാക്കാൻ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: