കൊച്ചി: രാജ്യവിരുദ്ധ പ്രവര്‍ത്തനമായ സ്വര്‍ണക്കടത്തുകേസിലെ ആദ്യ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനൊപ്പം ആറുതവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും കേസന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ പറയുന്നു.
സ്വപ്നയെ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നുണയാണെന്നാണ് വ്യക്തമാകുന്നത്. സ്വപ്നയുടെ പേരെടുത്തു പറയാതെ വിവാദ സ്ത്രീയെ അറയില്ല എന്നാണ് കഴിഞ്ഞമാസം ഏഴിന് പതിവു പത്രസമ്മേളനത്തില്‍ സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
മറ്റൊരു അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് സ്വപ്ന നല്കിയ മൊഴിയില്‍, മുഖ്യമന്ത്രിയും ഭാര്യയുമുള്‍പ്പെട്ട വിദേശ യാത്രാ സംഘത്തില്‍ സ്വപ്നയെ ഉള്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണെന്ന് പറയുന്നുണ്ട്. മുഖ്യമന്ത്രിയും ഓഫീസും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വപ്ന യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സലിന്റെ സെക്രട്ടറിയാണെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്ടുമെന്റ് മേല്‍നോട്ടത്തിലുള്ള സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ 2019 ല്‍ സ്വപ്ന ജോലിക്കാരിയായതും മുഖ്യമന്ത്രി അറിഞ്ഞാണ്, കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
നാല് ഏജന്‍സികള്‍ അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ ആദ്യമായാണ് ഒരു അന്വേഷണ ഏജന്‍സി കുറ്റപത്രം നല്‍കുന്നത്. കേസിലെ പണമിടപാടാണ് ഇഡിയുടെ അന്വേഷണ പരിധിയില്‍. അതില്‍ത്തന്നെ, സംസ്ഥാന മുഖ്യമന്ത്രിയുടെ പേരും പരാമര്‍ശിക്കുന്നു. 166.882 കിലോ സ്വര്‍ണം കള്ളക്കടത്തു നടത്തിയ കേസിന്റെ വിശദാംശങ്ങളും സംസ്ഥാന സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും ഉള്‍പ്പെട്ട വിവിധ ഇടപാടിലെ സാമ്പത്തിക ക്രമക്കേടുകളും അടക്കം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സമഗ്രാന്വേഷണത്തിന്റെ ആദ്യ കുറ്റപത്രമാണിത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും സ്വര്‍ണക്കടത്തിലെ പ്രധാനപ്രതി സ്വപ്ന സുരേഷും തമ്മിലുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ ബന്ധങ്ങള്‍ കുറ്റപത്രത്തിലുണ്ട്. സ്വപ്ന കോണ്‍സുലേറ്റില്‍ ആയിരിക്കെ, 2018 പ്രളയത്തെ തുടര്‍ന്ന് 150 വീടുകള്‍ നിര്‍മിക്കാനുള്ള യുഎഇ പദ്ധതിയില്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കിയതുവഴി കമ്മീഷന് നേടിയതിന്റെ വിശദാംശങ്ങള്‍ കുറ്റപത്രത്തില്‍ വിശദമായി ചേര്‍ത്തിരിക്കുന്നു.
കുറ്റപത്രത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെട്ടത് നിര്‍ണായകമായി. ഈയാഴ്ച സ്വപ്നയുടെ ജാമ്യാപേക്ഷയുണ്ട്. 60 ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം എന്ന പ്രതീക്ഷമാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: