കോഴിക്കോട്: രാജ്യത്തെ ഗ്രാമീണമേഖലയിലെ എല്ലാ വീടുകള്‍ക്കും 2024 മാര്‍ച്ച് മാസത്തിനുള്ളില്‍ ശുദ്ധജല കണക്ഷനുകള്‍ നല്‍കുന്നതിന് രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്കരിച്ച ജലജീവന്‍ മിഷന് പദ്ധതിയുടെ സംസ്ഥാനതല പ്രവൃത്തി ഉദ്ഘാടനം ഇന്ന്. കേന്ദ്രാവിഷ്കൃത പദ്ധതിയാണെങ്കിലും പ്രവൃത്തി ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരസ്യങ്ങളിലൊന്നും ഈ പരാമര്‍ശം ഇല്ല.
പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന രീതിയിലാണ് പ്രചരണം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പത്രങ്ങള്‍ക്ക് നല്കിയ പരസ്യത്തില്‍ 2024 ഓടെ കേരളത്തിലെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ള കണക്ഷന് എന്നാക്കിയിട്ടുണ്ട്. നൂറു ദിനങ്ങള്‍ നൂറു പദ്ധതിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്, തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന് എന്നിവരുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.
സംസ്ഥാനസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റും ഇട്ടു. നാണവും മാനവും ഇല്ലാത്തവര്‍ക്ക് എന്തുമാവാമെന്നും 800 കോടി രൂപ പദ്ധതിയുടെ ആദ്യഗഡുമായി കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.
ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. വിവിധ ജില്ലകളില്‍ പ്രാദേശികമായും ഉദ്ഘാടനം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്. 2020 – 21 ല്‍ 21.42 ലക്ഷം ഗ്രാമീണ വീടുകള്‍ക്ക് കുടിവെള്ള കണക്ഷന് നല്‍കും. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 716 പഞ്ചായത്തുകളില്‍ 16.48 ലക്ഷം കുടിവെള്ള കണക്ഷനുകളാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: