പുല്‍പ്പള്ളി: കബനി നദിയിലൂടെയുള്ള തോണി സര്‍വീസ് പുനരാരംഭിക്കാന്‍ ഇനിയും നടപടിയായില്ല. കൊറോണയെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 15 നാണ് കേരള കര്‍ണാടക അതിര്‍ത്തിയിലെ ബൈരക്കുപ്പ കടവിലെയും മരക്കടവ് കടവിലെയും തോണി സര്‍വീസ് നിര്‍ത്തി വെച്ചത്.
രണ്ടു കടവുകളിലും ആയി ഇരുപത്തിയഞ്ചോളം തോണികള്‍ ആണ് സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ അന്തര്‍സംസ്ഥാന യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടും തോണി സര്‍വീസ് പുനരാരംഭിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നാണ് തോണിക്കാരുടെ പരാതി.
ബാവലി തോല്‍പ്പെട്ടി മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് യാതൊരു വിലക്കും ഇല്ല. എന്നിട്ടും തോണി സര്‍വീസ് മാത്രം പുനരാരംഭിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഇഞ്ചി കൃഷിക്കും മറ്റും കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് പുല്‍പ്പള്ളി മേഖലയില്‍നിന്ന് എളുപ്പത്തില്‍ ബൈരക്കുപ്പ വഴി പോകാം. തോണികള്‍ ഇല്ലാത്തത്മൂലം മാനന്തവാടി കാട്ടിക്കുളം വഴി ചുറ്റി പോകേണ്ട അവസ്ഥയാണ്. ഇതിനു പുറമേ വര്‍ഷങ്ങളായി തോണി സര്‍വീസ് നടത്തിയിരുന്ന തോണിക്കാര്‍ക്ക് മറ്റ് ജോലിക്ക് പോകാന്‍ കഴിയുന്നില്ല.
മുള്ളന്‍കൊല്ലി പഞ്ചായത്ത് തോണി സര്‍വീസിന് അനുമതി നല്‍കാത്തതാണ് കടത്ത് പുനരാരംഭിക്കാന്‍ കഴിയാത്തതെന്ന് തോണിക്കാര്‍ പറയുന്നു. സര്‍വീസ് പുനരാരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: