സോണിയാ കോണ്‍ഗ്രസ്സിന് ബെല്‍ച്ചി കോംപ്ലക്സാണ്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് അധികാരം നഷ്ടമായ ഇന്ദിരാഗാന്ധി 1977 ല്‍ ബീഹാറിലെ ബെല്ച്ചിയിലൂടെയാണ് തിരിച്ചുവരവിനൊരുങ്ങിയത്. ജഹനാബാദ് ജില്ലയില്‍പ്പെടുന്ന ബെല്‍ച്ചിയില്‍ 14 ദളിതര്‍ കൊലചെയ്യപ്പെട്ടിരുന്നു. കനത്ത മഴമൂലം ജീപ്പിലും ട്രാക്ടറിലുമുള്ള യാത്ര ഉപേക്ഷിച്ച് ആനപ്പുറത്തു കയറി ഇന്ദിരയെത്തി കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായി. ബെല്‍ച്ചി സംഭവത്തിന് ആറ് മാസം മുന്‍പ് ബീഹാറിലും കോണ്‍ഗ്രസ്സിന് അധികാരം നഷ്ടമായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം ഭരണത്തില്‍ വന്ന ജനതാ പരീക്ഷണം പരാജയപ്പെട്ട് കോണ്‍ഗ്രസ്സിന് അധികാരത്തില്‍ തിരിച്ചെത്താന്‍ ഇന്ദിരയുടെ ബെല്‍ച്ചി സന്ദര്‍ശനം വഴിത്തിരിവായെന്ന് വിലയിരുത്തുന്നവരുണ്ട്.
2014ല്‍ ഭരണത്തില്‍നിന്ന് പുറത്തായ സോണിയാ കോണ്‍ഗ്രസ്സിന് അധികാരം ഉടന്‍ തിരിച്ചുകിട്ടുമെന്നും, അത് കുറച്ച് മൃതദേഹങ്ങള്‍ക്ക് അകലെ മാത്രമാണെന്നും ബെല്‍ച്ചി സംഭവത്തെ ഓര്‍മിപ്പിച്ചുകൊണ്ട് മാധ്യമങ്ങള്‍ കഥകള്‍ മെനഞ്ഞു. പലയാവര്‍ത്തി കോണ്‍ഗ്രസ്സ് ഈ മൃതദേഹ രാഷ്ട്രീയം പ്രയോഗിച്ചെങ്കിലും പരാജയപ്പെട്ടു. ഒട്ടും നിരാശരാവാതെ പാര്‍ട്ടി നേതാക്കളായ രാഹുലും പ്രിയങ്കയും ഇതില്‍ പിന്നെയും പ്രതീക്ഷയര്‍പ്പിക്കുകയാണ്. ഏറ്റവും ഒടുവിലത്തേതാണ് ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട ഹാഥ്രസിലേക്ക് ശവംതീനിയുറുമ്പുകളെപ്പോലെ ഇവര്‍ എത്തിയത്.
ഹാഥ്രസില്‍ കോണ്‍ഗ്രസ്സിന്റേത് ബലാത്സംഗ രാഷ്ട്രീയമെന്നതിനെക്കാള് മൃതദേഹ രാഷ്ട്രീയമാണ്. നെഹ്റു കുടുംബത്തിന്റെ പിന്‍ഗാമികളുടെ ഇരുളടഞ്ഞുപോകുന്ന രാഷ്ട്രീയ ഭാവി എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കുകയാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ഹതഭാഗ്യരായ മനുഷ്യര്‍ പല കാരണങ്ങളാല്‍ കൊല്ലപ്പെടുന്നത് ദൈവമായിട്ട് ഒരുക്കിത്തരുന്ന സുവര്ണാവസരങ്ങളായിക്കണ്ട് കോണ്‍ഗ്രസ്സ് ഉപയോഗിക്കുകയാണ്.
ബുദ്ധിയോ കാര്യശേഷിയോ പക്വതയോ ഇല്ലാത്ത രാഹുലിനെ 2011 ലാണ് ഗൗരവബോധമുള്ള രാഷ്ട്രീയ നേതാവായി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് ആദ്യമായി ശ്രമിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പത്ത് മാസമേ അവശേഷിച്ചിരുന്നുള്ളൂ. അപ്പോഴാണ് ഗ്രേറ്റര്‍ നോയ്ഡയിലെ ബട്ടാപര്സൂലില് സ്ഥലം ഏറ്റെടുക്കാനെത്തിയ യുപി റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ഉദ്യോഗസ്ഥരെ ഗ്രാമീണര്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ മോചിപ്പിക്കാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ അക്രമത്തില്‍ നിരവധിപേര്‍ അറസ്റ്റിലായി. ഗ്രാമാതിര്‍ത്തി അടച്ച് പോലീസ് സേനയെ വിന്യസിച്ചു.
ഇതുതന്നെ സുവര്‍ണാവസരമെന്ന് കോണ്‍ഗ്രസ്സ് കണ്ടു. മോട്ടോര്‍ സൈക്കിളില്‍ ഇവിടെയെത്തിയ രാഹുല്‍ നിരവധി കര്‍ഷകര്‍ കൊലചെയ്യപ്പെട്ടു, അവരുടെ മൃതദേഹങ്ങള്‍ ചുട്ടുകരിച്ചതിന്റെ ചാരക്കൂമ്പാരം കണ്ടെത്തി, സ്ത്രീകള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നൊക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു. കോണ്‍ഗ്രസ്സിന്റെ യുവരാജാവിനെ മാധ്യമങ്ങള്‍ കര്‍ഷകരുടെ രക്ഷകനായി ചിത്രീകരിച്ചു. എല്ലാം നുണയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നു പറഞ്ഞ് രാഹുലും കൈകഴുകി. യഥാര്‍ത്ഥത്തില്‍ രാഹുലിനെ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ്സ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കോമാളി രാഷ്ട്രീയക്കാരന് എന്ന പ്രതിച്ഛായയ്ക്ക് മാറ്റമൊന്നും വന്നില്ലെങ്കിലും ബട്ടാപര്സൂല് സംഭവം രാഹുലിന് കുറച്ചൊക്കെ പ്രശസ്തി നേടിക്കൊടുത്തു.
പ്രിയങ്കയ്ക്കുവേണ്ടി ഇതേ തന്ത്രം പയറ്റുന്നതാണ് ഹാഥ്രസില്‍ കാണുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പുള്ള പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഒരു ചലനവുമുണ്ടാക്കിയില്ല. റായ്ബറേലിയില്‍ മത്സരിച്ച സോണിയ മാത്രമാണ് രക്ഷപ്പെട്ടത്. ഇതിന്റെ പേരില്‍ ആശ്വസിക്കാനുള്ള അവസരം അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടതോടെ നഷ്ടമായി. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ അവരോധിച്ചുവെങ്കിലും പാര്‍ട്ടിയെ രക്ഷിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടു. അങ്ങനെ പരാജയത്തിന്റെ സയാമീസ് ഇരട്ടകളായി രാഹുലും പ്രിയങ്കയും മാറി.
രാഹുലിനെ കെട്ടിയിറക്കാന്‍ ബട്ടാപര്സൂല് സംഭവം മറയാക്കിയപോലെ പ്രിയങ്കയെ അവതരിപ്പിക്കാന്‍ ഹാഥ്രസിലെ ദളിത് പെണ്‍കുട്ടിയുടെ മരണം കോണ്‍ഗ്രസ്സ് ഉപയോഗിക്കുകയാണ്. പ്രിയങ്കയെ ഇന്ദിരയുടെ പിന്‍ഗാമിയായി വാഴ്ത്തുകയും, അവരുടെ മൂക്കിനെക്കുറിച്ചും ഹെയര്‍സ്റ്റൈലിനെക്കുറിച്ചും സാരിയെക്കുറിച്ചുമൊക്കെ വര്‍ണിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരാണ് ഹാഥ്രസിലേക്കുള്ള വരവിനെയും വലിയ സംഭവമാക്കി മാറ്റിയത്. ഒരു ദിവത്തേക്കെങ്കിലും രാഹുലും പ്രിയങ്കയും മേല്‍കൈ നേടിയിരിക്കുന്നു എന്നു വാര്‍ത്ത നല്കിയവര് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ അജണ്ടയാണ് മുന്നോട്ടുവച്ചത്.
പ്രിയങ്ക എന്ന ബ്രാന്‍ഡ് വിറ്റഴിക്കാനുള്ള ആദ്യ ശ്രമമല്ല ഹാഥ്രസില്‍ അരങ്ങേറിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന് കുറച്ചുമാസം കഴിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ഗോത്രവിഭാഗങ്ങളുടെ ഭൂമി കയ്യേറി ഗുജ്ജാറുകള്‍ നടത്തിയ വെടിവെപ്പില്‍ 10 പേര് കൊല്ലപ്പെടുകയുണ്ടായി. പതിറ്റാണ്ടുകളായി ഭൂമാഫിയയുടെ വിഹാരരംഗമാണ് സോന്‍ഭദ്ര. ഭയാനകമായ ഈ സംഭവം നടന്നയുടന്‍ യുപി സര്‍ക്കാര്‍ ശക്തമായ നടപടികളെടുത്തു. ഡസന്‍ കണക്കിനാളുകളെ അറസ്റ്റുചെയ്തു. 51 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. സോന്‍ഭദ്രയിലും പ്രിയങ്കയെത്തി പ്രതിഷേധ പ്രഹസനങ്ങള്‍ നടത്തി. ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടി മരിച്ചപ്പോഴും ബന്ധുക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ്സിന്റെ ഇക്കാര്യത്തിലുള്ള കാപട്യം മനസ്സിലാകണമെന്നുണ്ടെങ്കില്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി. ബലാത്സംഗത്തിന്റെ കാര്യത്തില്‍ രാജ്യത്തെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന രാജസ്ഥാനിലേക്ക് രാഹുലോ പ്രിയങ്കയോ എത്തിനോക്കുന്നു പോലുമില്ല. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2019 ല്‍ ഏറ്റവുമധികം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത് രാജസ്ഥാനിലാണ്-1314 കേസുകള്‍. ബാരണ്‍ ജില്ലയില്‍ രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു മാസത്തോളമാണ് പീഡിപ്പിച്ചത്. ഈ പെണ്‍കുട്ടിയെ തിരിഞ്ഞുനോക്കാന്‍ പോലും പ്രിയങ്ക തയ്യാറായില്ല. കാരണം സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. പാലക്കാട് ജില്ലയിലെ വാളയാറില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അയല്‍ ജില്ലയിലെ എംപിയായിരുന്നിട്ടും രാഹുല്‍ കേരളം സന്ദര്‍ശിച്ചില്ലെന്നു മാത്രമല്ല, പ്രസ്താവന പോലും പുറപ്പെടുവിച്ചില്ല.
യുപിയിലെ ബലാത്സംഗങ്ങളില്‍ മാത്രം കോണ്‍ഗ്രസ്സിന് പ്രതിഷേധം തോന്നുന്നതിനു പിന്നിലെ സങ്കുചിത രാഷ്ട്രീയം വ്യക്തം. 2022 ല്‍ അവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും, 2017 ലെ നിയമസഭാതെരഞ്ഞെടുപ്പിലും ചരിത്രവിജയങ്ങള്‍ നേടിയ ബിജെപിയുടെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമോയെന്നാണ് മൃതദേഹ രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ്സ് നോക്കുന്നത്. ഹാഥ്രസ് സംഭവത്തെത്തുടര്‍ന്ന് ദളിത് വിഭാഗങ്ങള്‍ ബിജെപിയില്‍നിന്ന് അകലുന്നു, ബിജെപിയുടെ ദളിത് എംപിമാര്‍ അമര്‍ഷത്തിലാണ് എന്നൊക്കെ ചില മാധ്യമങ്ങള്‍ കഥ മെനയുന്നതില്നിന്നുതന്നെ ദളിത് പിന്തുണയുള്ളത് ഏത് പാര്‍ട്ടിക്കാണെന്ന് വ്യക്തമാണല്ലോ. ഈ മാധ്യമങ്ങള്‍ തന്നെയാണ് പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിക്കുന്നത് പ്രിയങ്കയ്ക്കുള്ള സുവര്‍ണാവസരമായി കാണുന്നത്. രാഹുലും പ്രിയങ്കയും ഹാഥ്രസിലേക്ക് കളിച്ചുചിരിച്ച് കാറില്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇരുവരുടെയും നീചമായ രാഷ്ട്രീയം വെളിപ്പെടുത്തുന്നുണ്ട്.
കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളായ മാധ്യമങ്ങള്‍ക്ക് രാഹുലിനെയും പ്രിയങ്കയെയും എത്ര വേണമെങ്കിലും വാഴ്ത്തിപ്പാടാം. പക്ഷേ ഇതുവഴി കോണ്‍ഗ്രസ്സിനെ ഇപ്പോഴത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാമെന്നത് വ്യാമോഹം മാത്രമായിരിക്കും.
രണ്ട് നേതാക്കള്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രദര്‍ശനമൂല്യം മാത്രമാണുള്ളത്. കോമാളിത്ത രാഷ്ട്രീയം ജനങ്ങള്‍ക്ക് ചിലപ്പോഴൊക്കെ രസിച്ചെന്നിരിക്കും. പക്ഷേ അവര്‍ അത് അംഗീകരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: