Categories: Vasthu

ഭാരതീയ ക്ഷേത്രങ്ങള്‍

വാസ്തുവിദ്യ 32

ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അക്ഷയ ഖനികളാണ് ഹിന്ദു ദേവാലയങ്ങള്‍. അവ കേവലം സമൂഹ പ്രാര്‍ഥനാമുറികളോ ദേവന്റെ ഇരിപ്പിടങ്ങളോ അല്ല. മറിച്ചു പ്രപഞ്ചോര്‍ജത്തെ പ്രതിഫലിപ്പിക്കുന്ന ചൈതന്യസ്രോതസ്സുകളാണ്. പൗരാണിക കാലത്തു തന്നെ ക്ഷേത്രാരാധനാ സമ്പ്രദായം നിലനിന്നിരുന്നതായി മഹാപുരാണ പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഭാരതീയ വാസ്തുവിദ്യയുടെ മകുടോദാഹരങ്ങളാണ് ക്ഷേത്രങ്ങള്‍. ഈ പ്രാധാന്യം ഉള്‍ക്കൊണ്ട് ഭാരതീയ വാസ്തുവിദ്യയില്‍ ദേവാലയ നിര്‍മാണ നിയമങ്ങള്‍ക്ക് മാത്രമായി ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. തന്ത്രസമുച്ചയ ശില്‍പ്പരത്‌നാദി കേരളീയ ഗ്രന്ഥങ്ങളും അവയില്‍ പ്രസിദ്ധങ്ങളാണ്. ഭാരതീയ വാസ്തു വിദ്യാ പാരമ്പര്യം ക്ഷേത്രനിര്‍മിതികളുടെയും ശില്പങ്ങളുടെയും പ്രഭാവത്താല്‍ വിദേശികളില്‍ പോലും ആശ്ചര്യം ജനിപ്പിക്കുന്നവയാണ്. ആധുനിക യന്ത്രസഹായത്താല്‍ പോലും മാനവര്‍ക്ക് അസാധ്യമാകുംവിധമുള്ള ഈ നിര്‍മിതികള്‍ പ്രകൃതികോപങ്ങളേയും വിദേശ ആക്രമണങ്ങളെയും അതിജീവിച്ചു നിലനില്‍ക്കുന്ന വാസ്തുകലാസൗന്ദര്യ സങ്കല്‍പ്പങ്ങളുടെ മൂര്‍ത്തീ ഭാവങ്ങളാണ്.

ഭാരതത്തിലെ വിവിധ ക്ഷേത്ര

നിര്‍മാണ രീതികള്‍ വ്യത്യസ്തമെങ്കിലും അവകളുടെ അടിസ്ഥാനക്രമം ഒന്ന് തന്നെയാണ്. ഗര്‍ഭഗൃഹം, അന്തരാളം, മണ്ഡപം, ശിഖരം, ഗോപുരം എന്നീ ഭേദങ്ങളുടെ അടിസ്ഥാനത്തില്‍ വാസ്തുവിദ്യ ഭാരതീയ ക്ഷേത്രങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

നാഗരക്ഷേത്രങ്ങള്‍

ഹിമാലയം മുതല്‍ വിന്ധ്യ പര്‍വതം വരെയുള്ള ഭൂപ്രദേശത്തു കാണപ്പെടുന്ന രീതിയാണ് നാഗരക്ഷേത്രങ്ങളുടെത്. ഒഡിഷ, സോളാങ്കി, ഖജുരാഹോ രീതികള്‍ ഇതിന്റെ വകഭേദങ്ങളാണ്. ചതുരാകൃതിയിലുള്ള ഗര്‍ഭഗൃഹം, ചുറ്റും പടികളോട് കൂടിയ ഉയര്‍ന്ന അടിസ്ഥാനത്തിലാണ് നിര്‍മ്മിക്കപ്പെടുന്നത്. ഇത് ഏറ്റവും ഉയരമുള്ള ശിഖരത്തോട് കൂടിയതാവും. ഉരുണ്ട ശിഖരങ്ങള്‍ ആമലക, കലശ അലങ്കാരങ്ങളോട് ചേര്‍ന്നവയുമാണ്. പുരി ജഗന്നാഥ ക്ഷേത്രം, ഖജുരാഹോ വിശ്വനാഥ ക്ഷേത്രം, ലക്ഷ്മണക്ഷേത്രം എന്നിവ നാഗരശൈലിയുടെ ഉത്തമോദാഹരണങ്ങളാണ്. ശിഖരത്തിന്റെ എണ്ണത്തിന്റെയും നിര്‍മാണത്തിന്റെയും വ്യത്യാസത്തില്‍ മറ്റു ഉപവിഭാഗങ്ങളും ഈ ശൈലിയിലുണ്ട്.

ദ്രാവിഡക്ഷേത്രങ്ങള്‍

ദ്രാവിഡ ശൈലി എന്ന ദക്ഷിണ ഭാരതീയ രീതി പ്രധാനമായും കൃഷ്ണ,കാവേരി നദികളുടെ മദ്ധ്യഭാഗത്തുള്ള പ്രദേശങ്ങളുടെ ശൈലിയാണ്. നാഗരക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മഹാമര്യാദയാകുന്ന ചുറ്റു മതിലോടു കൂടിയവയാണ് ഇവ. ഇതിന്റെ പ്രധാന ദിക് പ്രവേശന കവാടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഉയരമുള്ള നാഗര, ശിഖര സമാനമായ വിമാനം അഥവാ ഗോപുരങ്ങള്‍ ഈ രീതിയുടെ വിശേഷതയാണ്. ഇതിനു മുകളിലുള്ള ഭാഗത്തെയാണ് ദ്രാവിഡ രീതിയില്‍ ശിഖരം എന്ന് സൂചിപ്പിക്കുന്നത്. നാഗരശിഖരശൈലിയില്‍ നിന്ന് വ്യത്യസ്തമായി ചതുരക്രമത്തിലുള്ളവയാണ് ദ്രാവിഡഗോപുരങ്ങള്‍. ദ്വാരപാലകാദികളായ ഗോപുരശില്പ കലകളും ഈ ശൈലിയുടെ പ്രത്യേകതയാണ്. ചതുരാകൃതി കൂടാതെ വൃത്തം, ഗജപൃഷ്ഠം തുടങ്ങിയ മറ്റു ആകൃതികളും ഈ ശൈലിയില്‍ സ്വീകരിക്കാറുണ്ട്. ക്ഷേത്രത്തോട് ചേര്‍ന്നുള്ള വലിയ തീര്‍ഥക്കുളം, ഉപദേവാലയങ്ങള്‍ എന്നിവയും ദ്രാവിഡരീതിവിശേഷങ്ങളാണ്. ഇവയുടെ തന്നെ ശൈലീഭേദമാണ് കേരളീയ ക്ഷേത്രനിര്‍മാണവും.

വേസര ക്ഷേത്രങ്ങള്‍

വിന്ധ്യ പര്‍വതം മുതല്‍ കൃഷ്ണാ നദിക്കര വരെയുള്ള പ്രദേശത്തെ രീതിയാണ് വേസരശൈലി. നാഗരദ്രാവിഡ രീതികളുടെ മിശ്രണമാണ് ഇത്. ചാലൂക്യരാണ് പ്രധാന നിര്‍മാതാക്കള്‍ എന്നതിനാല്‍ ചാലൂക്യ ശൈലി എന്ന നാമാന്തരവും സുവിദിതമാണ്. ഉത്തര കര്‍ണാടകത്തിലാണ് ഈ ശൈലിയിലുള്ള ക്ഷേത്രങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത്. ബദാമി, വിരൂപാക്ഷ ക്ഷേത്രങ്ങള്‍ ഈ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടവയില്‍ പ്രധാനങ്ങളാണ്.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക