ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു എന്റെ ആദ്യ തെലുങ്കു സിനിമയുടെ പാട്ടിന്റെ റെക്കോഡിങ്. എന്റെ ഒരു ഭാഗ്യം എന്നു പറയാം, ആ സിനിമയില്‍ ഞാന്‍ സംഗീതം ചെയ്ത ഒരു പാട്ട് എസ്പിബി സാറിനെ കൊണ്ട് പാടിക്കാന്‍ ഫിലിം നിര്‍മാതാവ് തീരുമാനിച്ചു. എസ്പിബി സാറിന്റെ സൗകര്യം കണക്കിലെടുത്ത് ചെന്നൈയിലെ സ്റ്റുഡിയോയിലാണ് ആ ഗാനം റെക്കോര്‍ഡ് ചെയ്തത്.
നമ്മള് എല്ലാവരും ഒരുപാട് ആരാധിക്കുന്ന എസ്പിബി സാറാണ് ആ പാട്ട് പാടുന്നത് എന്നതുകൊണ്ടുതന്നെ സന്തോഷവും പേടിയുമൊക്കെ ഉള്ളിലൊതുക്കി അദ്ദേഹത്തെ സ്റ്റുഡിയോയില്‍ കാത്തുനിന്നു. ഞാന്‍ കണ്ടത് ബഹുമാനത്തോടെ കൈകൂപ്പി ചിരിച്ചുകൊണ്ട് വരുന്ന എസ്പിബി സാറിനെയാണ്. നല്ല പരിചയമുള്ള ഒരാളോടെന്ന പോലെ അദ്ദേഹം എന്നോട് സംസാരിച്ചു.
വളരെ ലാളിത്യമുള്ള വ്യക്തി. അഹങ്കാരത്തിന്റെ മേലങ്കി അണിയാത്തയാള്‍. അറിവ് കൂടുന്തോറും ലാളിത്യവും കൂടുമെന്ന് മനസ്സിലാക്കി തന്ന ഭാവഗായകന്. സംഗീതം ചെയ്ത ഗാനം ഏതു രാഗത്തിലാണെന്ന് എന്നോട് ചോദിച്ചു. മിയാന്‍ കി മല്‍ഹാര്‍ രാഗമാണെന്ന് ഞാന്‍ പറഞ്ഞു.
”ആ രാഗത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. എങ്കിലും പാടാം. പഠിപ്പിച്ചു തരൂ. മലയാളിയായ ഒരു സംഗീതജ്ഞയുടെ പാട്ട് ആദ്യമായാണ് പാടുന്നത്” എന്നും എസ്പിബി സാര്‍ പറഞ്ഞു. ടെന്ഷനോടെ ആണെങ്കിലും സാറിന്റെ മുന്പില് ഇരുന്ന് ഞാന്‍ ആ പാട്ട് പാടി. പാടിക്കൊടുത്തതിനേക്കാള്‍ നൂറിരട്ടി നന്നായി അദ്ദേഹം ആ പാട്ടു പാടി. യുഗ്മഗാനം ആയതുകൊണ്ട് എസ്പിബി സാര്‍ പോയതിനു ശേഷം എന്റെ ഭാഗം പടാം എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു.
പക്ഷേ സര് എന്നോട് എന്റെ ഭാഗം പാടാന്‍ പറഞ്ഞു. എസ്പിബി സാറിന്റെ മുന്പില് ഒരു പാട്ട്, അത് ആലോചിക്കാന്‍ പോലും വയ്യ. പാടാന്‍ ടെന്‍ഷനാണ് എന്നു പറഞ്ഞു രക്ഷപ്പെടാന്‍ നോക്കി.
”സംഗീത, ഒട്ടുംതന്നെ ടെന്‍ഷന്‍ ആവണ്ട. ഞാന്‍ പാട്ടു പറഞ്ഞു തരാം” എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് സംഗീത സംവിധായകന്റെ സീറ്റില്‍ ഇരുന്ന് തെലുങ്കു വരികള്‍ ശരിയാക്കി എന്നെക്കൊണ്ട് പാടിച്ചു.അങ്ങനെ എസ്പിബി സാറിന്റെ ശബ്ദത്തിനൊപ്പം എന്റെ ശബ്ദം കൂടി സ്റ്റുഡിയോയിലെ സ്പീക്കറില്‍ നിന്നും ഒഴുകിയെത്തി. അന്നുവരെ ഞാന്‍ പഠിച്ച സംഗീതത്തിന് ഒരര്‍ത്ഥം ഉണ്ടായതുപോലെ തോന്നി.
പിന്നീട് ഒരു തവണ സാറിനെ കണ്ടു. മറ്റൊരു പാട്ടിന്റെ പണിപ്പുരയില്‍ മറ്റൊരു സ്റ്റുഡിയോയില്‍ വച്ച്. സാറിന് എന്നെ ഓര്മയുണ്ടാകുമോ എന്ന സംശയത്തില്‍ നിന്ന എന്നോട് ഒരുപാട് പരിചയമുള്ള ഒരാളെപ്പോലെ സംസാരിച്ചു. അന്ന് പാടിയ ആ പാട്ടിനെക്കുറിച്ചും പറഞ്ഞു. ഇനിയും സംഗീതം ചെയ്യണം. ഉയരങ്ങളില്‍ എത്തണം എന്ന അനുഗ്രഹവും തന്നു.എത്രയോ ഗാനങ്ങള്‍ പാടി അനശ്വരങ്ങളാക്കിയ ദൈവതുല്യനായ വ്യക്തി. ഒരു തുടക്കക്കാരിയായ എന്നോട് കാണിച്ച ബഹുമാനം, സ്നേഹം. അതാണ് എസ്പിബി സാറിന്റെ മഹത്വം. ജീവിതത്തില്‍ എനിക്ക് കിട്ടിയ ഒരു മഹാഭാഗ്യം.
കര്‍മങ്ങളാണ് ഒരാളെ ദൈവസന്നിധിയില്‍ എത്തിക്കുന്നത് എന്നു പറയും. അങ്ങനെയെങ്കില്‍ സാര്‍ എത്തിയിരിക്കുന്നത് അവിടേക്കാണ്. മധുര ഗാനങ്ങളിലൂടെ മനുഷ്യ മനസ്സുകളെ സ്വാധീനിച്ച ഒരു ദേവഗായകന്. പാടാന്‍ ഇനിയും ബാക്കിവച്ചു മറഞ്ഞുപോയി. മഹാനായ എസ്പിബി സാറിന് എന്റെ കണ്ണീര് പ്രണാമം.
സംഗീത വര്‍മ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: