ന്യൂദല്‍ഹി : കൊറോണ വൈറസ് രോഗ പ്രതിരോധത്തിനായി ആയുര്‍വേദ ചികിത്സയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. കൊറോണ വൈറസ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും, രോഗമില്ലാത്തവര്‍ക്കും പ്രതിരോധത്തിനായി ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയവും ആയുഷ് മന്ത്രാലയവും ചേര്‍ന്ന് പുറത്തിറക്കി കഴിഞ്ഞു. രോഗ പ്രതിരോധത്തിനായി അശ്വഗന്ധ ഗുളിക (500 മില്ലിഗ്രാം) അല്ലെങ്കില്‍ ചൂര്‍ണം (13 ഗ്രാം) ഇളം ചൂടുവെള്ളത്തില്‍ കഴിക്കാം. ഇതേരീതിയില്‍ ഗുളീചി ഘനവടികയും (ചിറ്റമൃത്) കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ചവനപ്രാശം ഒരുമാസമോ പതിനഞ്ച് ദിവസം വീതമോ ഇത് ഉപയോഗിക്കാമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്ക് ആയുഷ് 64 ടാബ്ലറ്റ് നല്‍കാം. മഞ്ഞളും ഉപ്പുമിട്ട ചൂടുവെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യാം, ഗാര്‍ഗിള്‍ ചെയ്യാന്‍ ത്രിഫലയും യഷ്ടിമധുവും ഉത്തമം.മൂക്കില്‍ ഇറ്റിക്കുന്നതിന് ഔഷധഎണ്ണയോ പശുവിന് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിക്കാം. ഇഞ്ചി, മല്ലിയില, ജീരകം എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.
എന്നാല്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം മരുന്നുകള്‍ ഉപയോഗിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയുര്‍വേദ മരുന്നുകള്‍ കൂടാതെ മിതമായ വ്യായാമം, ആറ് മണിക്കൂര്‍ ഉറക്കം, യോഗ എന്നിവയിലൂടേയും ശരീരത്തില്‍ പ്രതിരോധശേഷി നിലനിര്‍ത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: