തൊടുപുഴ: അകാലത്തിൽ വിട പറഞ്ഞ യുവാവിന് സുഹൃത്തുക്കളുടെയും ഉറ്റവരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കാരിക്കോട് പുതിയേടത്ത് ഉണ്ണികൃഷ്ണനാണ് ഞായറാഴ്ച വൈകിട്ട് അപകടത്തിൽപ്പെട്ടത്. കാഞ്ഞാർ – പുള്ളിക്കാനം റോഡിലെ കുമ്പംകാനത്തിന് സമീപത്ത് വെച്ച് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ശൈലി ആയിരുന്നു ഉണ്ണിയുടേതെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു ഉണ്ണി.
ഏറെ നടുക്കത്തോടെയാണ് പ്രിയങ്കരനായിരുന്ന യുവാവിന്റെ മരണം ഓരോരുത്തരും അറിയുന്നത്. മൃതദേഹം എത്തിച്ചത് ചെറുപ്പം മുതൽ അച്ഛനോടൊപ്പം എത്തുന്ന കാരിക്കോട് ജില്ലാ ആശുപത്രിയിലായത് വിധിയുടെ വിളയാട്ടമായി. അച്ഛൻ നടത്തുന്ന ആശുപത്രിയിലെ ലഘുഭക്ഷണ വിൽപ്പനശാലയിൽ ഉണ്ണിയും പഠന ശേഷം പതിവായി ജോലി നോക്കിയിരുന്നു. പതിവായി സ്കൂട്ടർ വെച്ചിരുന്നത് മോർച്ചറിയുടെ സമീപത്തായിരുന്നു. ചേതനയറ്റ ശരീരം എത്തിച്ചതും ഇതേ മോർച്ചറിയിലേക്കായിരുന്നു. ഉണ്ണിയുടെ മൃതദേഹം എത്തിച്ചപ്പോൾ രാത്രി ഡൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിയുടേയും കണ്ണുകൾ ഈറനണിഞ്ഞു. അത്രയ്‌ക്ക് വേണ്ടപ്പെട്ടവനായിരുന്നു ആശുപത്രിയിലെ ജീവനക്കാർക്കെല്ലാം ഉണ്ണി . ഇന്നലെ ഉച്ചയോടെ കൊറോണ ടെസ്റ്റിന്റെ ഫലം വന്നു. വേഗത്തിൽ തന്നെ പോലീസ് നടപടിയും പോസ്റ്റുമോർട്ടവും പൂർത്തിയാക്കി 4.30 യോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ഈ സമയം ആശുപത്രി ജീവനക്കാരും സുഹൃത്തുക്കളുമടക്കം നിരവധി പേർ അവസാനമായി ഒരു നോക്ക് കാണാനെത്തി. പിന്നാലെ അര കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. ഇവിടെയും തങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിയെ അവസാനമായൊന്ന് കാണാൻ അനവധി പേരെത്തി. ആറ് മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
പഠിച്ച് ഒരു നല്ല സർക്കാർ ജോലി നേടണമെന്നായിരുന്നു ഉണ്ണിയുടെ സ്വപ്നം. കഴിഞ്ഞ ആറ് വർഷമായി ഇതിനുള്ള കഠിന പരിശ്രമത്തിലായിരുന്നു. ജോലി കിട്ടാതെ വന്നതോടെ മറ്റ് വഴികൾ തേടുന്നതിനിടെയാണ് അവിചാരിതമായി മരണം പടികടന്നെത്തുന്നത്. ഇത് ബന്ധുക്കൾക്കും ഉറ്റ സുഹൃത്തുക്കൾ തീരാനൊമ്പരമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: