സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) ആധികാരികമായി വ്യക്തമാക്കുമ്പോള്‍ തകര്‍ന്നു വീഴുന്നത് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരില്‍ നിരന്തരം ഉന്നയിച്ചുപോരുന്ന അവകാശവാദങ്ങളാണ്. എന്‍സിആര്‍ബി പുറത്തുവിട്ട കണക്കനുസരിച്ച് 2019 ല്‍ ഏറ്റവും അധികം സ്ത്രീ പീഡനങ്ങള്‍ നടന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളവും. രാജ്യത്ത് ആറ് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളും 60 വയസ്സിനു മുകളിലുള്ള വൃദ്ധ സ്ത്രീകളും ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ളത് കേരളത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ പല മലയാളികളും സൗകര്യപൂര്‍വം എടുത്തണിയുന്ന മാന്യതയുടെ മേലങ്കിയാണ് അഴിഞ്ഞുവീഴുന്നത്. കഴിഞ്ഞവര്‍ഷം മാത്രം 45 പിഞ്ചുകുഞ്ഞുങ്ങളും 15 വൃദ്ധകളുമാണ് ഇവിടെ ലൈംഗികമായി
പീഡിപ്പിക്കപ്പെട്ടത്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശും മധ്യപ്രദേശും ഛത്തീസ്ഗഡുമൊക്കെ കേരളത്തിനു പിന്നിലാണെന്ന് എന്‍സിആര്‍ബി വെളിപ്പെടുത്തുന്നു. എത്ര ലജ്ജാകരമാണിത്. അപ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഭൂമിയിലെ നരകമാണെന്ന് നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരിക്കാന് വടക്കുനോക്കിയന്ത്രങ്ങളായ സാംസ്കാരിക നായകന്മാര്ക്ക് തെല്ലും മടിയില്ല.
പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഒന്നാമത് 1314 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജസ്ഥാന്. ഈ രണ്ടാം സ്ഥാനത്തില്‍ ആശ്വസിക്കാനൊന്നുമില്ല. അന്തരം 44 കേസുകള്‍ മാത്രമാണെന്ന് ഓര്‍ക്കുക. ബലാത്സംഗ കേസുകളുടെ നിരക്ക് പരിശോധിക്കുമ്പോഴും രാജസ്ഥാനു തൊട്ടുപിന്നിലാണ് കേരളം. ഇതു കഴിഞ്ഞേ ഹരിയാന വരുന്നുള്ളൂ. ദളിത് വനിതകള്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗം ചെയ്യപ്പെട്ടതും കേരളത്തിലാണെന്ന് എന്‍സിആര്‍ബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പിന്നിലാണ് മധ്യപ്രദേശിന്റെയും രാജസ്ഥാന്റെയും സ്ഥാനം. ലക്ഷം പേരില്‍ 4.6 ശതമാനം ദളിത് വനിതകളാണ് 2019 ല്‍ കേരളത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. മധ്യപ്രദേശും രാജസ്ഥാനും 4.5 ശതമാനം വീതമാണ്. ഇനിയുമുണ്ട് കേരളത്തിന് ബഹുമതികള്‍! ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്ന 10 നഗരങ്ങളില്‍ കൊച്ചിയും കോഴിക്കോടുമുണ്ട്. ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണക്കൂടുതല്‍ എടുത്തു കാണിച്ച് മേനി നടിക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ചൊക്കെ എന്താണ് പറയാനുള്ളത്?
ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ പേരില്‍ നടക്കുന്ന കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ വേണം എന്‍സിആര്‍ബി കേരളത്തിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് പുറത്തുവിട്ടിരിക്കുന്ന വിവരങ്ങളുടെ സ്ഫോടനാത്മക സ്വഭാവം മനസ്സില്ലാക്കാന്‍. ജനസാന്ദ്രത കൂടുതലാണെങ്കിലും രാജ്യത്തെ ജനസംഖ്യയില്‍ രണ്ടര ശതമാനം മാത്രമാണ് കേരളത്തിലുള്ളത്. എന്നാല്‍ 21 കോടിയാണ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. സ്വാഭാവികമായും ഇതിന്റെതായ സങ്കീര്‍ണത അവിടുത്തെ സാമൂഹ്യ ജീവിതവും ഭരണസംവിധാനവും നേരിടേണ്ടിവരുന്നു. സ്ത്രീകളോടുള്ള കുറ്റകൃത്യ കാര്യത്തില്‍ ഇങ്ങനെയൊരു സംസ്ഥാനത്തെ കേരളം മറികടക്കുന്നു എന്നതുതന്നെ ഭീഷണമായ ഒരു സ്ഥിതിവിശേഷമാണ്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിന്റെ നിരക്ക് ഉത്തര്‍പ്രദേശിനെക്കാള്‍ കേരളത്തില്‍ ഉയര്‍ന്നിരിക്കുന്നത് എന്തുകൊണ്ടാണെന്നതിന് കേരളം മാറി മാറി ഭരിച്ചവര്‍ സമാധാനം പറയണം. എന്നിട്ടു മതി ഹാഥ്രസിലെ ദളിത് പെണ്‍കുട്ടിയുടെ മരണത്തില്‍ മുതലക്കണ്ണീരൊഴുക്കാന്‍.
കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎം ഏറ്റെടുത്തേ മതിയാവൂ. ലൈംഗിക കുറ്റവാസന ആന്തരികവല്‍ക്കരിച്ച പാര്‍ട്ടിയാണത്. മഹാന്മാരായി വാഴ്ത്തപ്പെടുന്ന പാര്‍ട്ടി നേതാക്കളുടെ ജീവിതത്തില്‍പ്പോലും ലൈംഗിക കുറ്റകൃത്യങ്ങളുടെ നിറം മങ്ങിയ ഏടുകള്‍ കാണാം. സ്ത്രീപീഡന കേസുകളില്‍ പ്രതികളും ആരോപണവിധേയരുമാവുന്ന സ്വന്തം നേതാക്കളെ രക്ഷിച്ചെടുക്കാന്‍ സിപിഎം എന്ന പാര്‍ട്ടി ഏതറ്റംവരെയും പോകുമെന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് പാര്‍ട്ടിയുടെ നിയമവും കോടതിയുമാണെന്നൊക്കെ പ്രഖ്യാപിക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായിരിക്കുന്നവര്പോലും മടിക്കാത്ത ചുറ്റുപാടില്‍ പീഡനങ്ങള്‍ വര്‍ധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. പാലക്കാട് വാളയാറില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പാര്‍ട്ടിക്കാരായ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഉത്തര്‍പ്രദേശിലെ ദളിത് പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് മുറവിളി കൂട്ടുന്നത് പരിഹാസ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: