വടകര: ഇരുളിന്റെ മറവില്‍ ഹാര്‍ബറിനകത്തു നിന്ന് കല്ല് കടത്താനുള്ള ശ്രമം തടഞ്ഞു. കഴിഞ്ഞ ദിവസമാണ് ചോമ്പാല്‍ ഹാര്‍ബറില്‍ ബോട്ടു ജെട്ടി നിര്‍മ്മാണത്തിനിറക്കിയ കല്ലുകള്‍ പുറത്തേക്ക് കടത്തുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞുവച്ചത്. ലോ ലെവല്‍ റോഡ് നിര്‍മ്മാണത്തിന് വേണ്ടി ഐസ് പ്ലാന്റിനു സമീപം അളവ് കഴിഞ്ഞ് സൂക്ഷിച്ച കല്ലുകള്‍ ജെസിബി ഉപയോഗിച്ച് ലോറിയിലേക്കു കയറ്റുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയും അധികൃതരെ അറിയിക്കുകയുമായിരുന്നു.
ഹാര്‍ബര്‍ അടച്ചതോടെ ആളുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പുറത്തേക്കു കടത്താന്‍ ശ്രമം നടന്നത്. രാത്രി 10 മണി കഴിഞ്ഞിട്ടും ലോറിയിലേക്കു കല്ലുകള്‍ കയറ്റുന്നത് കണ്ട തൊഴിലാളികള്‍ ഹാര്‍ബര്‍ എഞ്ചിനീയറെ വിവരം അറിയിച്ചു. നിലവില്‍ കല്ലുകള്‍ പുറത്തേക്കു കൊണ്ട് പോകേണ്ട സാഹചര്യം ഒന്നുമില്ലെന്നു അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസിനെ അറിയിച്ചത്. ചോമ്പാല്‍ പോലീസ് എത്തി ലോറിയുടെ താക്കോല്‍ കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവറോട് ഉടമയേയും കൂട്ടി ഇന്നലെ സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സംഭവസ്ഥലത്തു നിന്നും സൂപ്പര്‍ വൈസറും ജെസിബി ഡ്രൈവറും ഓടി രക്ഷപെട്ടത് ദുരൂഹത വര്‍ധിക്കുകയാണ്. വിഷയത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയര്‍ പരാതി നല്‍കിയെങ്കിലും തണുപ്പന്‍ മട്ടിലാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് ആരോപണമുണ്ട്.
കല്ലുകള്‍ കടത്താന്‍ ശ്രമിച്ച ലോറി പോലീസ് വിട്ടു നല് കിയതില് നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്. ഭരണകക്ഷിയില്‍പെട്ട ചില ഉന്നതരുടെ സ്വാധീനത്തില്‍ കേസ് തേയ്ച്ചു മായ്ച്ചു കളയാന്‍ ശ്രമം നടക്കുന്നതായും പരാതിയുണ്ട്. സംഭവസ്ഥലത്ത് പ്രാദേശിക സിപിഎം നേതാവിനെ മത്സ്യ ത്തൊഴിലാളികള്‍ കണ്ടിരുന്നെങ്കിലും പ്രശ്നം വഷളായതോടെ അദ്ദേഹം കടന്നു കളഞ്ഞത് സംശയത്തിന് കാരണ മായിട്ടുണ്ട്.
ഇരുളിന്റെ മറവില്‍ ഹാര്‍ബറിലെ കല്ലുകള്‍ കടത്തിയ സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്തണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപി അഴിയൂര്‍ പഞ്ചായത്തു കമ്മറ്റി ആവശ്യപ്പെട്ടു. അന്വേഷണം നേരായ രീതിയില്‍ നടത്താത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പത്രകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: