യെരെവാന്‍ (അര്‍മേനിയ): മുന്‍ സോവിയറ്റ് രാജ്യങ്ങളായ അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. ഒരാഴ്ചയായി തുറന്ന യുദ്ധത്തിലേക്ക് കടന്ന സംഘര്‍ഷം കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാന നഗരങ്ങളിലേക്കും കടന്നു. തര്‍ക്ക പ്രദേശമായ നഗോര്‍ണോ-കരോബാക് പ്രദേശത്ത് മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെ ഏറ്റുമുട്ടല്‍. എന്നാല്‍ ഇന്നലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചും ആക്രമണമുണ്ടായി.
അസര്‍ബൈജാന്റെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ജയില്‍ വന്‍ സ്‌ഫോടനം നടന്നെന്നാണ് റിപ്പോര്‍ട്ട്. മരണ വിവരങ്ങളോ നാശനഷ്ടത്തിന്റെ കണക്കോ അസര്‍ബൈജാന്‍ പുറത്തുവിട്ടിട്ടില്ല. ഗഞ്ജയില്‍ സൈന്യത്തിന്റെ നാവികത്താവളം തകര്‍ത്തെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഗഞ്ജയില്‍ ആക്രമണം നടന്നെന്ന് അസര്‍ബൈജാന്റെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ പ്രകോപനപരമായ നടപടിയാണ് അര്‍മേനിയയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പ്രതിരോധ മന്ത്രി സാകരി ഹസനോവ് പറഞ്ഞു.
വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റഷ്യയും ഫ്രാന്‌സും തുടരുകയാണ്. എന്നാല്‍ ഇസ്ലാമിക രാജ്യമായ അസര്‍ബൈജാന്‍ന് യുദ്ധത്തില്‍ പിന്തുണ നല്‍കിക്കൊണ്ട് തുര്‍ക്കി മുന്നോട്ട് വന്നിരിക്കുന്നത് പ്രശ്‌നത്തെ സാഹചര്യത്തെ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
അര്‍മേനിയയുടെ നഗരപ്രദേശമായ സ്റ്റെപാനാകേര്‍ട്ടില്‍ അസര്‍ബൈജാന്‍ ആക്രമണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. വലിയ നാശനഷ്ടം ഉണ്ടായെന്നാണ് സൂചന. നേരത്തെ ഫ്രാന്‍സ്, റഷ്യ, യുഎസ് രാജ്യങ്ങള്‍ മധ്യസ്ഥത വഹിച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് അര്‍മേനിയ അറിയിച്ചിരുന്നു. അസര്‍ബൈജാന്റെ ഭാഗമായ നഗോര്‍ണോ-കരോബാക് പ്രദേശം പതിറ്റാണ്ടുകള്‍ മുതല്‍ തര്‍ക്കപ്രദേശമാണ്. അര്‍മേനിയക്കാര്‍ കൂട്ടമായി താമസിക്കുന്ന ഈ പ്രദേശം സ്വതന്ത്രരാജ്യമായി അര്‍മേനിയയുടെ പിന്തുണയോടെ നിലനില്‍ക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച നഗോര്‍ണോ-കരോബാക് നിവാസികള്‍ക്കു നേരെ അസര്‍ബൈജാന്‍ സൈന്യം വെടിയുതിര്‍ത്തതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഏറ്റുമുട്ടലില്‍ ഇതുവരെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന.
















