ദുബായ്: സീസണിൽ ആദ്യമായി ഷെയ്ൻ വാട്സണും ഫാഫ് ഡുപ്ലെസിയും ഒരുമിച്ച് ഫോമിലേക്ക് ഉയർന്നതോടെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. തുടർച്ചയായ മൂന്നു തോൽവികൾക്കൊടുവിൽ കിങ്സ് ഇലവൻ പഞ്ചാബിനെ പത്ത് വിക്കറ്റുകൾക്ക് തകർത്താണ് സീസണിലെ രണ്ടാം ജയം ചെന്നൈ സ്വന്തമാക്കിയത്.
53 പന്തിൽ 87 റൺസെടുത്ത ഡുപ്ലെസിയും 53 പന്തിൽ 83 റൺസെടുത്ത വാട്സണും പുറത്താകാതെ നിന്നു. സീസണിലെ ആദ്യ മത്സരം ജയിച്ച പഞ്ചാബിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. രണ്ടാം ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തേയ്ക്ക് കയറിയപ്പോൾ അഞ്ച് കളികളിൽ ഒരു ജയവുമായി പഞ്ചാബ് അവസാന സ്ഥാനത്തേയ്ക്ക് എത്തി.
പഞ്ചാബ് ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ചെന്നൈ ഒരിക്കൽ പോലും സമ്മർദ്ദത്തിലായില്ല. ഓപ്പണിങ് വിക്കറ്റിൽ ഇതുവരെ ഫോമിലാവാതിരുന്ന വാട്സൺ പലിശയടക്കം തിരിച്ചു കൊടുത്തപ്പോൾ പഞ്ചാബ് ബൗളർമാർ വെറും കാഴ്ചക്കാരായി. ആദ്യ ഓവറിൽ തന്നെ രണ്ട് ബൗണ്ടറി അടിച്ചു തുടങ്ങിയ വാട്സൺ തുടർ പന്തുകളിൽ അർദ്ധ സെഞ്ച്വറിയിലേക്കെത്തി. ഡുപ്ലെസി 31 പന്തുകളിൽ അർദ്ധ സെഞ്ച്വറി തികച്ചു.
പഞ്ചാബ് ബൗളർമാരെ നിലം തൊടാതിരിക്കാൻ ശ്രദ്ധിച്ച വാട്സണും ഡുപ്ലെസിസും ക്രിസ് ജോർദാനെ കണക്കിന് പ്രഹരിച്ചു. ആദ്യ ഓവറിൽ 20 റൺസ് വഴങ്ങിയ ജോർദാൻ രണ്ട് ഓവറിൽ 30 റൺസ് വിട്ടുകൊടുത്തു. മൂന്ന് ഓവർ എറിഞ്ഞപ്പോൾ 48 റൺസാണ് ജോർദാന് വഴങ്ങേണ്ടി വന്നത്. പത്താം ഓവറിൽ ചെന്നൈ 100 റൺസ് പിന്നിട്ടപ്പോൾ പഞ്ചാബ് തോൽവി ഉറപ്പാക്കിയിരുന്നു. പതിനഞ്ചാം ഓവറിൽ ചെന്നൈ 150 ലെത്തി. പിന്നീടെല്ലാം ചടങ്ങുകൾ മാത്രമായിരുന്നു.11 ബൗണ്ടറിയും മൂന്ന് സിക്സും പറത്തിയാണ് വാട്സൺ 83 റൺസെടുത്തത്. 11 ബൗണ്ടറിയും ഒരു സിക്സും അടിച്ചാണ്. ഡുപ്ലെസി 87 റൺസെടുത്തത്. എന്തായാലും ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്ര വിജയം തന്നെയാണിത്. ചെന്നൈയുടെ ഒരു വലിയ മടങ്ങിവരവ് തന്നെയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: