തിരുവല്ല: വരുന്ന ശബരിമല മണ്ഡല,മകരവിളക്ക് തീർത്ഥാടനം എങ്ങനെയായിരിക്കണമെന്ന തീരുമാനിക്കാൻ തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം നടക്കാനിരിക്കെ ആരോഗ്യ പ്രോട്ടോക്കോൾ സംബന്ധിച്ച് ദേവസ്വം ബോർഡും ആരോഗ്യ വകുപ്പും ഭിന്നത രൂക്ഷമായി.കോവിഡ് പാരമ്യതയിൽ എത്തി നിൽക്കെ തീർത്ഥാടനം തന്നെ ഉപേക്ഷിക്കണമെന്ന അഭിപ്രായമായിരുന്നു ആരോഗ്യ വകുപ്പിന്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ദേവസ്വം ബോർഡ് പരിമിതമായ തോതിൽ എങ്കിലും ഭക്തരെ പ്രവേശിപ്പിക്കണമെന്ന നിലപാടിലാണ്. അതേ സമയം നേരത്തെ ആരോഗ്യ വിദഗ്ധർ ഒരു ദിവസം 5,000 തീർത്ഥാടതകരെ പ്രവേശിപ്പിക്കാമെന്ന നിർദ്ദേശം വച്ചിരുന്നു. എന്നാൽ സംഖ്യ ഉയർത്തണമെന്ന നിലപാടാണ് ദേവസ്വം ബോർഡിന്. രോഗവ്യാപനം ഉയരുന്ന ഘട്ടത്തിൽ ഒരു ദിവസം 5,000 തീർത്ഥാടകരിൽ താഴെ മാത്രമെ പ്രവേശിപ്പിക്കൂ എന്ന തീരുമാനത്തിൽ എത്താനാണ് സാധ്യത. ഇതിന്റെ ട്രയൽ റൺ തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ നടന്നേക്കും. തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ഭക്തരെ പ്രവേശിപ്പിക്കുമെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയത്.
നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തിയ ശേഷം തീർത്ഥാടകരെ പ്രവേശിപ്പിക്കാനാണ് തീരുമാനം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതെല്ലാം പരിശോധിക്കണമെങ്കിൽ വിപുലമായ ആരോഗ്യ സംവിധാനം ഒരുക്കണം. രോഗ വ്യാപനം മൂർദ്ധന്യത്തിൽ എത്തി നിൽക്കെ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നത്. എന്നാൽ ഈ ആവശ്യത്തോട് സർക്കാരോ,ആരോഗ്യ വകുപ്പോ പ്രതികരിച്ചിട്ടില്ല. സർക്കാർ ഡോക്ടർമാർ സ്പെഷ്യൽ ഡ്യൂട്ടി ചെയ്യാൻ വിസമ്മതിച്ചാൽ പ്രശ്നം വീണ്ടും സങ്കീർണ്ണമാകും.
ഒരു ദിവസം 5,000 തീർത്ഥാടകരെ വച്ച് സാമൂഹിക അകലം പാലിച്ച് ദർശനത്തിന് പ്രവേശിപ്പിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാവുകയില്ലെന്നാണ് ദേവസ്വം ബോർഡ് ജീവനക്കാരും പറയുന്നത്. പമ്പ മുതൽ സന്നിധാനം വരെയുള്ള അഞ്ച് കിലോ മീറ്റർ പാതയിലൂടെ സാമൂഹിക അകലം ഉറപ്പാക്കി ഭക്തരെ കടത്തിവിടാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ മലകയറ്റത്തിനിടെയിൽ ശാരീരിക അസ്വസ്ഥത ഉണ്ടായാൽ അവർക്ക് ചികിത്സ ലഭ്യമാക്കാൻ അടിയന്തര ശുശ്രൂഷ കേന്ദ്രങ്ങൾ വേണം. മുൻ വർഷങ്ങളിൽ നീലിമലയിലും അപ്പാച്ചിമേട്ടിലും അടക്കം ഇത്തരം കേന്ദ്രങ്ങളുണ്ടായിരുന്നു. ഈ വർഷം ഇത്തരം കേന്ദ്രങ്ങളെ സംബന്ധിച്ച് തീരുമാനം ഉന്നതതല സമിതിയുടെ തീരുമാനത്തെ ആശ്രയിച്ചയായിരിക്കും.കൂടാതെ ഈ വർഷം സർക്കാർ ഇതര സംഘടനകളെയും സ്ഥാപനങ്ങളെയും ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാൻ അനുവദിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
മാസ്ക് വച്ച് മലകയറ്റം സാധ്യമോ
കോവിഡ് പശ്ചാത്തലത്തിൽ മാസ്ക് വച്ച് മാത്രമെ മല കയറാൻ അനുവദിക്കുകയുള്ളു. എന്നാൽ മാസ്ക് വച്ചുള്ള മലകയറ്റം സാധ്യമാണോ എന്ന ചർച്ച ആരോഗ്യ വിദഗ്ധർക്കിടെയിൽ സജീവമാണ്.പ്രായമായവർ,സിഒപിഡിയുള്ളവർ,ശ്വാസകോശരോഗമുള്ളവർ,ഹൃദയ സംബന്ധമായ അസുഖമുള്ളവർ എന്നിവർക്ക് മാസ്ക് വച്ചുള്ള മലകയറ്റം പ്രയാസം സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതിനാൽ ഇങ്ങനെയുള്ളവർ ഇത്തവണത്തെ തീർത്ഥാടനത്തിൽ നിന്ന് മാറി നിൽക്കുന്നതാണ് അഭികാമ്യമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മലകയറുമ്പോൾ ഓക്സിജന്റ് അളവ് കുറയാൻ സാധ്യതയുണ്ട്. അതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ മുൻകരുതൽ സ്വീകരിക്കണം. മുൻ വർഷങ്ങളിൽ സന്നിധാനത്തേക്കുള്ള പാതയിൽ ഓക്സിജൻ പാർലറുകൾ ഉണ്ടായിരുന്നു. ഈ വർഷം ഇത്തരം സംവിധാനങ്ങൾ എപ്രകാരമായിരിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.
ദേവസ്വം ജീവനക്കാരെ കുറയ്ക്കും
മണ്ഡല-മകരവിളക്ക് ഉത്സവത്തിന് പരിമിതമായ തോതിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ ദേവസ്വം ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കും. താൽപര്യമുള്ളവരെ മാത്രം നിയോഗിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ജീവനക്കാർ.അപ്പം,അരവണ എന്നിവയുടെ വിതരണം എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇത്തവണം സന്നിധാനത്തോ,പമ്പയിലോ തീർത്ഥാടകരെ വിരിവയ്ക്കാൻ അനുവദിക്കില്ല. ദർശനം കഴിഞ്ഞ് ഉടൻ മടങ്ങണം. അതിനാൽ ദർശനത്തിന് തിരക്ക് ഉണ്ടാവാൻ സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ സന്നിധാനത്ത് മുൻ വർഷത്തെ അപേക്ഷിച്ച് പോലീസ് സേനാംങ്ങളുടെ എണ്ണവും കുറവയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: