ആലപ്പുഴ: നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനെ ചൊല്ലി സിപിഎം, കോണ്‍ഗ്രസ് രാഷ്‌ട്രീയ പോര്. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തിലാണ് ഇരുപാര്‍ട്ടികളുടെയും മത്സരം കൗതുകകരമാകുന്നത്. തുമ്പോളിയില്‍ മുത്തശനും, മുത്തശിക്കും ഒപ്പം താമസിക്കുന്ന മഹേഷ് എന്ന കുട്ടിക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത്. പാര്‍ട്ടി അനുകൂലികള്‍ സമുഹമാദ്ധ്യമങ്ങളിലൂടെയും മറ്റും വാഗ്ദാനം ആഘോഷിക്കുകയും ചെയ്തു. മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു.
എന്നാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇത് വാര്‍ത്തയായതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം വീട് നിര്‍മ്മിച്ചു നല്‍കാന്‍ രംഗത്തെത്തിയത്. മഹേഷിന് വീട് വെച്ച് നല്‍കാന്‍ മുന്‍ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് രംഗത്തെത്തി. തുമ്പോളിയിലെ തന്റെരണ്ടര സെന്റ് സ്ഥലത്താണ് തോമസ് ജോസഫ് മഹേഷിനു വീട് നിര്‍മിച്ചുനല്‍കുന്നത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീടിന് തറക്കല്ലിട്ടു.
നേപ്പാളി കുടുംബാംഗമാണ് മഹേഷ്. അച്ഛനും അമ്മയും നേപ്പാളിലേയ്‌ക്ക് തിരിച്ചുപോയി. മഹേഷും,ചേച്ചിയും മുത്തശ്ശനും മുത്തശിയ്‌ക്കുമൊപ്പമാണ് കഴിയുന്നത്. 2018 സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയാണ്. മഹേഷിന് വീടു നല്‍കുന്നതിന് കൃത്യമായ ഒരു പരിപാടിയുണ്ടാക്കി. അയാം ഫോര്‍ ആലപ്പി കാമ്പയിനില്‍ നിന്ന് വീടിനുള്ള പണം കണ്ടെത്താമെന്ന് സബ്കളക്ടറായിരുന്ന തേജോ വാഗ്ദാനം ചെയതിരുന്നതായി മന്ത്രി തോമസ് ഐസക്ക് പറയുന്നു. പക്ഷേ, സ്ഥലം കിട്ടിയില്ല. ഈ ഘട്ടത്തിലാണ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗം ശ്രീകുമാരക്കുറുപ്പ് തന്റെ സ്വന്തം പുരയിടത്തില്‍ നിന്ന് മൂന്നു സെന്റു സ്ഥലം മഹേഷിന് വീടുവെച്ചുകൊടുക്കാന്‍ വിട്ടുകൊടുക്കാമെന്ന് സമ്മതിച്ചത്. എന്നാല്‍ സബ്കളക്ടര്‍ക്ക് സ്ഥലം മാറ്റം വന്നത് കാര്യങ്ങള്‍ക്ക് തടസമായി. പിന്നാലെ കോവിഡും വന്നു. ഇപ്പോഴും കുട്ടിയ്‌ക്ക് വീടു നല്‍കാമെന്ന സമ്മതത്തില്‍ നിന്ന് റാമോജി ഫിലിം സിറ്റി പിന്മാറിയിട്ടില്ലെന്നും ഐസക്ക് പറയുന്നു.
മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ച് കബളിപ്പിച്ച കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍, വീട് നിര്‍മ്മാണവുമായി രംഗത്തെത്തിയത് രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടിയാണെങ്കിലും, നിര്‍ദ്ധന വിദ്യാര്‍ത്ഥിക്ക് ആശ്വാസമാകുകയാണ്. വീട് നിര്‍മ്മാണം ശിലാസ്ഥാപനത്തില്‍ ഒതുങ്ങരുതെന്നും അഭിപ്രായമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: