പറവൂര്‍: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മണ്ഡലത്തില്‍ മുന്നണികളുടെ അഴിമതികള്‍ പുറത്തുവരുന്നു. എല്‍ഡിഎഫും യുഡിഎഫും പരസ്പരം ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ ജനങ്ങള്‍ക്ക് ബോധ്യമാകുന്നത് ഇരു മുന്നണി നേതാക്കളുടെയും അഴിമതി.
പുനര്‍ജനി പദ്ധതിയില്‍ വന്‍ സാമ്പത്തിക അഴിമതി ആരോപിച്ച് വി.ഡി. സതീശന് എംഎല്‍എയെ പ്രധാനമായും ഇടതുമുന്നണി ഉന്നംവെക്കുന്നു. കോണ്‍ഗ്രസും സതീശനുമാകട്ടെ സര്‍ക്കാരിന്റെ പ്രളയ ഫണ്ട് തട്ടിപ്പും പറവൂര്‍ താലൂക്ക് ബാങ്കിലെ അരി കുംഭകോണവുമാണ് തിരിച്ചു പറയുന്നത്.
ഇടതു മുന്നണി സമരങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണ്. മുന്നണിയിലെ സിപിഐക്കാണ് പറവൂര്‍ സീറ്റ്. സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിനെ തോല്പിച്ചാണ് ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന പറവൂര്‍ സതീശന് പിടിച്ചെടുത്തത്. പറവൂര്‍ തിരിച്ചുപിടിക്കാന്‍ ഇടതുമുന്നണി പതിനെട്ടടവും പയറ്റിയെങ്കിലും വിജയിക്കാനായില്ല. പന്ന്യന്‍ രവീന്ദ്രനെ വരെ കൊണ്ടുവന്നെങ്കിലും ഫലം നിരാശയായിരുന്നു.
എന്നാല്‍ സിപിഎം കാലുവാരിയതാണ് പന്ന്യന്‍ പരാജയപ്പെടാന്‍ കാരണമെന്ന് ഒരുവിഭാഗം സിപിഐ നേതാക്കള്‍ അക്കാലത്ത് ആരോപിച്ചിരുന്നു. പി. രാജുവിന്റെ പരാജയവും സിപിഎമ്മിലെ ഒരു വിഭാഗവും സിപിഐയിലെ ഒരു വിഭാഗവും ചേര്‍ന്ന് സതീശന് വോട്ട് മറിച്ചതായുള്ള ആരോപണങ്ങള്‍ അക്കാലത്ത് അങ്ങാടിപ്പാട്ടായിരുന്നു.
കോണ്‍ഗ്രസിലാകട്ടെ ഗ്രൂപ്പുകളി ശക്തമാണ്. സതീശന് തന്റെ അനുയായികളെക്കൊണ്ട് പാര്‍ട്ടി നിറച്ചിരിക്കുന്നുവെന്നാണ് ആക്ഷേപം. കെപിസിസി വൈസ് പ്രസിഡന്റ് കെ.പി. ധനപാലന്, മുന്‍ നഗരസഭ ചെയര്‍പെഴ്സണ്‍ വത്സല പ്രസന്നകുമാര്‍ എന്നിവരെ പ്രധാന പരിപാടികളില്‍ നിന്നെല്ലാം ഒഴിവാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നടത്തുന്നതെന്ന ഏ വിഭാഗത്തിന്റെ ആരോപണങ്ങള്‍ക്ക് കാലങ്ങളോളം പഴക്കമുണ്ട്. ഇടതു മുന്നണിയും കോണ്‍ഗ്രസും നടത്തുന്ന സമരങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയാത്തതും ജനപങ്കാളിത്തം കുറയുന്നതും ഇരുമുന്നണികളെയും ഭയപ്പെടുത്തുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: