തിരുവനന്തപുരം: വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് നല്‍കിയത്. ശനിയാഴ്ച ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നല്‍കിയ കാര്യം വ്യക്തമായത്. എന്നാല്‍, ഇതിനിടയില്‍ ദേവരാജന്റെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു.
സംഭവം വിവാദമായതിന് പിന്നാലെ ഇന്നലെ വെണ്ണിയൂര്‍ സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വൈകിട്ട് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാരവും നടത്തി. കൊവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെയും വെണ്ണിയൂര്‍ സ്വദേശിയുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. മോര്‍ച്ചറിയില്‍ ഓരോ മൃതദേഹത്തിനും നമ്പരിട്ടാണ് സൂക്ഷിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൂടിക്കെട്ടിയ മൃതദേഹം മാറിയതായി ബന്ധുക്കള്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല.
സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങി. മൃതദേഹം കൈമാറിയ മോര്‍ച്ചറി ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രിന്‍സിപ്പലിന്റെ നിര്‍ദേശാനുസരണം ആര്‍എംഒ ഡോ.മോഹന്‍ റോയിയാണ് അന്വേഷണം നടത്തുന്നത്. ഇദ്ദേഹം ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീഴ്ച ഉണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സാറ വര്‍ഗീസ് പറഞ്ഞു.
കൊറോണ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് മൃതദേഹം മാറി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവിനെക്കുറിച്ചും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: