തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ ബലിയാടാക്കി അവര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നടത്തുന്ന റിലേ സത്യഗ്രഹത്തിന് പിന്നാലെ നഴ്‌സുമാരും സത്യഗ്രഹസമരം തുടങ്ങി. കൊവിഡ് ഡ്യൂട്ടി അവധി റദ്ദാക്കിയതിനെത്തുടര്‍ന്നാണിത്.
ഒരു ദിവസത്തിനകം ഒത്തുതീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടെയും മുന്നറിയിപ്പ്. ആരോഗ്യ പ്രവര്‍ത്തകര്‍ സമരം ശക്തമാക്കിയതോടെ ഇന്നു മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാനാണ് സാധ്യത. നിലപാടില്‍ നിന്ന് സര്‍ക്കാരും പിന്മാറിയിട്ടില്ല.
ശനിയാഴ്ച രാത്രിയോടെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ അവധി റദ്ദാക്കി മറ്റു സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കി മാര്‍ഗനിര്‍ദേശം ഇറങ്ങിയത്. പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള അവധി ദിവസങ്ങള്‍ ഇനി മുതല്‍ ലഭിക്കില്ല. പത്തു ദിവസം കൊവിഡ് ഡ്യൂട്ടി എടുത്താല്‍ ഏഴു ദിവസം അവധി എന്ന ആനുകൂല്യമാണ് ഈ മാര്‍ഗരേഖയിലൂടെ റദ്ദാക്കിയത്. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഇതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കൊവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരാകാന്‍ സാധ്യതയുള്ള നിര്‍ദേശമാണിതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രോഗിയെ പുഴുവരിച്ച സംഭവത്തിലെ നടപടി പിന്‍വലിക്കുന്നതിനൊപ്പം ഈ തീരുമാനവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ സംഘടനയായ കെജിഎന്‍യു ഇന്നലെ മുതല്‍ അനശ്ചിതകാല സമരം തുടങ്ങിയത്. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘടനകള്‍ സമരം തുടരുമ്പോഴും പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ക്ക് ആരോഗ്യ വകുപ്പോ സര്‍ക്കാരോ മുന്‍കൈ എടുത്തില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ ഭരണാനുകൂല സംഘടനകളും സമരക്കാര്‍ക്ക് ഒപ്പമാണെന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കൊറോണ വ്യാപനം അതിരൂക്ഷമായി പിടിമുറുക്കുമ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇരുകൂട്ടരും സ്വീകരിക്കുന്നതോടെ ഇന്നു മുതല്‍ ആരോഗ്യ മേഖലയുടെ താളംതെറ്റുമെന്ന ആശങ്കയാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: