കോവിഡ് രോഗ വ്യാപനം കണക്കിലെടുത്ത് മൊറട്ടോറിയം പ്രഖ്യാപിച്ച ആറ് മാസക്കാലത്തെ ബാങ്ക് വായ്പ തിരിച്ചടവുകള്‍ക്ക് കൂട്ടുപലിശ ഈടാക്കില്ലെന്ന തീരുമാനം കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ തല്പ്പരതയുടെ നിരവധി ഉദാഹരണങ്ങളിലൊന്നാണ്. രണ്ട് കോടി രൂപവരെയുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നതിനാല്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഇതിന്റെ ഗുണഭോക്താക്കളാവാന്‍ കഴിയും. എംഎസ്എംഇ വിഭാഗം അതായത് ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വായ്പകള്‍, വ്യക്തികളുടെ ഭവന വായ്പ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വീട്ടുപകരണ വായ്പ, വിദ്യാഭ്യാസ വായ്പ, ഉപഭോക്തൃ വായ്പ, വ്യക്തിഗത, പ്രൊഫഷണല്‍ വായ്പ എന്നിങ്ങനെയുള്ളവയ്ക്കാണ് കൂട്ടുപലിശ ഒഴിവാക്കിയിരിക്കുന്നത്. എല്ലാറ്റിന്റെയും പരിധി രണ്ട് കോടിരൂപയായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇങ്ങനെയൊരു ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുക വഴി ബാങ്കുകള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരും. ഈ ബാധ്യത ഏറ്റെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ആറ് ലക്ഷം കോടിയിലേറെ രൂപയാണ് ഇതിന് വേണ്ടിവരിക. ഇത്രയും തുക ബാങ്കുകള്‍ സ്വന്തം ആസ്തിയില്‍നിന്ന് എടുത്താല്‍ അവയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവും. ഈയൊരു സാഹചര്യം മുന്‍നിര്‍ത്തിയാണ് ഭീമമായ തുക സര്‍ക്കാര്‍ നല്‍കുന്നത്. മൊറട്ടോറിയം കാലത്തെ പലിശയും കൂട്ടുപലിശയും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ സു്രപീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് മോദി സര്‍ക്കാര്‍ സുപ്രധാനമായ തീരുമാനം അറിയിച്ചിരിക്കുന്നത്.
മാര്‍ച്ച്-ആഗസ്റ്റ് കാലയളവിലെ മൊറട്ടോറിയത്തിന് അപേക്ഷിക്കാത്തവര്‍ക്കും വായ്പാ തിരിച്ചടവില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ ആനുകൂല്യം ലഭിക്കുമെന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിലെ എടുത്തു പറയേണ്ട നേട്ടങ്ങളിലൊന്ന്. ഒരേസമയം ജനകീയവും സുതാര്യവും ഉത്തരവാദിത്വബോധത്തോടെയുമുള്ള തീരുമാനമാണ് ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയം കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണ്. മൊറട്ടോറിയം കാലത്തെ
പിഴപ്പലിശ എഴുതിത്തള്ളണമെന്ന ആവശ്യമാണ് ഹര്‍ജിക്കാരില്‍ ചിലര്‍ ഉന്നയിച്ചത്. ഇങ്ങനെയൊരു നിര്‍ദ്ദേശത്തെ അനുകൂലിക്കുന്നുവെന്ന മട്ടിലുള്ള പ്രതികരണം ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നുണ്ടായി. എന്നാല്‍ ഇത് അംഗീകരിച്ചാല്‍ സാധാരണ നിക്ഷേപകര്‍ക്ക് പലിശ കൊടുക്കാന്‍ പോലും പറ്റാത്തവിധം ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരുതലോടെയുള്ള ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്റെ ഫലമായി ബാങ്കുകള്‍ക്ക് വരുന്ന ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മോദി സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി പ്രഖ്യാപിച്ച് സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കിയ ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കടുത്ത തെറ്റിദ്ധാരണ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളും, അവര്‍ക്ക് വിടുപണി ചെയ്യുന്ന മാധ്യമങ്ങളും ശ്രമിച്ചത്. എന്നാല്‍ ഈ പദ്ധതികളുടെയെല്ലാം ഗുണഫലങ്ങള്‍ ലഭിക്കുന്ന ജനങ്ങള്‍ കുപ്രചാരണങ്ങള്‍ തള്ളി മോദി സര്‍ക്കാരിനെ പിന്തുണച്ചു. ഏറ്റവുമൊടുവില്‍, പതിറ്റാണ്ടുകളായി കണ്ണില്‍ ചോരയില്ലാതെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരില്‍നിന്ന് രാജ്യത്തെ കര്‍ഷകരെ മോചിപ്പിക്കാന്‍ ലക്ഷ്യമിടുന്ന കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ പാര്‍ലമെന്റ് പാസ്സാക്കിയപ്പോഴും പ്രതിപക്ഷം ആത്മാര്‍ത്ഥതയില്ലാത്ത അപവാദ പ്രചാരണം നടത്തി. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ചില സംഘടനകള്‍ ഉന്നയിച്ച സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും സര്‍ക്കാര്‍ ഉചിതമായ മറുപടി നല്‍കുകയും ചെയ്തു. അപ്പോഴും മോദി സര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് ഏതുവിധേനയും വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രചാരവേല തുടരുകയാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ എന്നും എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണെന്ന് അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കാനുള്ള തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: