തിരുവനന്തപുരം: ഐ ഫോണ്‍ വിവാദം പുതിയ തലത്തിലേക്ക്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ച് ഐ ഫോണുകളില്‍ ഒരെണ്ണം ലഭിച്ചത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എ.പി. രാജീവനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.പി. രാജീവന്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
2019 ഡിസംബര്‍ രണ്ടാം തീയതി നടന്ന യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ച് ഐഫോണുകള്‍ വിതരണം ചെയ്തത്. ലക്കിഡ്രോയിലെ ആദ്യ അഞ്ച് വിജയികള്‍ക്കായിരുന്നു ഫോണുകള്‍ സമ്മാനം നല്‍കിയത്. അതില്‍ ഒരെണ്ണം ലഭിച്ചത് അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറായ എ.പി. രാജീവനാണെന്ന് തിരിച്ചറിഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരിക്കെ ഇയാള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിച്ചപ്പോള്‍ ആദ്യം എത്തിയവരില്‍ ഇയാളുമുണ്ട്. കൊറോണ മാനദണ്ഡപ്രകാരം അടച്ചിട്ട ഓഫീസില്‍ ഇയാള്‍ എന്തിന് വന്നു എന്നതും സംശയം ഉയര്‍ത്തുന്നു. മാധ്യമപ്രവര്‍ത്തകരെ സെക്രട്ടേറിയറ്റില്‍ നിന്നു നീക്കം ചെയ്യുന്നതിന് നേതൃത്വം കൊടുത്തവരില്‍ പ്രാധാനിയും രാജീവനായിരുന്നു. ഇതെല്ലാം സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു.
മൂന്ന് വര്‍ഷമായി യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന നയതന്ത്ര ബാഗേജുകളുടെ വിവരങ്ങള്‍ ഒന്നുമില്ല എന്നാണ് അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗം നല്‍കിയ മറുപടി. എന്നാല്‍, 17,000 കിലോ ഈന്തപ്പഴം, 250 വിവാദ പാക്കേജുകള്‍ ഉള്‍പ്പെടെ നിരവധി ബാഗേജുകള്‍ നയതന്ത്ര ചാനലിലൂടെ കടന്നുപോയി. നയതന്ത്ര ബാഗേജിന് നികുതി ഇളവ് ലഭിക്കണമെങ്കില്‍ കസ്റ്റംസിന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം. കസ്റ്റംസ് നികുതി ഇളവ് നല്‍കിയിട്ടുമുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസിലുള്ളവര്‍ക്ക് അനധികൃത ബന്ധമുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്‍.പി. രാജീവന്‍ യുഎഇ ദിനാഘോഷത്തില്‍ പങ്കെടുത്തതും ഐഫോണ്‍ ലഭിച്ചതും പുറത്തുവന്നതോടെ ഈ ആരോപണവും ബലപ്പെടുന്നു.
ഫോണുകള്‍ മാത്രമല്ല, എയര്‍ ടിക്കറ്റുകളും വാച്ചും ചടങ്ങില്‍ സമ്മാനമായി നല്‍കിയിട്ടുണ്ട്. രാജീവനെ കൂടാതെ ഐഫോണുകള്‍ ലഭിച്ച മറ്റ് രണ്ട് പേരുടെ ചിത്രം കൂടി പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. തനിക്ക് ഫോണ്‍ ലഭിച്ചിട്ടില്ലെന്നും ഫോണുകള്‍ ആര്‍ക്കൊക്കെയാണ് ലഭിച്ചതെന്ന് കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് പരാതി നല്‍കി. എന്നാല്‍ ഫോണ്‍ നഷ്ടപ്പെടുകയോ ഉടമ ഏതെങ്കിലും കേസില്‍ പ്രതിയാവുകയോ ചെയ്താല്‍ മാത്രമേ ഐഎംഇ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ കണ്ടെത്താനാകൂയെന്നാണ് പോലീസ് നിലപാട്.
സിബിഐ അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് രമേശ് ചെന്നിത്തലയ്‌ക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്. പണത്തിനു പുറമെ അഞ്ചു മൊബൈല്‍ ഫോണുകള്‍ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം നല്‍കി. ഇതിലൊന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് സമ്മാനിച്ചുവെന്നും സന്തോഷ് ഈപ്പന്‍ കോടതിയെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: