തിരുവനന്തപുരം: ലൈഫ് മിഷന് അഴിമതി അന്വേഷണത്തില്‍ സിബിഐക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത് സ്വന്തം അനുമതി ഉത്തരവ് മറച്ചുവച്ച്. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ (ഫോറിന് കോണ്ട്രിബ്യൂഷന് റഗുലേഷന് ആക്ട്-എഫ്സിആര്‍എ) ലംഘനങ്ങള്‍ അന്വേഷിക്കാന്‍ പിണറായി സര്‍ക്കാര്‍ 2017ല്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. എല്ലാ വിദേശ സംഭാവന നിയന്ത്രണ ചട്ടലംഘനവും സിബിഐക്ക് അന്വേഷിക്കാമെന്ന് ഗസറ്റില്‍ വിജ്ഞാപനവും ചെയ്തു. ഇതു മറച്ചു വച്ചാണ് ലൈഫ് മിഷന് ക്രമക്കേടില്‍ സിബിഐ ആരംഭിച്ച അന്വേഷണം വിലക്കണം എന്നാവശ്യപ്പെട്ടു കോടതിയില്‍ പോയത്. സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
കേന്ദ്ര ആക്ട് 42 ആയി എഫ്സിആര്‍എ നിലവില്‍ വന്നത് 2010ലാണ്. അതനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ അന്വേഷിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സിബിഐ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. സിബിഐക്ക് ഇതിന് അനുമതി നല്കി 2017 ജൂണ്‍ എട്ടിന് പിണറായി സര്‍ക്കാര്‍ ഉത്തരവ് നല്കി. ഇതനുസരിച്ച് സംസ്ഥാനത്ത് നടക്കുന്ന എല്ലാ എഫ്സിആര്‍എ ചട്ടലംഘനങ്ങളും സിബിഐക്ക് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാം. ഇത് 2017 ജൂണ്‍ 13ന് വാല്യം 6, നമ്പര്‍ 1202 എന്ന അസാധാരണ ഗസറ്റായി വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തു. എഫ്സിആര്‍എ വകുപ്പിന്റെ ലംഘനങ്ങള്‍, അതിനെ പ്രോത്സാഹിപ്പിക്കല്‍, ഗൂഢാലോചന നടത്തല്‍, അതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കല്‍ എല്ലാം സിബിഐക്ക് സംസ്ഥാനത്ത് എവിടെയും അന്വേഷിക്കാം. അന്നത്തെ ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതാ ബിശ്വാസ് ആണ് വിജ്ഞാപനം ഇറക്കിയത്.
ഇത് മറച്ചുവച്ചാണ് ലൈഫ് മിഷനില്‍ റെഡ്ക്രസന്റുമായുള്ള 20 കോടിയുടെ വിദേശ സംഭാവനയിലെ ക്രമക്കേടിനെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തെ പിണറായി സര്‍ക്കാര്‍തന്നെ എതിര്‍ക്കുന്നത്. സിബിഐ സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാര്‍ വാദം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. വന്‍ തുക നല്‍കിയാണ് ദില്ലിയില്‍ നിന്നും സര്‍ക്കാരിനുവേണ്ടി വാദിക്കാന്‍ സുപ്രീംകോടതി അഭിഭാഷകനെ എത്തിച്ചത്. ഇതിന് പി
ന്നാലെയാണ് സിബിഐക്ക് അന്വേഷണ അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി ലൈഫ് മിഷനുമായി റെഡ്ക്രസന്റ് ധാരണാപത്രം ഒപ്പിട്ടത് എഫ്സിആര്‍എ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കേന്ദ്ര വിദേശ, ആഭ്യന്തര മന്ത്രാലയങ്ങള്‍ വ്യക്തമാക്കിയിരുന്നു. 4.25 കോടി രൂപ കമ്മീഷന് ഇനത്തില്‍ മാത്രം നല്‍കിയെന്നാണ് വടക്കാഞ്ചേരിയില്‍ കെട്ടിടം നിര്‍മിക്കുന്ന യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന് സിബിഐക്ക് മൊഴി നല്‍കിയത്. ലൈഫ്മിഷന് സിഇഒയോട് ഫയലുകളുമായി ഓഫീസില്‍ എത്താന്‍ സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: