കൊച്ചി: മുളന്തുരുത്തിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച എസ്ഐയെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിച്ചതായി ആരോപണം. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ ബാബു മാത്യു (55) നെ രക്ഷിക്കാന്‍ പോലീസ് ഉന്നതര്‍ ശ്രമിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മുളന്തുരുത്തി പോലീസ് സ്റ്റേഷനില്‍ എഎസ്ഐ ആയിരിക്കുമ്പോള്‍ മുതല്‍ ഒരു വര്‍ഷത്തിലേറെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് മുപ്പത്തിയേഴുകാരിയായ യുവതി ഡിസിപി ജി. പൂങ്കുഴലിക്ക് ഒരു മാസം മുമ്പ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്തു. എന്നാല്‍, ഇയാളെ പോലീസ് അറസ്റ്റ് ചെയ്തില്ല. തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിന് പോലീസ് മൗനാനുവാദം നല്‍കിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. മുന്‍കൂര്‍ ജാമ്യം ലഭിക്കാതായതോടെ ഇയാര്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഒരിക്കല്‍ വാഹനപരിശോധനയ്ക്കിടെ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാമെന്ന് സമ്മതിച്ചു. സ്റ്റേഷനിലെത്തിയപ്പോള്‍ ബാബു യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീടൊരു ദിവസം വീട്ടിലെത്തിയ പ്രതി ബലപ്രയോഗത്തിലൂടെ യുവതിയെ കീഴ്പ്പെടുത്തി പീഡിപ്പിച്ചുവെന്നും, വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം അതിക്രമം തുടരുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: