മറയൂര്‍: മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേരെ മറയൂര്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി അടിവാരം വലിയിറകത്ത് പുത്തന്‍വീട്ടില്‍ ബാബു(37), വയനാട് കാട്ടിക്കുളം പുത്തന്‍വീട്ടില്‍ റോയിമോന്(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറയൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്കുമുമ്പ് ഇരുവരും മറയൂര്‍ മേഖലയില്‍ കെട്ടിട നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ പ്രദേശത്ത് കഞ്ചാവ് വില്‍പ്പനയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തി.
ഇതേ തുടര്‍ന്നാണ് വയനാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ച് മറയൂരില്‍ മൊത്ത വില്‍പ്പന നടത്തിവന്നത്. എണ്‍പതിനായിരം രൂപയ്ക്ക് വാങ്ങിയ മൂന്നു കിലോ കഞ്ചാവ് മറയൂരില്‍ 1,20,000 രൂപക്കാണ് വില്‍പ്പന നടത്താന്‍ ശ്രമിച്ചത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി എക്സൈസ് ഓഫിസര്‍ രഞ്ജിത്കുമാര്‍ പറഞ്ഞു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.പി ബിനുമോന്, സിഇഒമാരായ കെ.പി റോയിച്ചന്, എ.സി. നെബു, എഫ്. പ്രിബിന്‍, എം. മനോജ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികളും കോടതിയില്‍ ഹാജരാക്കി.
കട്ടപ്പന: മുരിക്കാശ്ശേരി പടമുഖത്ത് രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കൊല്ലം പത്തനാപുരം ബിനുഭവനില്‍ വിബിന് വിജയ് ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇടുക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മുരിക്കാശേരി പടമുഖം റൂട്ടില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതി ഇപ്പോള്‍ മൂവാറ്റുപുഴയില്‍ ആണ് താസമിക്കുന്നത്.
ഇടുക്കിയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് മൂവാറ്റുപുഴയില്‍ എത്തിച്ച് ചില്ലറ വില്‍പ്പന നടത്തുവാനായിരുന്നു പ്രതിയുടെ പദ്ധതി. വാങ്ങിയ കഞ്ചാവുമായി ബൈക്കില്‍ ജോസ്പുരത്ത് നിന്ന് മടങ്ങവെയാണ് എക്സെസ് സംഘം സാഹസികമായി പ്രതിയെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചും കൂടുതല്‍ ആളുകള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമെ അറിയുവാന്‍ കഴിയുകയുള്ളു എന്ന് സി.ഐ. സുരേഷ് കുമാര്‍ പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ എസ്, ഓഫീസര്‍മാരായ സുനില്‍കുമാര്‍ പി.ആര്, ജലീല്‍ പി.എം. സിജുമോന്‍, അനൂപ് തോമസ്, ജോഫില്‍ ജോണ്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും എക്സൈസ് കസ്റ്റടിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: