മലയാള പുസ്തക പ്രസാധന ചരിത്രത്തിലും വായനയുടെ തലത്തിലും തനതു സ്ഥാനം സൃഷ്ടിച്ച ‘കൃഷ്ണായനം’ എന്ന കൃതിയുടെ കര്‍ത്താവാണ് തുളസി കോട്ടുക്കല്‍. 1200 പേജുള്ള ഈ കൃതി പത്തു വര്‍ഷംകൊണ്ട് ഇരുപത് പതിപ്പുകളിലായി ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റു. മലയാളത്തിലെ എക്കാലത്തേയും മികച്ച കൃഷ്ണ കഥാഗ്രന്ഥവും, കൃഷ്ണായനം എന്ന പേര് സാഹിത്യത്തിനു സംഭാവന ചെയ്ത കൃതിയുമാണിത്. അന്താരാഷ്‌ട്ര പുസ്തകമേളയില്‍ മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡ് നേടി. സ്മൃതി അവാര്‍ഡ്, ജന്മാഷ്ടമി പുരസ്‌കാരം തുടങ്ങി പത്തോളം അവാര്‍ഡുകളും ഈ പുസ്തകത്തിനു ലഭിച്ചിട്ടുണ്ട്.
‘കൃഷ്ണായനത്തിന്റെ ഉണര്‍വും ഊര്‍ജ്ജവും ആസ്വാദകന്റെ ഹൃദയത്തിലാണെന്ന്’ അവതാരികയില്‍ കൃതിയെക്കുറിച്ച് പറയുന്നുണ്ട്. ഗര്‍ഗ ഭാഗവതം, വിഷ്ണു പുരാണമടക്കം പന്ത്രണ്ടോളം പുരാണങ്ങളും മഹാഭാരതവും പഠിച്ച് എഴുതിയ കൃഷ്ണായനം കൃഷ്ണനെ ആധുനിക മനുഷ്യ ഭാവത്തില്‍, വ്യത്യസ്ത ആഖ്യാനത്തില്‍ അവതരിപ്പിക്കുന്നു. അന്‍പതോളം പുസ്തകങ്ങളുടെ രചയിതാവായ തുളസി കോട്ടുക്കല്‍ ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ മത സംബന്ധിയായ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളം, സംസ്‌കൃതം ഭാഷകളില്‍ പണ്ഡിതനായ തുളസി കോട്ടുക്കല്‍ ഉജ്ജ്വല വാഗ്മി കൂടിയാണ്. എഴുത്തുകാരന്റെ ദര്‍ശനം, കാവ്യശൈലി എഴുത്തുകാരന്റെ കൃതികളില്‍ എന്നീ പ്രബന്ധങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. രണ്ടു പ്രാവശ്യം തുഞ്ചന്‍ അവാര്‍ഡ് ലഭിച്ച ഏക വ്യക്തിയാണ് തുളസി കോട്ടുക്കല്‍. ‘ഹരിനാമകീര്‍ത്തനം’ എന്ന എഴുത്തച്ഛന്‍ കൃതിയുടെ പഠനത്തിലൂടെ മലയാള ഭാഷയുടെ ദര്‍ശനത്തിലേക്ക് എത്തിച്ചേരുന്നു. മലയാളത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു പഠനമാണിത്. സാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം, ശ്രീനാരായണ ഗുരുവും ക്ഷേത്ര സങ്കല്‍പ്പവും ഗുരുവിന്റെ സാഹിത്യ രചനകള്‍, നാരായണീയത്തിലെ ഭക്തി തുടങ്ങി 250 ഓളം പ്രബന്ധങ്ങളുടെ രചയിതാവാണ്. മറ്റൊരു ശ്രദ്ധേയമായ ഗ്രന്ഥം ‘മലയാള രാമായണമാണ്.’ രാവണന്റെ മകളാണ് സീത എന്നൊരു സങ്കല്‍പമുണ്ട്. ആ സങ്കല്‍പത്തിന്റെ സത്യം അന്വേഷിക്കുകയും, അതിന്റെ ന്യായങ്ങള്‍ വിലയിരുത്തുകയും ചെയ്തുകൊണ്ട് രാവണന്റെ ഭാഗത്തു നിന്നു രാമായണം വായിക്കുകയാണ് ഈ കൃതിയില്‍ ചെയ്യുന്നത്.
നൂറ്റിപ്പതിനൊന്നു ഉപന്യാസങ്ങള്‍, 51 ഉപന്യാസങ്ങള്‍, തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍, മലയാളം അ+, മലയാളത്തിലെ പ്രയോഗങ്ങളും സാദ്ധ്യതകളും എന്നിവ ഏറെ കോപ്പികള്‍ വിറ്റഴിഞ്ഞ ശ്രദ്ധേയമായ കൃതികളാണ്. മത്സര പരീക്ഷകള്‍ക്കും പ്രസംഗങ്ങള്‍ക്കും ഈ ഗ്രന്ഥങ്ങള്‍ പലരും റഫറന്‍സിനായി ഉപയോഗിക്കാറുണ്ട്. ശ്രീശങ്കരാചാര്യരുടെ ജീവിതം ഗവേഷണ മൂല്യത്തോടെ എഴുതിയ ശ്രീ ശങ്കരാചാര്യര്‍, ഡോ. അംബേദ്കര്‍, അയ്യങ്കാളി എന്നീ ജീവചരിത്ര ഗ്രന്ഥങ്ങളും ശ്രദ്ധേയമാണ്.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ യാഗപ്പശു, സ്വര്‍ണ്ണക്കീരി, മഹാഭാരതത്തിലെ നുറുങ്ങുകഥകള്‍, ഭഗീരഥന്‍, മധുമൊഴിക്കഥകള്‍, തേനൂറും കഥകള്‍ എന്നിവയും ബാലസാഹിത്യത്തിനു മുതല്‍ക്കൂട്ടുതന്നെ.
‘ബസേലിയന്‍’ എന്ന തൂലികാ നാമത്തിലും തുളസി കോട്ടുക്കല്‍ എഴുതുന്നുണ്ട്. പഴയ നിയമവും പുതിയ നിയമവും സാധാരണ വായനക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ തുടര്‍ച്ച നഷ്ടപ്പെടാതെ എഴുതിയ ഗ്രന്ഥമാണ് ‘ബൈബിള്‍ കഥാസാഗരം. ‘വിശുദ്ധനായ പത്രോസ്’ എന്ന ദാര്‍ശനിക ഗ്രന്ഥത്തിന്റെയും ‘ഖുറാന്‍ കഥകള്‍’ എന്ന ഗ്രന്ഥത്തിന്റേയും രചനയിലാണ് ഇപ്പോള്‍. അവതാര കഥാപഞ്ചകം, ശ്രീ അയ്യപ്പന്‍, വേദ കഥകള്‍, അരുന്ധതി, സൗപര്‍ണിക തുടങ്ങിയ മിക്ക കൃതികളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സിബിഎസ്ഇ ക്ലാസ്സുകള്‍ക്കു വേണ്ടി പിസിഎം പുറത്തിറക്കുന്ന മലയാള പാഠാവലിയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍. സിബിഎസ്ഇ ഒമ്പതാം തരത്തിലെ ഉപ പാഠപുസ്തകമായ ‘തേജസ്വിയായ വാഗ്മി’യുടെ കര്‍ത്താവു കൂടിയാണ്. അദ്ധ്യാപകര്‍ക്കു വേണ്ടിയും, സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും നിരവധി ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. മഹാഭാരതത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവലംബമാക്കി ഒരു വേറിട്ട പുസ്തകം രചിക്കാനുള്ള പഠനത്തിലും പരിശ്രമത്തിലുമാണ്.
നന്നേ ചെറുപ്രായത്തില്‍ തന്നെ എഴുത്തിന്റെ വഴിയിലേക്ക് കടക്കാന്‍ കഴിഞ്ഞു. മലയാള മനോരമ, കഥ മാസിക, ഭാഷാപോഷിണി തുടങ്ങിയ ആനുകാലികങ്ങളിലൊക്കെ നിരന്തരം എഴുതിക്കൊണ്ടിരുന്നു. പുരാണവുമായി ബന്ധപ്പെട്ട രചനകളിലേക്ക് കടക്കാന്‍ പ്രോത്സാഹനം നല്‍കിയത് അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് പ്രൊഫസറായിരുന്ന ഡോ. കെ.സുകുമാരപിള്ള സാറാണ്. ജോലി ലഭിക്കുന്നതിനു മുന്‍പ് പുനലൂര്‍ ഹരിശ്രീ ബുക്‌സിനു വേണ്ടി എഴുതിയ ‘ഹരിശ്രീ മഹാഭാരതം’ നല്ല സ്വീകാര്യത നേടി. അക്കാലത്ത് ഹരിശ്രീ രാധാകൃഷ്ണനും, ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവന്‍ ഡയറക്ടറായ ഡോ പുനലൂര്‍ സോമരാജനും ചേര്‍ന്ന് ന്യൂസ് മെയില്‍ എന്നൊരു വാരിക നടത്തിയിരുന്നു.
ഹൈസ്‌കൂള്‍ അദ്ധ്യാപകനായി വിരമിച്ചതിനു ശേഷം കേരള സര്‍ക്കാരിന്റെ പാഠ പുസ്തക സമിതിയില്‍ പത്തു വര്‍ഷം പ്രവര്‍ത്തിച്ചു. മലയാളത്തിലെ പ്രശസ്തരായ മിക്ക എഴുത്തുകാരുമായും സൗഹൃദം സ്ഥാപിക്കുവാന്‍ കഴിഞ്ഞത് എഴുത്തു വഴിയില്‍ അനുഗ്രഹമായി. ‘തുള്ളല്‍ സാഹിത്യത്തിലെ കേരളീയത’ എന്ന പ്രബന്ധത്തിനു ലഭിച്ച അവാര്‍ഡ് മലയാളത്തിലെ എക്കാലത്തേയും പ്രശസ്ത എഴുത്തുകാരന്‍ തകഴിയില്‍ നിന്ന് ഏറ്റുവാങ്ങിയത് ഇന്നും ഒരു നിധി പോലെ സൂക്ഷിക്കുന്നു.
കൃഷ്ണായനം പോലെ തന്നെ ‘ഋഗ്വേദം ഗദ്യം’ എന്ന പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഋഗ്വേദത്തിനു ഭാരതത്തിലുണ്ടായ ആദ്യത്തെ ഗദ്യ വിവര്‍ത്തനമാണ് ഋഗ്വേദം ഗദ്യം. പതിനാലു വര്‍ഷത്തെ നിരന്തര ശ്രമവും അതുല്യമായ പ്രതിഭയും പാണ്ഡിത്യവും ആ ഗ്രന്ഥത്തിനു പിന്നിലുണ്ട്. വേദസാഹിത്യത്തിലെ അമൂല്യ ഗ്രന്ഥമായ ഋഗ്വേദത്തെ പരിപൂര്‍ണ്ണമായും ഗദ്യത്തില്‍ ആവിഷ്‌കരിക്കുകയാണ് ഈ കൃതിയില്‍.ഏഴു ഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന് 3400 പേജുണ്ട്.
എഴുത്തു വഴിയില്‍ എപ്പോഴും ഒരു ഒറ്റയാനും ഏകാന്ത പഥികനുമാകണം. ഒരു എഴുത്തുകാരന് അവശ്യം വേണ്ടത് പരന്ന വായനയാണ്. ഏതൊരു രചനയും വിജയം വരിക്കുന്നത് ആസ്വാദകന്റെ ആത്മാവിലാണ്. ഏതു രചനയ്‌ക്കു പിന്നിലും കഠിനമായ പരിശ്രമം ആവശ്യമാണ്. നന്നായി പ്രകൃതിയേയും ജീവജാലങ്ങളേയും നിരീക്ഷിക്കുന്നവര്‍ക്കു മാത്രമേ വാക്കുകള്‍ പൊരുത്തപ്പെടുത്തി നല്ല മുഹൂര്‍ത്തങ്ങള്‍ രചനയില്‍ സമ്മാനിക്കാനാവൂ.
അനീഷ് കെ.അയിലറ
പ്രതികരിക്കാൻ ഇവിടെ എഴുതുക