Categories: Kollam

വൃദ്ധനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി, ഭാര്യയും ക്വട്ടേഷന്‍ സംഘാംഗവും പിടിയില്‍

Published by

ശാസ്താംകോട്ട: കുടുംബസ്വത്ത് മകന് നല്‍കാന്‍ തീരുമാനിച്ച വൃദ്ധനെ ഭാര്യയും മകളും മിലിട്ടറി ഉദ്യോഗസ്ഥനായ മരുമകനും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഭാര്യയും ക്വട്ടേഷന്‍ സംഘാംഗവും പിടിയിലായി. മകളെയും മരുമകനെയും പോലീസ് തിരയുന്നു. നട്ടെല്ല് തകര്‍ന്ന് ഗുരുതരാവസ്ഥയിലായ വൃദ്ധന്‍ ചികിത്സയിലാണ്.

ശൂരനാട് വടക്ക് ഗിരിപുരം തടത്തിവിളവീട്ടില്‍ സുരേന്ദ്രന്‍ (61) ആണ് ഗുണ്ടാ ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ ഭാര്യരുക്മിണി (55), ക്വട്ടേഷന്‍ സംഘത്തില്‍പെട്ട കരുനാഗപ്പള്ളി തൊടിയൂര്‍ വടക്ക് നികുഞ്ജത്തില്‍ അഭിഷേക് (25), എസ്എന്‍ പുരം പടിഞ്ഞാറ്റക്കിഴക്ക് സാഗര്‍ (21), അയല്‍ക്കാരനായ കോയിക്കല്‍ തുണ്ടില്‍ വടക്കതില്‍ ശരത്കുമാര്‍ (28) എന്നിവരെയാണ് ശൂരനാട് പോലീസ് പിടികൂടിയത്. ക്വട്ടേഷന്‍ നല്‍കിയ സുരേന്ദ്രന്റെ മകള്‍ സുനിത (27), ഇവരുടെ ഭര്‍ത്താവ് ഗുജറാത്തില്‍ മിലിട്ടറി ഉദ്യോഗസ്ഥനായ ശരണ്‍ ലാല്‍ (29) എന്നിവരടക്കം പത്തോളം പ്രതികളെ ഇനി പിടികൂടാനുണ്ട്.

ശരണ്‍ ലാലും സുനിതയും ചേര്‍ന്നാണ് അച്ഛനായ സുരേന്ദ്രനെ കൊല്ലാന്‍ പണം നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. സുരേന്ദ്രന്‍ കുടുംബസ്വത്ത് മകന്റെ പേരില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചതിന്റെ പ്രതികാരമാണ് മകളെയും മരുമകനെയും ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

മെയ് 26നായിരുന്നു സംഭവം. അന്ന് രാത്രി വാഹനം കേടായി റോഡില്‍ കിടക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ക്വട്ടേഷന്‍സംഘം സുരേന്ദ്രനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയത്. തുടര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയശേഷം മരിച്ചെന്ന് കരുതി തൊട്ടടുത്ത കനാലിലേക്ക് വലിച്ചെറിഞ്ഞു. വാരിയെല്ല് തകര്‍ന്ന് കനാലില്‍ കിടന്ന സുരേന്ദ്രനെ ഭാര്യയും അയല്‍ക്കാരും ചേര്‍ന്നാണ് ആശുപത്രിയിലാക്കിയത്.

തുടക്കത്തില്‍ ഭാര്യയുടെയും മകളുടെയും പങ്ക് ബോധ്യമാകാതിരുന്ന പോലീസ് ഏറെനാള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഗൂഢാലോചന പുറത്തു കൊണ്ടുവന്നത്. ഇതിനിടെ കൃത്യത്തില്‍ പങ്കെടുത്ത സംഘത്തെ മരുമകന്‍ ശരണ്‍ ലാല്‍ കേരളത്തിന് പുറത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചനയുണ്ട്. മിലിട്ടറി ഉദ്യോഗസ്ഥനായ ശരണും ഭാര്യയും പ്രതിസ്ഥാനത്തു വന്നതോടെ മിലിട്ടറി ക്യാമ്പില്‍ നിന്നും ഒളിവില്‍ പോയിരിക്കുകയാണ്.

ഇവര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ശൂരനാട് സിഐ എ. ഫിറോസ്, എസ്ഐ പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗൂഢാലോചന പുറത്തു കൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by