കൊല്ലം: നഗരത്തിലെ ജൈവ വൈവിധ്യ മേഖലയെ തകര്‍ക്കുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തിവെക്കണമെന്നും പ്രകൃതിക്കു നേരെയുള്ള കയ്യേറ്റം രാക്ഷസീയതയുടെ ഭാഗമാണെന്നും പൊതുപ്രവര്ത്തകന് എം.കെ. സലിം അഭിപ്രായപ്പെട്ടു. പ്രകൃതിസംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് സംഘടിപ്പിച്ച ‘മാ നിഷാദാ’ പരിസ്ഥിതി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2019ല്‍ ആശ്രാമത്തെ ജൈവവൈവിധ്യ മേഖല സംരക്ഷിക്കുമെന്ന് പറഞ്ഞ ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ സംരക്ഷിത മേഖലയിലെ കണ്ടല്‍ചെടികള്‍ നശിപ്പിച്ച് പൊതു ഖജനാവിലെ കോടികള്‍ ചെലവിട്ട് അധികൃത നിര്മ്മാണത്തിനു് കൂട്ടുനില്‍ക്കുന്നത് പ്രദേശത്ത് വലിയ ആപത്ത് ക്ഷണിച്ചു വരുത്തുമെന്ന് എം.കെ.സലീം പറഞ്ഞു.
കേന്ദ്ര നിയമം നിലവിലിരിക്കെ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റിന്റെ അധീനതയില്‍ സംരക്ഷിക്കപ്പെടേണ്ട മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ പ്രകൃതി വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പരിസ്ഥിതി പ്രവര്ത്തകന് ശ്രീജിത് തൃക്കടവൂര്‍ പറഞ്ഞു. റാംസര്‍ സമ്മേളന പ്രഖ്യാപനം വഴി അംഗീകരിക്കപ്പെട്ട ഒന്നാണ് ആശ്രാമം. അത് സംരക്ഷിക്കേണ്ടത് ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകൃതിയെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട ഗവ: ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതിലൂടെ ശുദ്ധവായു ശ്വസിക്കുവാനുള്ള ജീവജാലങ്ങളുടെ അവകാശത്തെയാണ് അനധികൃത നിര്‍മ്മാണത്തിലൂടെ ചോദ്യം ചെയ്യുന്നതെന്ന് സാമൂഹ്യനീതി കര്‍മ്മസമിതി ജില്ലാ അദ്ധ്യക്ഷന്‍ അശോകന് വാളത്തുംഗല്‍ അഭിപ്രായപ്പെട്ടു. മനുഷ്യത്വം നഷ്ടപ്പെട്ടവര്‍ ഗുരുദേവനെപ്പോലുള്ള മഹാത്മാക്കളുടെ പേര് ഇതിനു വേണ്ടി ദുരുപയോഗം ചെയ്യുന്നതില്‍ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും കൂട്ടായ്മയെ അഭിവാദ്യം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ആശ്രാമം മൈതാനത്തെ സംരക്ഷിക്കേണ്ടത് മാനുഷിക ധര്‍മ്മമാണെന്ന് പ്രകൃതിസംരക്ഷണ വേദി സംസ്ഥാന സഹ സംയോജകന്‍ മഞ്ഞപ്പാറ സുരേഷ് അഭിപ്രായപ്പെട്ടു. വ്യക്തമായ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകൃതിസംരക്ഷണ വേദി ജില്ലാ കണ്‍വീനര്‍ എം.വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് ജനറല്‍സെക്രട്ടറി ജയന് പട്ടത്താനം സ്വാഗതവും തെക്കേക്കാവ് മോഹനന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: