അബുദാബി: യുസ്വേന്ദ്ര ചഹലിന്റെ സ്പിന്നും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും നായകന് വിരാട് കോഹ്ലിയുടെയും അര്‍ധ സെഞ്ചുറികളും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് അനായാസ വിജയം സമ്മാനിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു.
രാജസ്ഥാന് റോയല്‍സ് മുന്നോട്ടുവച്ച 155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 19.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എടുത്തു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ ആറു വിക്കറ്റിന് 154 റണ്‍സാണ് എടുത്തത്. 24 റണ്‍സിന് രാജസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്ത ചഹലാണ് കളിയിലെ കേമന്‍.
ഓപ്പണര്‍ ആരോണ്‍ ഫിഞ്ചി (8)നെ തുടക്കത്തില്‍ നഷ്ടമായയെങ്കിലും ദേവ്ദത്ത് പടിക്കലും കോഹ്ലിയും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്സിനെ വിജയത്തിലേക്ക് നയിച്ചു. പടിക്കല്‍ 45 പന്തില്‍ ആറു ഫോറും ഒരു സിക്സറും അടക്കം 63 റണ്‍സ് കുറിച്ചു. ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട വിരാട് കോഹ്ലി 72 റണ്‍സുമായി അജയ്യനായി നിന്നു. 53 പന്തില്‍ ഏഴു ഫോറും രണ്ട് സിക്സറും അടിച്ചു. ഇതോടെ കോഹ്ലി ഐപിഎല്ലില്‍ 5500 റണ്‍സ് കടന്നു. എബി ഡിവില്ലിയേഴ്സ് പത്ത് പന്തില്‍ 12 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ടോസ് നേടി ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സിനെ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് പിടിച്ചുകെട്ടിയത്. നാല് ഓവറില്‍ 24 റണ്‍സിന് മലയാളി താരം സഞ്ജു സാംസണിന്റേതടക്കം മൂന്ന് വിക്കറ്റ് പോക്കറ്റിലാക്കി. ആദ്യ മത്സരങ്ങളില്‍ തകര്‍ത്തുകളിച്ച ക്യാപ്റ്റന്‍ സ്മിത്തും (5), സഞ്ജു സാംസണും (4) അനായാസം കീഴടങ്ങിയതോടെ വമ്പന്‍ സ്കോര്‍ എന്ന രാജസ്ഥാന്റെ സ്വപ്നം തകര്‍ന്നു. മഹിപാല്‍ ലോംറോര്‍, രാഹുല്‍ തെവാതിയ എന്നിവര്‍ പൊരുതിയതോടെയാണ് സ്കോര്‍ 150 കടന്നത്. മഹിപാല്‍ 39 പന്തില്‍ 47 റണ്‍സ് കുറിച്ചു. മൂന്ന് സിക്സറും ഒരു ഫോറും നേടി. തെവാതിയ 12 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് സിക്സര്‍ ഉള്‍പ്പെട്ട ഇന്നിങ്സ്. ഓപ്പണര്‍ ജോസ് ബട്ലര് 12 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സറും അടക്കം 22 റണ്‍സ് എടുത്തു.
നാല് മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മൂന്നാം വിജയമാണിത്. ഇതോടെ ആറു പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്തെത്തി.
സ്കോര്‍: രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ ആറു വിക്കറ്റിന് 154 (മഹിപാല്‍ 47, തെവാതിയ 24 നോട്ടൗട്ട്) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 19.1 ഓവറില്‍ രണ്ട് വിക്കറ്റിന് 158.
പ്രതികരിക്കാൻ ഇവിടെ എഴുതുക: