കാസര്‍കോട്: പാമ്പുകടിയേറ്റു മരിച്ച പിഞ്ചുബാലന്റെ കുടുംബത്തോട് പാവങ്ങള്‍ക്കൊപ്പമെന്ന് പറയുന്ന പിണറായി സര്‍ക്കാറിന്റെ നീതിനിഷേധം തുടരുന്നു. കുടുംബത്തിന് വീട് നല്‍കുമെന്ന വാക്ക് വിശ്വസിച്ച് തറ കെട്ടിയ കുടുംബം വെട്ടിലായി. ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പദ്ധതിയില്‍ തറ പൂര്‍ത്തിയാക്കിയ കുടുംബത്തോട് പണം തരാന്‍ വകുപ്പില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
എന്മകജെ പഞ്ചായത്തിലെ കജംപാടി പട്ടികജാതി കോളനിയിലെ കാന്തപ്പ-കുസുമം ദമ്പതികളും രണ്ട് പിഞ്ചു കുട്ടികളും അടങ്ങുന്ന കുടുംബം പഞ്ചായത്ത് അധികൃതരുടെ അനാവസ്ഥകൊണ്ട് നരകിക്കുകയാണ്. 2019 സപ്തംബര്‍ നാലിന് പുലര്‍ച്ചെയാണ് രണ്ടുവയസുകാരനായ മകന് ദീപക് പാമ്പ് കടിയേറ്റു മരിച്ചത്. ചെറ്റക്കുടിലില്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ പാമ്പ് കടിക്കുകയായിരുന്നു.
തുടര്‍ന്നാണ് അടച്ചുറപ്പ് പോലും ഇല്ലാതെ ഓലക്കുടിലില്‍ കഴിയുന്ന പട്ടികജാതി കുടുംബത്തിന്റെ കണ്ണീര്‍കഥകള്‍ പുറംലോകം അറിഞ്ഞത്. ബിജെപി നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ രൂപവാണി ആര് ഭട്ടിന്റെ ഇടപെടലിനെ തുടര്‍ന്ന് റവന്യു, വനം, പട്ടികജാതി, ശിശുക്ഷേമ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ കോളനിയിലെത്തുകയും ദുരിതം നേരിട്ടു ബോദ്ധ്യപ്പെടുകയും ചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് കോളനിയില്‍ നടപ്പാക്കി തുടങ്ങിയ ഒരു കോടിയുടെ വികസന പദ്ധതികളുടെ ഒപ്പം വീട് നിര്‍മ്മാണം ആരംഭിക്കാനും നടപടിയായി.
വീട് പാസായെന്നും തറ കെട്ടാന്‍ തുടങ്ങിക്കോ എന്നും സെക്രട്ടറി കാന്തപ്പയെ അറിയിച്ചു. പഞ്ചായത്തില്‍ എഗ്രിമെന്റ് വെച്ച ശേഷം കഴിഞ്ഞ മാര്‍ച്ചില്‍ തറ കെട്ടി. നാല് മാസം കഴിഞ്ഞിട്ടും കുടുംബത്തിന് ചില്ലിക്കാശ് നല്‍കിയില്ല. നിരന്തരം പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം. കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു നിര്‍വ്വഹണ ഉദ്യോഗസ്ഥനെ നിയോഗിച്ച പദ്ധതി നിയമാനുസരണം അല്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. സ്വന്തമായി സ്ഥലം ഇല്ലാത്തതിന്റെ പേരില്‍ വീട് നിര്‍മ്മാണത്തിന് ഫണ്ട് നല്കാന് കഴിയില്ലെന്ന് പറഞ്ഞാണ് മാസങ്ങളോളം ഈ കുടുംബത്തെ ഉരുട്ടിയത്. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ആ വാദം പൊളിഞ്ഞിരുന്നു. തുടര്‍ന്നാണ് പദ്ധതി തന്നെ പൊളിയാണെന്ന് പറഞ്ഞു തറ കെട്ടിയിട്ടും കാന്തപ്പയ്ക്ക് വീട് നിര്‍മ്മാണത്തിന് പണം നിഷേധിക്കുന്നത്.
കജംപാടി കോളനിയിലെ കാന്തപ്പയുടെ കുടുംബത്തിന് ബോധപൂര്‍വ്വം നീതി നിഷേധിക്കുകയാണ്. വീടിന് പണം നല്കാതിരിക്കാന് പഞ്ചായത്ത് അധികൃതര്‍ ഉന്നയിക്കുന്ന വാദം വിചിത്രമാണ്. ആസൂത്രണ സമിതി പാസാക്കിയ പദ്ധതി നിയമാനുസരണം അല്ലെന്ന് ഇപ്പോള്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നാണ് വാര്‍ഡ് അംഗം രൂപവാണി ആര് ഭട്ട് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: